ADVERTISEMENT

കൽപറ്റ ∙ ബന്ദിപ്പൂർ വനത്തിനുള്ളിൽ ചെരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പന്റെ ജഡം കഴുകന്മാർ തിന്നു തീർത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം തണ്ണീർക്കൊമ്പന്റെ ജഡം കർണാടക വനപാലകർ വനത്തിലെ കഴുകൻ റസ്റ്ററന്റിലെത്തിക്കുകയായിരുന്നു. നൂറുകണക്കിനു കഴുകന്മാരെത്തിയാൽ ഒരു വലിയ ആനയുടെ ശരീരം സാധാരണയായി 3 ദിവസത്തിനുള്ളിൽ ഭക്ഷിച്ചു തീർക്കാനാകുമെന്നു വനപാലകർ പറഞ്ഞു.

കഴുകൻ റസ്റ്ററന്റിൽ പുതിയ മൃതദേഹങ്ങളെത്തിയാൽ വയനാട്ടിൽ നിന്നു പോലും കഴുകന്മാർ ബന്ദിപ്പൂരിലേക്കു പറന്നെത്താറുണ്ട്. ഇതു കണക്കിലെടുത്താൽ തണ്ണീർക്കൊമ്പൻ ഇപ്പോൾ വെറും അസ്ഥികൂടം മാത്രമായിത്തീർന്നിട്ടുണ്ടാകും. മാരകരോഗമോ പകർച്ചവ്യാധിയോ മൂലം ചാകുന്ന വന്യജീവികളെ കേരള വനംവകുപ്പ് കഴുകനു തീറ്റയായി നൽകാറില്ല. തണ്ണീർക്കൊമ്പന് ശ്വാസകോശത്തിലെ അണുബാധയും ക്ഷയവും അടക്കം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.

എന്നിട്ടും കഴുകന്മാർക്കു തീറ്റയായി ജഡം നൽകാനാണു കർണാടക വനംവകുപ്പ് തീരുമാനിച്ചത്. തണ്ണീർക്കൊമ്പന്റെ ജഡം കാട്ടിൽ ഉപേക്ഷിച്ചതു മറ്റു വന്യമൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്ന് വനംവകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ കുറ്റപ്പെടുത്തുന്നു. കർണാടകയുടെ നടപടി കേരളവനങ്ങളിലേക്കും രോഗബാധ പടരാൻ ഇടയാക്കുമെന്നാണു വിമർശനം. 

കഴുകന്മാർക്ക് നല്ല ഭക്ഷണം 
∙ വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരുടെ സംരക്ഷണത്തിനുള്ളതാണു കഴുകൻ റസ്റ്ററന്റ് പദ്ധതി. വന്യജീവികളുടെ മൃതദേഹം കഴുകന്മാരുടെ ആവാസകേന്ദ്രങ്ങളിലെത്തിച്ചു നൽകുന്നതു വഴി അവയ്ക്കു വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കുകയാണു ലക്ഷ്യം. 

ഡെക്ലോഫനാക് പോലുള്ള വെറ്ററിനറി മരുന്നുകൾ ഉപയോഗിച്ച കന്നുകാലികളുടെ ജഡങ്ങൾ ഭക്ഷിക്കുന്നതു കഴുകന്മാർക്കു ഭീഷണിയാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് റസ്റ്ററന്റുകൾക്കു തുടക്കമിട്ടത്. 

വാഹനമിടിച്ചും വൈദ്യുതാഘാതമേറ്റും തുരത്തൽ ദൗത്യത്തിനിടെയും കാട്ടാനയും മാനുമടക്കമുള്ള വന്യജീവികൾ  ചാകുമ്പോൾ കത്തിച്ചു കളയാതെ ശരീരാവശിഷ്ടങ്ങൾ കഴുകന്മാർക്ക് എത്തിച്ചു നൽകുകയാണു പതിവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com