ADVERTISEMENT

മാനന്തവാടി ∙ ഒരു ദിനം മുഴുവൻ മാനന്തവാടിയെ മുൾമുനയിൽ നിർത്തിയ കാട്ടാനയെ മയക്കുവെടി വച്ചു പിടികൂടിയപ്പോൾ പഴമക്കാരുടെ ഓർമകളിൽ നിറഞ്ഞത് സബ് കലക്ടറായിരുന്ന പി. മാരാപാണ്ഡ്യൻ 1987ൽ നഗരത്തിലിറങ്ങിയ കാട്ടാനയെ വെടിവച്ചു കൊന്ന സംഭവം.  പുലർച്ചെ മാനന്തവാടി ടൗണിലിറങ്ങിയ കാട്ടാന അന്ന് ഒരു ജീവൻ അപഹരിച്ചു.  ഉന്നത അധികാരികളുടെ നിർദേശത്തിന് കാത്തു നിന്നു തെല്ലും സമയം കളയാതെ സബ് കലക്ടർ തന്നെ കൊലയാളിയായ കാട്ടാനയെ വെടിവയ്ക്കാൻ ഉത്തരവിടുകയായിരുന്നെന്നും അണ്ണൻ എന്ന പൊലീസുകാരനാണു വെടിയുതിർത്തതെന്നും പരിസരവാസിയായ പി.പി. അനിൽകുമാർ പറയുന്നു.

അമ്പുകുത്തി കുരിശുപള്ളിയുടെ പിന്നിലെ കാപ്പിത്തോട്ടത്തിൽ വച്ചാണ് ആനയെ വെടിവച്ചു കൊന്നത്. ഇപ്പോഴത്തേതു പോലെ വന്യമൃഗശല്യം രൂക്ഷമല്ലാതിരുന്ന അക്കാലത്ത് നഗരത്തിൽ ആന ഇറങ്ങിയതും പൈപ്പിൽ വെള്ളമെടുക്കാൻ പോയ യുവാവിനെ കൊലപ്പെടുത്തിയതും തുടർന്ന് ആനയെ വെടിവച്ച് കൊന്നതും വലിയ ചർച്ചയായിരുന്നു. 1987 ജൂൺ 26നാണ് പുലർച്ചെ 5.30 ഒാടെ യാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്.

പരവൻകണ്ടിയിൽ ശ്രീധരന്റെയും ലീലയുടെയും മകൻ സനൽകുമാർ(17) ആണു മരിച്ചത്. ഡിഎഫ്ഒയുടെ എതിർപ്പ് മറികടന്നാണ് സബ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചതെന്നു കൊല്ലപ്പെട്ട സനിൽകുമാറിന്റെ സഹോദരൻ ഒാട്ടോറിക്ഷ ഡ്രൈവറായ ബാബു പറഞ്ഞു. കേവലം 5000 രൂപമാത്രമാണ് അന്നു നഷ്ടപരിഹാരമായി ലഭിച്ചത്. 

കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും പാലിക്കപ്പെട്ടുമില്ല. കാട്ടാനയെ വെടിവയ്ക്കാൻ ഉത്തരവിട്ടതിന്റെ പേരിൽ വനപാലകരും സബ് കലക്ടറും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും കാട്ടാനയെ കാട്ടിൽ വളർത്തിയാൽ മതി നാട്ടിലിറങ്ങി ആളെ കൊന്നാൽ ആനയെയും വെടിവച്ച് കൊല്ലുമെന്നും അന്ന് സബ് കലക്ടർ പറഞ്ഞതായും നാട്ടുകാർ ഓർക്കുന്നു.

മാനന്തവാടി സബ് ട്രഷറിക്കു മുന്നിലൂടെ പോകുന്ന തണ്ണീർക്കൊമ്പൻ.
മാനന്തവാടി സബ് ട്രഷറിക്കു മുന്നിലൂടെ പോകുന്ന തണ്ണീർക്കൊമ്പൻ.

