ADVERTISEMENT

മാനന്തവാടി ∙ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തണ്ണീർക്കൊമ്പനു മയക്കുവെടി വച്ചതെന്നും ചട്ടങ്ങൾ പാലിച്ചില്ലെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നും വനം വകുപ്പ്. ആനയെ കാട്ടിലേക്കു തുരത്താൻ കഴിയാത്ത സ്ഥിതിയിലാണു മയക്കു വെടി വയ്ക്കേണ്ടി വന്നത്. 50ൽ ഏറെ  ജീവനക്കാർ ചേർന്ന് ആനയെ വനത്തിലേക്ക് തുരത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കേരള വനം വകുപ്പ് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വരവായിരുന്നു തണ്ണീർക്കൊമ്പന്റേത്. റേഡിയോ കോളർ ഘടിപ്പിച്ച ആന കേരള അതിർത്തിയിൽ എത്തിയ വിവരം കർണാടക വനപാലകർ അറിയിച്ചില്ല. മയക്കുവെടി വച്ചതും പ്രദേശത്ത് നിന്ന് മാറ്റിയതും ഉചിതമായ സമയത്താണെന്നും 

സിസിഎഫ്  കെ.എസ്.ദീപ  പറഞ്ഞു. ആനയ്ക്ക് ടിബി ബാധിച്ചിരുന്നു. ശരീരത്തിൽ പഴുപ്പും ഉണ്ടായിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ആന എത്തിയെന്ന വിവരം ലഭിച്ചപ്പോൾ തന്നെ കർണാടക വനം വകുപ്പിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. എന്നാൽ, ആന മാനന്തവാടി നഗരത്തിൽ എത്തിയപ്പോൾ മാത്രമാണ് റേഡിയോ കോളറിന്റെ ഐഡിയും പാസ്‌വേഡും കേരളത്തിന് ലഭിച്ചത്. മയക്കുവെടി വച്ചത് വെറ്ററിനറി സർജനല്ല എന്ന വിമർശനത്തിനും കഴമ്പില്ല. അനിമൽ അനാട്ടമി അറിയുന്ന, ഡോക്ടർ പറയുന്ന സ്ഥലത്തു മയക്കുവെടി വയ്ക്കാൻ കഴിയുന്ന വിധം ഉന്നമുള്ള, അനുഭവ പരിചയമുള്ളയാൾക്കു മയക്കുവെടി വയ്ക്കാവുന്നതാണ്. 

തണ്ണീർക്കൊമ്പന്റെ കാര്യത്തിൽ ഇവ പാലിക്കപ്പെട്ടിട്ടുണ്ട്. ആന നിലയുറപ്പിച്ച സ്ഥലത്ത്  ആവശ്യത്തിന് വെള്ളവും തീറ്റയും  ഉണ്ടായിരുന്നു. മയക്കുവെടിയുടെ ഡോസ് കൂടിയതാണെന്ന വിമർശനവും അസ്ഥാനത്താണ്. അങ്ങനെയെങ്കിൽ മയക്കുവെടി ഏറ്റാൽ ഉടൻ തന്നെ ആന കുഴഞ്ഞ് വീഴുമായിരുന്നു. മയക്കുവെടിയേറ്റ ശേഷം  ആനയെ പരിശോധിച്ചിരുന്നു. കേരള അതിർത്തി കടക്കുന്നതിന് മുൻപും ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെന്നും സിസിഎഫ് പറഞ്ഞു. 

കോളർ ഘടിപ്പിച്ച രണ്ടാമത്തെ ആന നിരീക്ഷണത്തിൽ 
കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച ഒരാന കൂടി വനാതിർത്തിയിൽ ഉണ്ടെന്നു   വനം വകുപ്പ് സ്ഥിരീകരിച്ചു. ഇക്കാര്യം മലയാള മനോരമ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. സൗത്ത് വയനാട് വനം ഡിവിഷനിലെ പാതിരി വനമേഖലയിൽ എത്തിയ  ഈ ആനയെ നിരീക്ഷിച്ച്  വരികയാണ്. ഇൗ ആനയുടെ റേഡിയോ കോളറിന്റെ ഐഡിയും പാസ്‌വേഡും കേരളത്തിന് ലഭിച്ചിട്ടുണ്ട്.  കർണാടകയിൽ നിന്ന് വന്ന മോഴയാണിത്. 

ഇൗ ആനയെ ആദ്യം മയക്കുവെടി വച്ച മൈസൂരുവിലെ ഡോക്ടറുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. തണ്ണീർ കൊമ്പന് മുൻപ് വയനാട്ടിൽ എത്തിയതാണ് ഈ ആന.  വിവരം അറിഞ്ഞത് മുതൽ ആനയുടെ  സഞ്ചാരപാത വിലയിരുത്തി വരുന്നുണ്ട്.  ആനയെ  കൃത്യമായി ട്രാക്ക് ചെയ്യുന്നുണ്ടന്നും വനപാലകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com