വയനാട്ടിൽ സമഗ്ര പാക്കേജ് സർക്കാരുകൾ നടപ്പാക്കണം: എം.വി. ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം ∙ വയനാട്ടിൽ അടിയന്തരമായി വനം, വന്യജീവി, ജനജീവിതം എന്നിവ ഉൾപ്പെടുത്തി സമഗ്ര പാക്കേജ് നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടു എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ വനം വകുപ്പ് ആസ്ഥാന ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യജീവി വർധന ഒഴിവാക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണം. വന്യജീവികളെ ഭയന്ന് കർഷകർ കൃഷി ഭൂമി ഉപേക്ഷിച്ച് പോകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ഒ.ആർ.കേളു, കെ.പി.മോഹനൻ, സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ, ,സിപിഐ വയനാട് അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ, എൻസിപി നേതാവ് സി.എം.ശിവരാമൻ, കേരള കോൺഗ്രസ് (എം) നേതാവ് കെ.ജെ.ദേവസ്യ, ആർജെഡി നേതാവ് കെ.കെ. ഹംസ, കർഷക സംഘം സംസ്ഥആന പ്രസിഡന്റ് എം. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.