ADVERTISEMENT

പുൽപള്ളി ∙ സീതാമൗണ്ടിൽ കൃഷിയിടം തീയിട്ടു നശിപ്പിച്ചതായി പരാതി. മിലിട്ടറി റിട്ട. ഡപ്യുട്ടി കമാൻഡന്റ് പുൽപള്ളി ഗ്രീൻവാലി പിണക്കാട്ട് പറമ്പിൽ രാജേഷിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് ഞായർ രാത്രി തീ പടർന്നു വൻനാശമുണ്ടായത്.  2.10 ഏക്കർ തോട്ടം ജൈവ സർട്ടിഫിക്കേഷനിൽ കൃഷി ചെയ്തുവരുന്നതാണ്. കുരുമുളക്, റബർ, കാപ്പി ചെടികളാണു കത്തിനശിച്ചത്. സമീപത്തെ 5 ഏക്കർ വരുന്ന ഒരു തോട്ടം ഏറെ വർഷങ്ങളായി കാടുപിടിച്ചു വന്യമൃഗങ്ങൾ താവളമാക്കിയിരുന്നു. വന്യമൃഗങ്ങളെ തുരത്താൻ അതിൽ തീയിടാനെത്തയവരാകാം തന്റെ തോട്ടത്തിന് തീവച്ചതെന്ന് രാജേഷ് പറയുന്നു.

റബർ തോട്ടത്തിലെ കരിയിലകൾക്ക് തീപിടിച്ചു തോട്ടമാകെ നശിച്ചു. ജലസേചനം നടത്താൻ സ്ഥാപിച്ചിരുന്ന പൈപ്പുകൾ, ജലസംഭരണി എന്നിവയും ചാമ്പലായി. കുരുമുളക് വിളവെടുപ്പ് ആരംഭിച്ചിരുന്നു. വേനൽ ശക്തമാകുന്നതു മുന്നിൽ കണ്ട് റബർമരത്തിൽ പടർത്തിയ കുരുമുളക് വള്ളികൾക്കു പുതയിട്ടിരുന്നു. ഇതിലേക്കും തീ പടർന്നത് വൻനഷ്ടത്തിനിടയാക്കി. വിവരമറിഞ്ഞ് രാജേഷ് സ്ഥലത്തെത്തിയപ്പോൾ തോട്ടം പൂർണമായി നശിച്ചിരുന്നു. അയൽവാസികളുടെ സഹായത്തോടെ പരിസരത്തെ തോട്ടത്തിലേക്കു തീ പടരുന്നത് തടഞ്ഞുവെന്നും രാജേഷ് പറയുന്നു. 6 ലക്ഷത്തോളം രൂപയുടെ ന്ഷടം കണക്കാക്കുന്നു. പുൽപള്ളി പൊലീസിൽ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com