ADVERTISEMENT

കൽപറ്റ ∙ വന്യമൃഗങ്ങളെ തുരത്തുന്നതിനായി ജില്ലയിലെ കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്ന അനധികൃത വൈദ്യുതി വേലികൾ അപകട ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കെഎസ്ഇബി പരിശോധന ശക്തമാക്കുന്നു.  അപകടകരമായ വേലികൾ ശ്രദ്ധയിൽ പെട്ടാൽ തൊട്ടടുത്തുള്ള സെക്‌ഷൻ ഓഫിസിൽ അറിയിക്കണമെന്ന് കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻ‌ജിനീയർ അറിയിച്ചു. പരിശോധനകൾ വ്യാപകമാക്കുന്നതിനും കർശനമായ നടപടികൾ സ്വീകരിക്കാനും ജീവനക്കാർക്കു നിർദേശം നൽകിയതായും അറിയിച്ചു.

ലൈസൻസ് ഉള്ളവരും പ്രവൃത്തി പരിചയമുള്ളവരുമായ വ്യക്തികൾ നിർമിക്കുന്ന വൈദ്യുത വേലി, ബാറ്ററിയിൽ നിന്നുള്ള വൈദ്യുതിയിൽ മാത്രം പ്രവർത്തിക്കുന്നതും അംഗീകൃത നിലവാരമുള്ളതുമായ ‘ഇലക്ട്രിക് ഫെൻസ് എനർജൈസർ’ എന്ന ഉപകരണം സ്ഥാപിച്ചു ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ അംഗീകാരം നേടിയ ശേഷം മാത്രമേ പ്രവർത്തിപ്പിക്കാൻ അനുവാദമുള്ളൂ. കെഎസ്ഇബി കണക്‌ഷനുകളിൽ നിന്നാണ് ബാറ്ററി ചാർജർ പ്രവർത്തിപ്പിക്കുന്നതെങ്കിൽ ബന്ധപ്പെട്ട സെക്‌ഷൻ ഓഫിസിൽ നിന്ന് അനുമതി വാങ്ങണം. മൃഗങ്ങൾ കുടുങ്ങി കിടക്കാത്ത വിധം ശാസ്തീയമായി നിർമിച്ച വേലിയിൽ പലഭാഗങ്ങളിലായി മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണം. 

കെഎസ്ഇബിയിൽ നിന്നു നൽകിയിട്ടുള്ള വൈദ്യുതി കണക്‌ഷനുകളിൽ നിന്നുള്ള ഉയർന്ന ശേഷിയുള്ള വൈദ്യുതി നേരിട്ടു വൈദ്യുതി വേലികളിലേക്കും മൃഗങ്ങളെ വേട്ടയാടുന്നതിനും മത്സ്യബന്ധനത്തിനും മറ്റും ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരവും ഗുരുതരമായ നിയമലംഘനവും ശിക്ഷാർഹമായ കുറ്റവുമാണ്. നിയമ ലംഘനത്തിന് ഇന്ത്യൻ ശിക്ഷാ നിയമം നിഷ്‌കർഷിക്കുന്ന ശിക്ഷാ നടപടികൾക്കു പുറമേ വൈദ്യുതി നിയമം 2003 പ്രകാരവും വന്യജീവി സംരക്ഷണ നിയമ പ്രകാരവുമുള്ള നടപടികളും എടുക്കുന്നതാണെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com