ADVERTISEMENT

പനമരം ∙ കൊക്കോ വില കുതിച്ചുയരുമ്പോൾ ജില്ലയിലെ കർഷകർക്കു നിരാശ. കാലാവസ്ഥ വ്യതിയാനവും വിലയിലെ ചാഞ്ചാട്ടവും വന്യമൃഗശല്യവും മൂലം കൃഷിയിടത്തിൽ ഉണ്ടായിരുന്ന കൊക്കോ വെട്ടിമാറ്റി മറ്റു കൃഷികൾ ഇറക്കിയവരാണു കൊക്കോ പരിപ്പിനു മുൻപെങ്ങുമില്ലാത്തവിധം വില ഉയർന്നതോടെ നിരാശയിലായത്. നിലവിൽ കൊക്കോ കൃഷി ഉള്ളവർക്ക് ഇക്കുറി വിളവിൽ അൽപം കുറവുണ്ടെങ്കിലും വിലയിൽ ഒട്ടും കുറവില്ലാത്തതിനാൽ കൈ നിറയെ കാശ് നേടാം. വിവിധ കാരണങ്ങളാൽ ഉൽപാദനത്തിലുണ്ടായ കുറവാണ് വില വർധനയ്ക്ക് ഇടയാക്കിയതെന്ന് പറയപ്പെടുന്നു.കഴിഞ്ഞ ദിവസം ജില്ലയിലെ ചില വ്യാപാര സ്ഥാപനങ്ങൾ കർഷകരിൽ നിന്ന് ഉണക്കിയ കൊക്കോ പരിപ്പ് കിലോയ്ക്കു 345 രൂപയ്ക്കാണ് ശേഖരിച്ചത്.

ചരിത്രത്തിൽ ഇതുവരെ ലഭിക്കാത്ത വിലയാണിതെന്നു കർഷകർ പറയുന്നു. മുൻ കാലങ്ങളിൽ 250 വരെ വില വന്നിരുന്നു എന്നാൽ ആദ്യമായാണ് 300 കടക്കുന്നതെന്നു വ്യാപാരികളും പറയുന്നു. ഉണക്ക പരിപ്പിനു ഉള്ളതുപോലെ തന്നെ കൊക്കോ കായ് മുഴുവനായും പച്ചപ്പരിപ്പിനും നല്ല വില ലഭിക്കുന്നുണ്ട്. ഉയർന്ന വില ലഭിക്കുന്ന ഘട്ടത്തിൽ പല കർഷകർക്കും വിപണിയിലെത്തിക്കാൻ കൊക്കോ ഇല്ലാത്ത അവസ്ഥയാണു നിലവിലുള്ളത്. വിലയുള്ളപ്പോൾ വിളവില്ല, വിളവുള്ളപ്പോൾ വിലയില്ല എന്നതാണ് കർഷകരുടെ സ്ഥിതി.ഒരു കാലത്ത് ജില്ലയിലെ കൃഷിയിടങ്ങളിൽ ഒട്ടേറെ കർഷകർ കൊക്കോ കൃഷി ഇറക്കിയിരുന്നു.

എന്നാൽ രോഗ കീടബാധയും കുരങ്ങ് മലയണ്ണാൻ എന്നിവയുടെ ശല്യത്താൽ വിളവ് നഷ്ടപ്പെടുന്നതും ശരാശരി വില ലഭിക്കാതെയും വന്നതോടെയാണു കർഷകർ കൊക്കോ കൃഷിയിൽ നിന്നു പിന്തിരിഞ്ഞ് ജാതി, കുരുമുളക്, അടയ്ക്ക, കാപ്പി അടക്കമുള്ള മറ്റു കൃഷികളിലേക്കു മാറിയത്. മറ്റു പല കാരണങ്ങളാലും കൃഷി ലാഭകരമല്ലാതായതോടെ ചില കർഷകർ കൃഷിയിടത്തിൽ നിന്നു തന്നെ പൂർണമായും കൊക്കോ ഒഴിവാക്കിയിരുന്നു. എന്നാൽ ചില കർഷകർ കുറഞ്ഞ രീതിയിൽ കൃഷി തുടർന്നിരുന്നു. ഇത്തരക്കാർക്കാണ് ഇപ്പോഴുണ്ടായ വിലവർധന മൂലം കോളടിച്ചത്.കാലം മാറിയതോടെ ചുരുങ്ങിയ ചെലവിൽ കൂടുതൽ വരുമാനം തരുന്ന വിളയായി കൊക്കോ കൃഷി മാറിയ ലക്ഷണമാണുള്ളത്.

അയൽ സംസ്ഥാനങ്ങളിലും വേണ്ടത്ര ഉൽപാദനം ഇല്ലാത്തതിനാൽ പുറത്തുനിന്ന് കൊക്കോ പരിപ്പ് എത്താത്ത സാഹചര്യത്തിൽ വീണ്ടും വില ഉയരാൻ സാധ്യതയുണ്ടെന്നു പറയപ്പെടുന്നു. രാജ്യത്തെ കൊക്കോ ഉൽപാദനത്തിന്റെ 40 ശതമാനത്തോളം സംസ്ഥാനത്താണ്. നിലവിൽ ഇടുക്കിയിലാണ് കൂടുതൽ കൃഷിയുള്ളത്. ജില്ലയിൽ നടവയൽ, പുൽപള്ളി അടക്കമുള്ള ചിലയിടങ്ങളിലെ കൃഷിയുള്ളു. കഴിഞ്ഞ ഒന്നുരണ്ടു വർഷമായി പുതുതായി കൊക്കോ കൃഷിയിലേക്ക് ഇറങ്ങിയവരുമുണ്ട്. കാലാവസ്ഥാ വ്യതിയാനവും രോഗകീടബാധയുടെ അതിപ്രസരവും മൂലം പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോ ഉൽപാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ വില വർധനയ്ക്കു കാരണമെന്നും പറയപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com