മോഷണശ്രമം നടത്തിയ കള്ളൻമാരെ ഓടിച്ചിട്ടു പിടിച്ചു
Mail This Article
അമ്പലവയൽ ∙ മോഷണ ശ്രമം നടത്തിയ 2 കള്ളൻമാരെ വീട്ടുടമയും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി പൊലീസിൽ ഏൽപിച്ചു. മലപ്പുറം മഞ്ചേരി ചെരണി കരുവമ്പ്രം രായരോത്ത് പറമ്പ് അജിത് (21). ബെംഗളൂരു വിദ്യാപ്പേട്ട റോഡ് ശിവരാജ്(30) എന്നിവരാണു പിടിയിലായത്. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി. ശിവരാജ് മുൻപും മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആണ്ടൂർ ചീനപ്പുല്ല് തേക്കറ്റത്ത് ടി.ജെ. രാജുവിന്റെ വീടിന്റെ ജനൽ കമ്പി വളച്ച് അകത്ത് കയറാൻ ശ്രമിക്കവെയാണ് കള്ളൻമാർ കുടുങ്ങിയത്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൂടിയാണ് രാജു.
രാജു പറയുന്നത്,
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേ മൂക്കാലോടെയാണു വീടു പൂട്ടി താനും ഭാര്യയും അടുത്തുള്ള വീട്ടിൽ ഒരു കല്യാണച്ചടങ്ങിന് പോയത്. തിരികെ ഒന്നേമുക്കാലോടെ വീട്ടിലെത്തി. വീട്ടിലേക്കു വരുന്ന വഴി റോഡരികിൽ അപരിചിതമായ ഒരു സ്കൂട്ടർ ഇരിക്കുന്നുണ്ടായിരുന്നു. വീടിന്റെ പ്രധാന വാതിൽ തുറന്ന് അകത്തു കയറിയ ഭാര്യ കിടപ്പുമുറിയുടെ ജനാല ചില്ലുകൾ പൊട്ടി താഴെ വീണു കിടക്കുന്നതു കണ്ടു. കമ്പികൾ അൽപം വളഞ്ഞും ഇരുന്നിരുന്നു. കള്ളൻ കയറിയെന്നു ഭാര്യ ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോഴേയ്ക്കും പുറത്ത് ജനലിനടുത്തു നിന്നിരുന്ന ഒരു കള്ളൻ വീട്ടുമുറ്റത്തു കൂടി പുറത്തേക്കോടി. പിറകെ താനും ഓടിയെങ്കിലും കല്ലു പാകിയ വഴിയിൽ വീണു പോയി. എണീറ്റ് വീണ്ടും ഓടി. കള്ളൻ അപ്പോഴേക്കും പ്രധാന റോഡിലേക്കു കയറിയിരുന്നു. കള്ളൻ, കള്ളൻ എന്ന് ഉറക്കെ വിളിച്ച് താനും ഓടി. സംഭവം കണ്ട് അതുവഴിയെത്തിയ സ്വകാര്യ ബസ് നിർത്തി കണ്ടക്ടർ ഇറങ്ങി വന്നു. സമീപത്തുള്ള ചീനപ്പുല്ല് കവലയിൽ നിന്ന് നാട്ടുകാരുമെത്തി. എല്ലാവരും കൂടി കള്ളനെ പിടികൂടി വീട്ടിലേക്ക് കൊണ്ടു വന്നു.
വീടിന്റെ പിറകിലൂടെ ഓടിയ കള്ളൻ കല്യാണം നടക്കുന്ന വീടിന്റെ അടുത്തേക്കാണ് വയൽ വഴി എത്തിയത്. അവിടെയുള്ളവരെ ഫോണിൽ വിവരം അറിയിക്കുകയും ആളുകൾ ജാഗരൂകരാകുകയും ചെയ്തു. ഒരു വീട്ടിൽ വെള്ളം ചോദിച്ചെത്തിയ രണ്ടാമനെ എല്ലാവരും ചേർന്ന് പിടികൂടുകയും ചെയ്തു. തുടർന്ന് പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. വിറകു പുരയിൽ നിന്ന് തടിയെടുത്തു കൊണ്ടുവന്നാണ് ജനൽ കമ്പി വളയ്ക്കാൻ ശ്രമിച്ചതെന്നും രാജു പറഞ്ഞു. കർണാടക റജിസ്ട്രേഷനിലുള്ള സ്കൂട്ടറിലാണ് ഇരുവരും എത്തിയത്. ഗ്രാമപ്രദേശങ്ങളിൽ ആളില്ലാത്ത വീടുകളിൽ മോഷണം നടത്തുകയായിരുന്നു ലക്ഷ്യമെന്നു കരുതുന്നു.