ADVERTISEMENT

കേണിച്ചിറ ∙ പൂതാടി പഞ്ചായത്തിലെ കേളമംഗലത്ത് കാട്ടാന കുടിൽ തകർത്ത് ഭക്ഷണ സാധനങ്ങൾ മുഴുവൻ തിന്നു തീർത്തു. കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തിയോട് ചേർന്ന കേളമംഗലം കാട്ടുനായ്ക്ക കോളനിയിലെ ബിജു - സൗമ്യ ദമ്പതികളുടെ കുടിലാണു കാട്ടാന പൂർണമായും തകർത്തെറിഞ്ഞ് അരി അടക്കമുള്ള ഭക്ഷണ സാധനങ്ങൾ തിന്നുതീർത്തത്. ഇന്നലെ രാവിലെ 7 മണിയോടെയാണു സംഭവം. മുളയും കമ്പുകളും ഉപയോഗിച്ചു ചുറ്റും മറച്ച് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡാണ് കാട്ടാന പൂർണമായും തകർത്തെറിഞ്ഞത്. ഈ സമയം 2 കുട്ടികളടക്കമുള്ള കുടുംബം ഷെഡിനുള്ളിൽ ഉറക്കത്തിലായിരുന്നു. ഭക്ഷണം പാചകം ചെയ്യുന്ന ഭാഗത്തു കൂടി കയറിയ വലിയ കൊമ്പുള്ള കാട്ടാന ഇവർ കിടന്നുറങ്ങുന്ന ഭാഗത്ത് എത്തിയപ്പോഴാണു വീട്ടുകാർ അറിയുന്നത്. ഇതിനിടെ ഷെഡ് മേഞ്ഞിരുന്ന ഷീറ്റ് ആനയുടെ കണ്ണു മറച്ച് വീണതോടെ കാട്ടാന പിന്നിലേക്ക് അൽപം നീങ്ങിയതോടെ വീട്ടുകാർ ചെറിയ കുട്ടികളുമായി ഇറങ്ങി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

കണ്ണ് മറച്ച് ഷീറ്റ് മൂടിയതോടെ കാട്ടാന കുടിലിനുള്ളിൽ നിന്നു വട്ടം കറങ്ങിയതാണു കുടിൽ പൂർണമായും തകരാനിടയായത്. കണ്ണ് മറച്ച് തലയിൽ കുരുങ്ങിയ ഷീറ്റും മറ്റും കാട്ടാന നടന്നു നീങ്ങുന്നതിനിടെ 15 മീറ്ററോളം അകലെയാണു വീണത്. ഇതിനു ശേഷമാണ് കാട്ടാന വനത്തിലേക്കു മടങ്ങിയത്. സംഭവമറിഞ്ഞ് എത്തിയ വനപാലകർ ഇവർക്ക് കുടിൽ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു. കുടിലിന്റെ നിർമാണം പൂർത്തിയാകും വരെ സമീപത്തെ വീട്ടിലേക്ക് ഇവരെ മാറ്റി പാർപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായും പ്രദേശത്തെ അതിരൂക്ഷമായ കാട്ടാനശല്യത്തിനു പരിഹാരം കാണാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്ഥലം സന്ദർശിച്ച പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ ആവശ്യപ്പെട്ടു.  കഴിഞ്ഞ ഒരു മാസത്തിലേറെയായി ഈ ഭാഗത്ത് കാട്ടാന ശല്യം അതിരൂക്ഷമാണ്. വനംവകുപ്പ് സ്ഥാപിച്ച വൈദ്യുത വേലിയും മറ്റും തകർത്തെത്തുന്ന കാട്ടാന ഇതിനോടകം ഒട്ടേറെ കർഷകരുടെ കൃഷികൾ നശിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com