ADVERTISEMENT

ബത്തേരി∙ ബന്ദിപ്പൂർ മേഖലയിൽ വനപാതയിലിറങ്ങി കാട്ടാനക്കൂട്ടത്തിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച സഞ്ചാരികൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരാൾ‌ ആനയുടെ കാലുകൾക്കും തുമ്പിക്കയ്യിനുമിടയിൽ പെട്ടെങ്കിലും ഉരുണ്ടുമാറുകയായിരുന്നു. എതിർദിശയിൽ നിന്നു വന്ന ലോറി കണ്ട് ആന കാട്ടിലേക്കു തിരിച്ചുകയറിയതോടെയാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്. സംഭവം നടക്കവേ അതുവഴിയെത്തിയ കാർ യാത്രക്കാർ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു. ബത്തേരി– മൈസൂരു– കൊല്ലെഗൽ ദേശീയപാത 766 ൽ സംസ്ഥാന അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ മാറി കർണാടക ബന്ദിപ്പൂർ വനമേഖലയിലെ അബ്ബളയിൽ 31 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 

കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന തലപ്പുഴ കണ്ണോത്തുമല ചോലയിൽ സവാദ് ആണ് ദൃശ്യം പകർത്തിയത്. സവാദ് പറയുന്നത്: ‘ഖത്തറിൽ നിന്ന് അവധിക്കു നാട്ടിൽ വന്നപ്പോൾ കുടുംബാംഗങ്ങളോടൊപ്പം ബത്തേരി– ബന്ദിപ്പൂർ– മസിനഗുഡി വഴി ഊട്ടിയിലേക്കു പോവുകയായിരുന്നു. രാവിലെ പത്തര കഴിഞ്ഞതോടെ സംസ്ഥാന അതിർത്തി കടന്ന് ബന്ദിപ്പൂർ വനമേഖലയിലേക്ക് പ്രവേശിച്ചു. കുറച്ചു കഴിഞ്ഞപ്പോഴാണ് ചുവപ്പു നിറത്തിലുള്ള ഇതര സംസ്ഥാന റജിസ്ട്രേഷൻ കാർ വഴിയരികിൽ നിർത്തി രണ്ടു പേരിറങ്ങി കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യം പകർത്തുന്നതു കണ്ടത്. 

അവരെ മറികടന്നു പോയ ഉടൻ പിന്നിലേക്കു നോക്കുമ്പോൾ കാട്ടാനകളിലൊന്ന് റോഡ് കുറുകെ കടന്ന് സഞ്ചാരികൾക്കരികിലേക്ക് ഓടിയടുക്കുന്നതു കണ്ടു. നിമിഷങ്ങൾ‌ക്കുള്ളിൽ ‍ആന അവർക്കരികിലെത്തി. അവരുടെ ഡ്രൈവർ കാർ മുന്നോട്ടെടുത്തെങ്കിലും ഇരുവർക്കും കാറിൽ കയറാൻ കഴിഞ്ഞില്ല. കാറിനൊപ്പം ഓടിയവർക്കു പിന്നാലെ കാട്ടാനയും കുതിച്ചെത്തി. തരിച്ചു പോയ നിമിഷം. ഞങ്ങൾക്കൊപ്പമുള്ളവർ അതു കണ്ട് നിലവിളിച്ചു പോയി. കാട്ടാന തൊട്ടടുത്തെത്തിയപ്പോൾ ഒരാൾ നിലത്തു വീണു. 

വീണു കിടക്കുന്ന ആളെ തുമ്പിക്കൈ ഉപയോഗിച്ച് തട്ടിയെറിയാനും ചവിട്ടാനും കാട്ടാന ശ്രമിച്ചെങ്കിലും അയാൾ കാലിനും തുമ്പിക്കയ്യിനും ഇടയിലൂടെ ഉരുണ്ടു മാറുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാമത്തെയാളെ ആക്രമിക്കാൻ തുടങ്ങുമ്പോൾ എതിർദിശയിൽ നിന്നു ലോറി വന്നതോടെ ആന തിരികെ റോഡിനപ്പുറത്തേക്ക് പോയി. മൂന്നു കാട്ടാനകളെയാണ് വഴിയരികിൽ കണ്ടത്. അതിൽ ഒരു കുഞ്ഞുമുണ്ടായിരുന്നു. അതായിരിക്കാം ആനയെ പ്രകോപിപ്പിച്ചത്. യാത്രയ്ക്കിടെ വനപാതകളിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പു നൽകാനാണു ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതെന്നും സവാദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com