തണ്ണീർക്കൊമ്പന്റെ വിളയാട്ടം; ചവിട്ടി അരയ്ക്കപ്പെട്ടത് ഷാജിയുടെ പ്രതീക്ഷ
മാനന്തവാടി ∙ നഗരഹൃദയത്തിലെ പാട്ടത്തിനെടുത്ത വയലിൽ ഏറെ പ്രതീക്ഷയോടെ ഇറക്കിയ കൃഷി കേരള അതിർത്തി കടന്നെത്തിയ തണ്ണീർക്കൊമ്പന്റെ വിളയാട്ടത്തിൽ ചവിട്ടിയരക്കപ്പെട്ടതോടെ പടയൻ ഷാജിയെന്ന കർഷകനും പ്രതിസന്ധിയിലായി. പത്മനാഭന്റെ ഒരേക്കർ വയലിൽ 1000 വാഴകളാണു ഷാജി കൃഷിയിറക്കിയത്. വായ്പ എടുത്താണു കൃഷി ഇറക്കിയത്. കരുത്തോടെ വളർന്ന വാഴകളാണ് ഒരു പകൽ മുഴുവൻ തണ്ണീർ കൊമ്പൻ ചവിട്ടിമെതിച്ചത്. എത്ര വാഴകൾ നശിച്ചെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വനംവകുപ്പിൽ നിന്ന് അർഹമായ നഷ്ടപരിഹാരം പ്രതീക്ഷിക്കുന്നതായും ഷാജി മനോരമയോട് പറഞ്ഞു. സമീപത്തെ തേക്കുംകുടി മത്തായിയുടെ നൂറിലധികം വാഴകളും തൊട്ടടുത്ത മണിയുടെ വയൽ പാട്ടത്തിനെടുത്ത് 700 വാഴകൾ കൃഷി ചെയ്ത രാജൻ എന്ന കർഷകന്റെ വാഴകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്.

പട്ടാപ്പകൽ മാനന്തവാടി നഗരമധ്യത്തിൽ കാട്ടാന
മാനന്തവാടി ∙ പട്ടാപ്പകൽ നഗരമധ്യത്തിൽ കാട്ടാനയിറങ്ങിയതോടെ ഹർത്താൽ പ്രതീതിയിലായിരുന്നു മാനന്തവാടി പട്ടണം. സമീപഗ്രാമങ്ങളിൽ പലതവണ കാട്ടാനയിറങ്ങാറുണ്ടെങ്കിലും പട്ടണത്തിൽ വർഷങ്ങൾക്കു ശേഷമാണു കാട്ടാനയെത്തുന്നത്. കാട്ടാനയെ തുരത്തണമെങ്കിൽ ഏറ്റവും അടുത്ത കാട് 10 കിലോമീറ്റർ ദൂരയാണെന്നതും വെല്ലുവിളിയായി.രാവിലെ സ്കൂളിലേക്കു കുട്ടികളെ വിടാനെത്തിയവർ നഗരത്തിൽ കാട്ടാനയിറങ്ങിയെന്ന വാർത്ത പരന്നതോടെ ഭയചകിതരായി. 8.30നാണു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. അപ്പോഴേക്കും ചിലരെല്ലാം സ്കൂളിലെത്തിത്തുടങ്ങിയിരുന്നു. സ്കൂളിലെത്തിയവർ സ്കൂളിൽ സുരക്ഷിതരായി നിൽക്കട്ടെയെന്ന നിലപാട് അധികൃതർ കൈക്കൊണ്ടു.

ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തെത്തുടർന്ന് മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടപ്പോൾ. കാട്ടാനയെ കാണാൻ പോകുന്ന ജനക്കൂട്ടത്തെയും കാണാം
ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തെത്തുടർന്ന് മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടപ്പോൾ. കാട്ടാനയെ കാണാൻ പോകുന്ന ജനക്കൂട്ടത്തെയും കാണാം

പിന്നീട് തണ്ണീർക്കൊമ്പൻ വാഴത്തോട്ടത്തിലേക്കു മാറിയപ്പോൾ കുട്ടികളെ രക്ഷിതാക്കൾ തിരികെ കൊണ്ടുപോയി. വ്യാപാര സ്ഥാപനങ്ങളെല്ലാം അധികൃതർ അടപ്പിച്ചതോടെ കച്ചവടക്കാരും ബുദ്ധിമുട്ടിലായി. ഇന്നലെ വൈകിട്ട് നറുക്കെടുക്കേണ്ട ലോട്ടറികൾ കച്ചവടം നടത്താനാകാതെ ബിസിനസ് നഷ്ടമായതിന്റെ വിഷമത്തിലായിരുന്നു ലോട്ടറി ഏജന്റുമാർ. നഗരത്തിലെത്തുന്നവർക്കായി നേരത്തെ തയാറാക്കിയ ഭക്ഷണം കളയേണ്ടിവന്ന ഹോട്ടലുകളും ഏറെ.നഗരത്തിൽ കനത്ത പൊലീസ് പരിശോധനയും ഗതാഗത നിയന്ത്രണവുമുണ്ടായിരുന്നു. നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചെങ്കിലും വകവയ്ക്കാതെ ജനം കാട്ടാനയെ കാണാൻ ഒഴുകിയെത്തി. ആന നിലയുറപ്പിച്ച വാഴത്തോട്ടത്തിനു മുകളിലാണ് ചുണ്ടക്കുന്ന് കോളനി. ക്ഷേത്രവും വിദ്യാർഥികൾ ഏറെയുള്ള ട്രൈബൽ ഹോസ്റ്റലുമെല്ലാം തൊട്ടടുത്തുതന്നെ. വാഴത്തോട്ടത്തോടു ചേർന്ന് ഒട്ടേറെ വീടുകളുമുണ്ട്.

