ADVERTISEMENT

പുൽപള്ളി ∙ ഇരുളത്തെ സുഗന്ധ മുറുക്കാൻ വ്യാപാരി യുപി നിജാമാബാദ് സ്വദേശി മനോജ് ശങ്കറി(25)നെ ക്രൂരമായി മർദ്ദിച്ച് ഓടയിൽ തള്ളിയ കേസിലെ പ്രതികളെ പിടിക്കാനാവാതെ പൊലീസ്. 25ന് അർധരാത്രി ഇരുളം പള്ളിയുടെ മുന്നിൽ വച്ചാണ് മനോജിനെയും സഹോദരൻ വിനയ് ശങ്കറി(18) നെയും നാലംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. തൂത്തിലേരി ഉത്സവപറമ്പിൽ സുഗന്ധ മുറുക്കാൻ വിറ്റശേഷം ഇരുളത്തേക്ക് ജീപ്പിലെത്തിയപ്പോഴാണു സഹോദരർക്ക് മർദനമേറ്റത്. ജീപ്പ് വാടകയായി 200 രൂപ വേണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടപ്പോൾ 150 രൂപ നൽകിയതിനെ ചൊല്ലി തർക്കമുണ്ടാവുകയും ജീപ്പ് ഡ്രൈവർ ഫോൺ ചെയ്തു വരുത്തിയ 3 പേരും ഡ്രൈവറും ചേർന്നു ക്രൂരമായി മർദിച്ച് ചവിട്ടി ഓടയിലിട്ടെന്നാണു മൊഴി.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മനോജിന്റെ മർദനത്തിൽ മൂത്രസഞ്ചി പൊട്ടിയിരുന്നു. ശസ്ത്രക്രിയ നടത്തി മൂത്രസഞ്ചി പുറത്തെടുത്തു. ചികിത്സയ്ക്കു ശേഷം വിശ്രമം നിർദേശിച്ച് ഡിസ്ചാർജ് ചെയ്ത മനോജും സഹോദരനും ഇരുളത്ത് താമസിക്കാൻ ഭയപ്പെട്ട് ബന്ധുവിന്റെ പുൽപള്ളിയിലെ വാടകവീട്ടിൽ അഭയം തേടിയിരിക്കുകയാണ്. ഉത്സവ സ്ഥലത്ത് നിന്ന് ഇരുളത്തേക്കു മടങ്ങിയ ജീപ്പിലാണ് സഹോദരൻമാർ ‍ചെറിയ മേശയും മുറുക്കാൻ സാധനങ്ങളുമായി കയറിയത്. ഇതരസംസ്ഥാന സ്വദേശികളായ യുവാക്കളെ ക്രൂരമായി മർദിച്ചവരെ പിടികൂടാൻ പൊലീസ് അനാസ്ഥ കാണിക്കുന്നെന്നു നാട്ടുകാർക്ക് പരാതിയുണ്ട്. അക്രമമുണ്ടായ സ്ഥലത്ത് സിസിടിവിയുണ്ട്. അതു പരിശോധിച്ചാൽ പ്രതികളെ തിരിച്ചറിയാമെങ്കിലും അന്വേഷണം വഴിപാടായി മാറുന്നെന്നാണ് ആക്ഷേപം.

പത്തു വർഷമായി മനോജും മൂത്ത സഹോദരനും പുൽപള്ളിയിൽ സുഗന്ധ മുറുക്കാൻ വിറ്റ് ഉപജീവനം നടത്തി വരികയാണ്. മനോജ് അടുത്തിടെയാണ് ഇരുളത്തേക്ക് മാറിയത്. നല്ല കച്ചവടം ലഭിക്കുമെന്നു കരുതിയാണ് ഉത്സവ സ്ഥലത്തെത്തിയത്. അവിടെ കച്ചവടം കുറവായിരുന്നു. ഇക്കാര്യങ്ങൾ പറയുന്നതിനിടെയാണ് ജീപ്പ് ഡ്രൈവർ സംഘം ചേർന്ന് മർദിച്ചതെന്ന് യുവാവ് പറയുന്നു. ബോധരഹിതനായി ഓടയിൽ കിടന്ന മനോജിനെ സഹോദരൻ വിനയ് കഷ്ടപ്പെട്ട് മുറിയിലെത്തിച്ചു. പിറ്റേന്ന് രാവിലെ മൂത്ത സഹോദരനെത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പുറത്ത് ബാഗിലാക്കിയ മൂത്രസഞ്ചി ഉള്ളിൽ വയ്ക്കുന്നതുവരെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഈ യുവാവ്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം പുറത്തുവരാനും യുവാവ് ആശുപത്രിയിൽ നിന്നു മടങ്ങിവരേണ്ടി വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com