ADVERTISEMENT

കൽപറ്റ ∙ കഴിഞ്ഞ 3 ദിവസങ്ങൾക്കിടെ നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി തെരുവുനായ്ക്കളുടെ കടിയേറ്റത് സ്കൂൾ വിദ്യാർഥികൾ അടക്കം 16 പേർക്ക്. ഓണിവയൽ, വെള്ളാരംകുന്ന്, മടിയൂർകുനി, അമ്പിലേരി മേഖലകളിലാണു തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. ഇവർ കൈനാട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ 2നു 9 പേർക്കും 4ന് 5 പേർക്കും ഇന്നലെ 2 പേർക്കുമാണു കടിയേറ്റത്. കഴിഞ്ഞ 4ന് കൽപറ്റ സ്വദേശികളായ നബീസ, രമണി, ഇന്ദിര, കുഞ്ഞാലി, അഭിനവ് എന്നിവർക്കും ഇന്നലെ കൽപറ്റ സ്വദേശി അരുൺബാബു, അമ്പിലേരി സ്വദേശി ഇസ്മയിൽ എന്നിവർക്കുമാണു തെരുവുനായ്ക്കളുടെ കടിയേറ്റത്. ഇതോടെ ഇൗ മാസം ഇതുവരെ കൽപറ്റ നഗരസഭാ പരിധിയിൽ തെരുവുനായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം 19 ആയി.

പുറത്ത് ഇറങ്ങാൻ കയ്യിൽ വടി കരുതണം
40ലധികം നായ്ക്കളാണു നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. പഴയ ബസ് സ്റ്റാൻഡ് പരിസരം, എച്ച്ഐഎം യുപി സ്കൂളിന് സമീപം, പുതിയ ബസ് സ്റ്റാൻഡ് പരിസരം, പഴയ മാർക്കറ്റ് പരിസരം, ബൈപാസ് പരിസരം എന്നിങ്ങനെ നഗരത്തിലെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം നായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്. മാസങ്ങൾക്കു മുൻപ് പഴയ ബസ് സ്റ്റാൻഡ് പരിസരം, പഴയ മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ തെരുവുനായയുടെ കടിയേറ്റു 9 പേർക്കു പരുക്കേറ്റിരുന്നു. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണു തെരുവുനായ്ക്കളുടെ ആക്രമണ ഭീഷണി നേരിടുന്നത്.

കൂട്ടത്തോടെയെത്തുന്ന തെരുവു നായ്ക്കളുടെ ആക്രമണത്തിൽ നിന്നു പലരും കഷ്ടിച്ചാണു രക്ഷപ്പെടുന്നത്. തെരുവുനായ്ക്കളുടെ ശല്യം വർധിച്ചതോടെ സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പ്രഭാതസവാരി ഉപേക്ഷിച്ചു. മുൻകരുതലായി കൈകളിൽ വടികളുമായി പ്രഭാത സവാരിക്കിറങ്ങുന്നവരുമുണ്ട്. രാവിലെ മദ്രസയിലേക്കു പോകുന്ന വിദ്യാർഥികളും പത്രവിതരണക്കാരും ഭീതിയോടെയാണു ടൗണിലൂടെ കടന്നുപോകുന്നത്. തെരുവുനായ്ക്കൾ റോഡ് കയടക്കുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നുണ്ട്.

ശല്യം രൂക്ഷം ഓണിവയൽ, മടിയൂർകുനി മേഖലകളിൽ
കഴിഞ്ഞ കുറേനാളുകളായിട്ട് ഓണിവയൽ, മടിയൂർകുനി മേഖലകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ 2നു രാവിലെ പത്തോടെ ജോലിക്കു പോവുകയായിരുന്ന ഓണിവയൽ സ്വദേശി എം.കെ. അബുവിനു തെരുവുനായയുടെ കടിയേറ്റിരുന്നു. തുടർന്ന് ഇദ്ദേഹം കൈനാട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മടിയൂർകുനിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ തെരുവുനായയുടെ കടിയേറ്റതു സ്കൂൾ വിദ്യാർഥിനി അടക്കം 10 പേർക്കാണ്. പുറത്തിറങ്ങണമെങ്കിൽ വടി കയ്യിൽ കരുതേണ്ട സാഹചര്യമായിട്ടും അധികൃതർ ഇടപെടുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ആളൊഴിഞ്ഞ പറമ്പുകളിലും മറ്റുമാണു തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുന്നത്. മേഖലയിലെ ഒട്ടേറെ വളർത്തുമൃഗങ്ങൾക്കും കടിയേറ്റതായി നാട്ടുകാർ പറയുന്നു.

തെരുവുനായ്ക്കളെ ഭയന്ന് ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. 10ലധികം നായ്ക്കളാണു ഓണിവയൽ മേഖലയിൽ മാത്രം അലഞ്ഞു നടക്കുന്നത്. സമാനമായ സ്ഥിതിയാണു കൈതക്കൊല്ലി, അഡ്‌ലെയ്ഡ്, വെള്ളാരംകുന്ന് മേഖലകളിലും. കുട്ടികളെ പുറത്തുവിടാൻ ഭയക്കുകയാണ്. തെരുവുനായ് ശല്യത്തിനു ഉടൻ ശാശ്വത പരിഹാരം കാണണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com