ടി.ജെ.ഐസക് കൽപറ്റ നഗരസഭാധ്യക്ഷൻ

Mail This Article
കൽപറ്റ ∙ കൽപറ്റ നഗരസഭ അധ്യക്ഷനായി കോൺഗ്രസിലെ ടി.ജെ.ഐസക്കും ഉപാധ്യക്ഷയായി മുസ്‌ലിം ലീഗിലെ സരോജിനി ഓടമ്പത്തും തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ തമ്മിലടി മൂലം മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കെപിസിസിയുടെ ഇടപെടലിലാണു തീരുമാനമായത്. 13ന് എതിരെ 15 വോട്ടുകൾക്കാണ് ഇരുവരുടെയും ജയം. ഐസക്കിന്റെ പേരു കേയംതൊടി മുജീബ് നിർദേശിച്ചു. പി.വിനോദ്കുമാർ പിന്താങ്ങി. സിപിഎമ്മിലെ സി.കെ.ശിവരാമൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി.
ഉപാധ്യക്ഷയായി മുസ്‌ലിം ലീഗിലെ സരോജിനി ഓടമ്പത്തിനെ കോൺഗ്രസിലെ കെ.അജിത നിർദേശിച്ചു. കെ.ശ്രീജ പിന്താങ്ങി. വത്സലയുടെ പേര് സിപിഎമ്മിലെ സി.കെ.ശിവരാമൻ നിർദേശിച്ചു. സിപിഐയിലെ ഹംസ ചക്കുങ്ങൽ പിന്താങ്ങി. മുൻ ധാരണ പ്രകാരം ഡിസംബർ 18നു മുസ്‌ലിം ലീഗിലെ കേയംതൊടി മുജീബ് അധ്യക്ഷ പദവിയും കോൺഗ്രസിലെ കെ.അജിത ഉപാധ്യക്ഷ പദവിയും രാജിവച്ചിരുന്നു. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ആയ ഐസക് 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 3 തവണ ലീഗ് പ്രതിനിധിയായി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുണ്ടേരി ഡിവിഷൻ കൗൺസിലർ സരോജിനി സ്ഥിരം സമിതി അധ്യക്ഷ കൂടിയാണ്.
കോൺഗ്രസിനുള്ള രണ്ടാം ടേമിൽ ആദ്യവർഷം സ്ഥാനമാർക്കെന്നതിൽ ടി.ജെ.ഐസക്കും പി.വിനോദ്കുമാറും തമ്മിലുണ്ടായ തർക്കമാണു മുന്നണി ധാരണ പാലിക്കുന്നത് നീണ്ടുപോകാനിടയാക്കിയത്.
പുതിയപ്രവണതകൾ ദൗർഭാഗ്യകരം:സിപിഎം
നഗരസഭ അധ്യക്ഷന്റെയും ഉപാധ്യക്ഷയുടെയും തിരഞ്ഞെടുപ്പു മാസങ്ങളുടെ അനിശ്ചിതത്വത്തിന് ഒടുവിൽ നടന്നതു പുതിയ പ്രവണത സൃഷ്ടിച്ചാണെന്നതു ദൗർഭാഗ്യകരമെന്നു സിപിഎം പാർലമെന്ററി പാർട്ടി നേതാവ് സി.കെ.ശിവരാമൻ. ചിലരുടെ ചെയർമാൻ സ്ഥാന മോഹം മറ്റു ചിലർക്കു വരുമാന മാർഗമായി മാറി.
നഗരസഭയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തതാണിത്. കൗൺസിലർ സ്ഥാനം വിലപേശലിനുള്ള ഉപാധിയാക്കി യുഡിഎഫിലെ ചിലർ. രാഷ്ട്രീയ ധാർമികതയുടെ നഗ്നമായ ലംഘനം നടത്താൻ ഒരേ മുന്നണിയിലുള്ളവർ രംഗത്തു വന്നത് അപഹാസ്യമാണെന്നും ശിവരാമൻ കുറ്റപ്പെടുത്തി.