ഏതുനിമിഷവും വന്യജീവി പ്രകോപിതനായേക്കാമെന്നതിനാൽ എത്രയും പെട്ടെന്ന് ആനയെ സ്ഥലത്തു നിന്നു മാറ്റുക എന്നത് മാത്രമായിരുന്നു പോംവഴി. വൈകുന്ന ഓരോ നിമിഷത്തിനും വലിയ വില നൽകേണ്ടി വരുന്ന അവസ്ഥ. കാട്ടാന പല സ്ഥലങ്ങളിലേക്കു മാറി നിലയുറപ്പിച്ചപ്പോഴൊക്കെയും അതിനനുസരിച്ചു ജനക്കൂട്ടവും സ്ഥലം മാറിക്കൊണ്ടിരുന്നു. പലരും കാട്ടനയെ ഏറ്റവും നന്നായി കാണാനാകുന്ന സ്ഥലം തേടി റോഡിലൂടെ ഓടുന്നതും കാണാമായിരുന്നു. ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ തടിച്ചുകൂടി. വനമേഖലയില്ലാത്ത എടവക പഞ്ചായത്തിലെ ജനവാസ മേഖലയിലാണു കാട്ടാന ആദ്യമെത്തിയത്. പിന്നീടു മാനന്തവാടി നഗരസഭയിലേക്കു നീങ്ങിയ കാട്ടാന പ്രദേശത്താകെ വൻ ഭീതിയാണുണ്ടാക്കിയത്.

മാനന്തവാടിയെ മുൾമുനയിൽ നിർത്തിയ രാവും പകലും
മാനന്തവാടി ∙ ഒരു രാത്രിയും പകലും മുഴുവൻ മാനന്തവാടി നഗരത്തെയും സമീപപ്രദേശങ്ങളെയും മുൾമുനയിൽ നിർത്തിയശേഷമാണു 25 വയസ്സ് പ്രായമുള്ള തണ്ണീർക്കൊമ്പനെ വനംവകുപ്പിനു മയക്കു വെടിവയ്ക്കാനായത്. താലൂക്ക് ഓഫിസ്, സബ് ട്രഷറി, ട്രാഫിക് പൊലീസ് സ്റ്റേഷൻ, കോടതി സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്ന നഗരമധ്യത്തിലൂടെ നീങ്ങിയ കാട്ടാന പലതവണ ജനങ്ങൾക്കു നേരെ കുതിച്ചെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാകാഞ്ഞത് ആശ്വാസം. തഹസിൽദാരുടെ മുറിക്കു മുന്നിലൂടെയും വനംവകുപ്പ് ഗെസ്റ്റ്ഹൗസിനു മുന്നിലൂടെയുമെല്ലാം കാട്ടാന നീങ്ങി. ഒടുവിൽ 9 മണിയോടെ നഗരമധ്യത്തിലെ വാഴത്തോട്ടത്തിൽ നിലയുറപ്പിച്ചു.

വ്യാഴം രാത്രി 11.30നാണു മറ്റു 2 കാട്ടാനകൾക്കൊപ്പം തണ്ണീർക്കൊമ്പനെ വനപാലകർ തലപ്പുഴയിലെ ജനവാസമേഖലയിൽ കണ്ടെത്തിയത്. കൂട്ടത്തിലെ 2 ആനകളെ കാട്ടിലേക്കു തുരത്തിയെങ്കിലും റേഡിയോ കോളർ ഘടിപ്പിച്ച തണ്ണീർക്കൊമ്പൻ ജനവാസമേഖലയിൽ തുടർന്നു. തുരത്താനുള്ള ശ്രമത്തിനിടെ ഇന്നലെ രാവിലെ അഞ്ചരയോടെ കൊമ്പൻ എടവക പഞ്ചായത്തിലെ പായോട്, പാണ്ടിക്കടവ് പ്രദേശങ്ങളിൽ എത്തി. പായോട് ഗ്രാമത്തിലെ വീടുകൾക്കു മുന്നിലൂടെ നടുറോഡിലൂടെ കൊമ്പൻ നടന്നുനീങ്ങി.

