ഓടക്കൊല്ലി – നീരിട്ടാടി ബൈപാസിലെ തകർന്ന സ്ലാബുകൾ മാറ്റിയില്ല
Mail This Article
പനമരം ∙ ഓടക്കൊല്ലി നീരിട്ടാടി ബൈപാസ് റോഡിലെ തകർന്നു കിടക്കുന്ന കോൺക്രീറ്റ് സ്ലാബുകൾ മാറ്റി സ്ഥാപിക്കാൻ നടപടിയില്ല. ഒട്ടേറെ യാത്രക്കാർ സഞ്ചരിക്കുന്ന റോഡിലെ തകർന്ന് അപകട ഭീഷണിയുയർത്തുന്ന സ്ലാബുകൾ മാറ്റി സ്ഥാപിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.രണ്ട് പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 200 മീറ്ററോളം ദൂരമുള്ള കോൺക്രീറ്റ് റോഡിലെ 10 മീറ്ററോളം നീളത്തിലുള്ള കലുങ്കിനു മുകളിലെ സ്ലാബുകളാണു തകർന്നു കമ്പികൾ പൊട്ടി അപകടകരമായ രീതിയിലുള്ളത്. പൊട്ടിയ സ്ലാബ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിനു വർഷങ്ങൾ പഴക്കമുണ്ടെങ്കിലും അധികൃതർ കേട്ടതായി പോലും നടിച്ചിട്ടില്ല.
കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുന്നിലൂടെയുള്ള ഓടക്കൊല്ലി റോഡിൽ നിന്ന് നീരിട്ടാടി റോഡിലേക്ക് ഇറങ്ങുന്ന ഏകവഴി കൂടിയാണിത്. ആശുപത്രിയിലേക്കും സ്കൂൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിലേക്കും ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റോഡ് കൂടിയാണ് ഇത്. ടൗണിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ ഈ റോഡിലൂടെയാണു വാഹനങ്ങൾ മുൻപു കടന്നു പോയിരുന്നത്.6 വർഷം മുൻപ് റോഡിൽ കോൺക്രീറ്റ് പ്രവൃത്തി നടത്തി സ്ലാബ് സ്ഥാപിച്ചെങ്കിലും ഒരു വർഷം തികയും മുൻപു തന്നെ സ്ലാബ് തകർന്നിരുന്നു. ഇതേ തുടർന്ന് ചെറിയ രീതിയിലുള്ള പണികൾ പിന്നീടും നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. ആശുപത്രിയിലേക്കുള്ള രോഗികൾ അടക്കം ഒട്ടേറെ പേർ ആശ്രയിക്കുന്ന റോഡിലെ തകർന്ന കോൺക്രീറ്റ് സ്ലാബുകൾ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.