ADVERTISEMENT

അമ്പലവയൽ ∙ സന്ദർശകരുടെ ഇഷ്ട കേന്ദ്രമായി വയനാട് മാറുമ്പോൾ മാലിന്യങ്ങൾ വലിച്ചെറിയുന്നതും പതിവാകുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ചേർന്നുള്ള റോഡ് അരികുകളിലെല്ലാം മാലിന്യം കുന്നുകൂടുകയാണ്. വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഭക്ഷണം കഴിക്കുന്നതിന്റെ അവശിഷ്ടങ്ങളും അവ കെ‍ാണ്ടു വരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും വലിച്ചെറിയുന്നതും പതിവാണ്. തുടർച്ചയായ അവധികൾ എത്തുമ്പോൾ ജില്ലയിലെ ഒ‍ൗദ്യോഗിക വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ലക്ഷങ്ങളാണ് സന്ദർശകരായി എത്തുന്നത്. റിസോർട്ടുകൾ, വില്ലകൾ, ഹോംസ്റ്റേ എന്നിവിടങ്ങളിൽ ചെലവഴിക്കാനെത്തിയവരുടെ എണ്ണം കൂടിയാകുമ്പോൾ ജില്ലയിലേക്ക് ഇൗ ദിവസങ്ങളിലെത്തിയവരുടെ സംഖ്യ പിന്നെയും ഉയരും. വിനോദ സഞ്ചാരികൾ കൂടുമ്പോൾ പെ‍ാതു ഇടങ്ങളിൽ മാലിന്യവും  വർധിക്കുന്ന സാഹചര്യമാണ്. 

കാരാപ്പുഴ ഡാമിന് സമീപത്തെ റോഡരികിൽ മാലിന്യം തള്ളിയ നിലയിൽ.
കാരാപ്പുഴ ഡാമിന് സമീപത്തെ റോഡരികിൽ മാലിന്യം തള്ളിയ നിലയിൽ.


ഭക്ഷണം കഴിക്കും; മാലിന്യവും തള്ളും
വലിയ വാഹനങ്ങളിൽ സംഘമായി എത്തുന്നവരാണു കൂടുതലും റോഡ് അരികിലും വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ചേർന്ന് ഒഴിഞ്ഞ പ്രദേശങ്ങളിലും ഇരുന്നു ഭക്ഷണം കഴിച്ച് അവശിഷ്ടങ്ങളും മാലിന്യങ്ങളും അവിടെ തന്നെ തള്ളുന്നത്. അമ്പലവയൽ ടൗണിനോട് ചേർന്ന് ഇത്തരത്തിൽ മാലിന്യം തള്ളിയ വാഹനത്തിന് പഞ്ചായത്ത് പതിനായിരം രൂപ പിഴയിട്ടിരുന്നു. സമാനമായി പലയിടങ്ങളിലും ജില്ലയിലേക്ക് എത്തുന്ന വാഹനങ്ങളിൽ നിന്ന് മാലിന്യങ്ങൾ തള്ളുന്നുണ്ട്.  

കാരാപ്പുഴ ഡാമിനോട് ചേർന്നുള്ള വിവിധ റോഡരികുകളിൽ ഭക്ഷണ മാലിന്യങ്ങൾ നിറയുന്ന സാഹചര്യമാണ്. വാഹനങ്ങളിലെത്തുന്നവർ ഭക്ഷണം കഴിച്ചിട്ട് ഉപേക്ഷിക്കുന്നവയാണ് ഏറെയും. ശനി, ഞായർ പോലുള്ള അവധി ദിവസങ്ങളിലെല്ലാം ജില്ലയിൽ സഞ്ചാരികളുടെ കനത്ത രിക്കാണ്. മാലിന്യം കുന്നുകൂടുന്നതും ഈ ദിവസങ്ങളിലാണ്. ദേശീയ പാതയോരത്തെ റോഡരികുകളിൽ വരെ മാലിന്യം വലിച്ചെറിയുന്നത് വർധിച്ചു. മാലിന്യം പെ‍ാതുയിടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെ അമ്പലവയൽ പഞ്ചായത്ത് അടക്കമുള്ള ചുരുക്കം ചില തദ്ദേശഭരണ സ്ഥാപനങ്ങൾ പിഴയിട്ട് നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിലെന്നും കാര്യമായി നടപടികളില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com