പാൽ അളക്കാൻ പോയ ക്ഷീരകർഷകർ വിവരമറിയിച്ചതിനെത്തുടർന്നു വനപാലകർ എത്തിയെങ്കിലും ആന ചാമാടിപ്പൊയിലിൽ മാനന്തവാടി പുഴ നീന്തിക്കടന്നു നഗരത്തിലേക്കു നീങ്ങി. താഴെയങ്ങാടി സമരിറ്റൻ ഭവൻ വളപ്പിലൂടെ താലൂക്ക് ഓഫിസ് സ്ഥിതി ചെയ്യുന്ന കുന്നിലേക്കെത്തി. പിന്നീട് ചുണ്ടക്കുന്ന് ക്ഷേത്രത്തിനു സമീപത്തുകൂടി റോഡിനു താഴെയുള്ള കൊല്ലിയിലെത്തി നിലയുറപ്പിച്ചു. ഇവിടെ ചതുപ്പുനിറ‍ഞ്ഞ വയൽപ്രദേശത്തെ വാഴത്തോട്ടത്തിൽ വൈകിട്ടു വരെ കാട്ടാന നിന്നു.

മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് കിട്ടാൻ വൈകുന്തോറും വനംവകുപ്പിനെതിരെ പ്രതിഷേധം ഉയർന്നു. നഗരത്തിലെ സ്കൂളുകൾക്ക് തഹസിൽദാർ‍ അവധി നൽകി. പ്രദേശത്ത് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 3 മണിയോടെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറങ്ങി. നിരോധനാജ്ഞ വകവയ്ക്കാതെ ജനങ്ങൾ കാട്ടാനയെ കാണാൻ തടിച്ചുകൂടിയിരുന്നു. അതിനിടെ രണ്ടുതവണ കാട്ടാന വാഴത്തോട്ടത്തിൽ നിന്നു പുറത്തേക്കു വന്നു നാട്ടുകാർക്കു നേരെ ചീറിയടുത്തു. വനപാലകർ ആനയെ വാഴത്തോട്ടത്തിലേക്കു തന്നെ തുരത്തി. 3.30 തോടെ മയക്കുവെടി വയ്ക്കാൻ ഒരുക്കങ്ങളായി. വിക്രം, സൂര്യ, സുരേന്ദ്രൻ കുങ്കിയാനകളും സജ്ജരായി നിന്നു.

ഏറെ പണിപ്പെട്ട് 5.15 ഓടെയാണു കാട്ടാനയെ മയക്കുവെടി വയ്ക്കാൻ സുരക്ഷിതമായ സ്ഥലത്തേക്കു വനപാലകർക്കു മാറ്റാനായത്. കല്ലെറിഞ്ഞും ശബ്ദമുണ്ടാക്കിയും പടക്കംപൊട്ടിച്ചുമുള്ള ശ്രമകരമായ ദൗത്യത്തിനിടെ കാട്ടാന വാഴത്തോട്ടത്തിൽ നിന്നു ചുണ്ടക്കുന്നിൽ തടിച്ചുകൂടിയ നാട്ടുകാർക്കിടയിലേക്ക് ഓടിക്കയറിയതു ഭീതി പരത്തി. അവിടെനിന്നു താഴേക്ക് ഇറക്കിയശഷം ആദ്യഡോസ് മയക്കുവെടി വച്ചു. അത് കാട്ടാനയുടെ ദേഹത്തു കൊണ്ടു തെറിച്ചുപോയി.

തുടർച്ചയായ പടക്കമേറിൽ പേടിച്ചുപോയ കാട്ടാന പിന്നീട് വാഴത്തോട്ടത്തിനു പുറത്തേക്കു വന്ന് അനങ്ങാതെ നിന്നു. ആനയുടെ 20 മീറ്റർ അടുത്തെത്തിയ ദൗത്യസംഘത്തിനു രണ്ടാമത്തെ മയക്കുവെടി കൃത്യമായി വയ്ക്കാനായി. സിറിഞ്ച് കൊണ്ട ഭാഗത്തേക്കു വേദനയകറ്റാനായി മണ്ണുതൂകിയെറി‍ഞ്ഞുകൊണ്ട് തണ്ണീർക്കൊമ്പൻ നിന്നു. പിന്നീട് 2 തവണ കൂടി മയക്കുവെടി വച്ചപ്പോഴാണ് ആന പൂർണമായി വരുതിയിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com