ADVERTISEMENT

മാനന്തവാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിനു പിന്നാലെ മാനന്തവാടി നഗരമൊന്നാകെ നാട്ടുകാരുടെ പ്രതിഷേധത്തിൽ വിറച്ചു. രാവിലെ ഏഴരയോടെയാണു പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷ് (47) കൊല്ലപ്പെട്ടത്. അരമണിക്കൂർ കൊണ്ടു പ്രതിഷേധ കടലായി മാനന്തവാടി നഗരം മാറി. 

പ്രതിഷേധത്തിനിടെ കലക്ടർ രേണുരാജിനെ നാട്ടുകാർ തടഞ്ഞുവച്ചപ്പോൾ.            ചിത്രം. മനോരമ.
പ്രതിഷേധത്തിനിടെ കലക്ടർ രേണുരാജിനെ നാട്ടുകാർ തടഞ്ഞുവച്ചപ്പോൾ. ചിത്രം. മനോരമ.

  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നഗരത്തിലേക്ക് ഒഴുകിയെത്തിയതോടെ ടൗണും പരിസരങ്ങളും പ്രതിഷേധക്കാരെ കൊണ്ടു നിറഞ്ഞു. പ്രതിഷേധക്കാരെ നിയന്ത്രിക്കാനാവാതെ പൊലീസ് വലഞ്ഞു. രാവിലെ എട്ടോടെയാണ് അജീഷിനെ വനംവകുപ്പിന്റെ വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ജില്ലാ ആശുപത്രിക്കു മുന്നിലും നാട്ടുകാർ പ്രതിഷേധവുമായി എത്തി. പ്രതിഷേധത്തിനിടെ മൃതദേഹം മോർച്ചറിയിലേക്ക്

മാറ്റിയെങ്കിലും ബന്ധുക്കളും നാട്ടുകാരും ചേർന്നു രാവിലെ 11.30 ഓടെ മൃതദേഹം ചുമലിലേറ്റി ഗാന്ധി പാർക്കിലെത്തിച്ചു. ഇതിനിടെ നഗരത്തിലേക്കുള്ള മുഴുവൻ റോഡുകളും പ്രതിഷേധക്കാർ വളഞ്ഞു.   ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുക്കണക്കിനു യാത്രക്കാർ നഗരത്തിൽ കുടുങ്ങി. 

ജനരോഷം കലക്ടർക്കും പൊലീസ് മേധാവിക്കുമെതിരെ 
രാവിലെ 11.45 ഓടെ ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഗാന്ധിപാർക്കിലെത്തിയെങ്കിലും പ്രതിഷേധക്കാർ അദ്ദേഹത്തെ വഴിയിൽ തടഞ്ഞുവച്ചു. കലക്ടറും സിസിഎഫും സ്ഥലത്തെത്തുക, ആനയെ ഉടൻ വെടിവയ്ക്കുക, കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് പൊലീസുകാർ ഏറെ പണിപ്പെട്ടാണു ജില്ലാ പൊലീസ് മേധാവിയെ പ്രതിഷേധക്കാരിൽ നിന്നു മാറ്റിയത്. പിന്നാലെ ഉച്ചയ്ക്ക് 12 ഓടെ കലക്ടർ രേണുരാജ് സ്ഥലത്തെത്തി. ഇതോടെ വീണ്ടും പ്രതിഷേധം ശക്തമായി. 

 കാട്ടാനയെ വെടിവച്ചു കൊല്ലാതെ മൃതദേഹം സ്ഥലത്തു നിന്നു മാറ്റില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പ്രതിഷേധക്കാർക്കിടയിലൂടെ ഉച്ചയ്ക്ക് 12.20 ഓടെ കലക്ടർ രേണുരാജിനെ പൊലീസുകാർ ചേർന്ന് മൃതദേഹത്തിനരികെ എത്തിച്ചെങ്കിലും പ്രതിഷേധം ശക്തമായി. തുടർന്നു പൊലീസുകാർ ഏറെ പണിപ്പെട്ട് 12.30 ഓടെ കലക്ടർ രേണുരാജിനെ പ്രതിഷേധക്കാർക്കിടയിൽ നിന്നു പുറത്തെത്തിച്ചു.

കലക്ടർ പൊലീസുകാർക്കിടയിലൂടെ വാഹനത്തിലേക്ക് പോവുന്നതിനിടെ പ്രതിഷേധക്കാരിൽ ചിലർ കൂക്കിവിളികളുമായി പിന്നാലെയെത്തി. കലക്ടർ ഗാന്ധി പാർക്കിൽ നിന്നു പോയതോടെ പ്രതിഷേധം സബ് കലക്ടറുടെ ഓഫിസിലേക്കും വ്യാപിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ സബ് കലക്ടർ ഓഫിസിലെ കോൺഫറൻസ് ഹാളിൽ സർവകക്ഷി യോഗത്തിനുള്ള നടപടികൾ തുടങ്ങി. 

ട്രാക്ടർ ഇട്ടു വഴിതട‍ഞ്ഞു

ഹാളിനു പുറത്തും പ്രതിഷേധം ശക്തമായിരുന്നു. ഹാളിനുള്ളിൽ മാധ്യമങ്ങൾക്കു പ്രവേശനം നിരോധിച്ചതും പ്രതിഷേധം ശക്തമാവാൻ ഇടയാക്കി. സർവകക്ഷി യോഗം പുരോഗമിക്കുന്നതിനിടെ, ഉച്ച കഴിഞ്ഞ് രണ്ടരയോടെ ഗാന്ധിപാർക്കിൽ നിന്നു മൃതദേഹം ആംബുലൻസിൽ സബ് കലക്ടർ ഓഫിസിനു മുന്നിലെത്തിച്ചു. 

ഇതിനിടെ ഓഫിസിനു മുന്നിലെ ഗേറ്റ് തള്ളിത്തുറക്കാൻ പ്രതിഷേധക്കാർ ഒട്ടേറെത്തവണ ശ്രമം നടത്തിയെങ്കിലും പൊലീസ് പരമാവധി സംയമനം പാലിച്ചത് സംഘർഷ സാധ്യത ഒഴിവാക്കി.  വൈകിട്ടു മൂന്നോടെ സബ് കലക്ടർ ഓഫിസ് പരിസരത്ത് ട്രാക്ടറുകൾ കൊണ്ടിട്ടു പ്രതിഷേധിച്ചു. തീരുമാനമാകാതെ ആരെയും പുറത്തേക്ക് വിടില്ലെന്നായിരുന്നു നിലപാട്.

പ്രധാന ഗേറ്റിനു മുന്നിലും ട്രാക്ടറുകൾ നിർത്തിയതോടെ ഓഫിസിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു. തുടർന്ന് പൊലീസ് എത്തി ട്രാക്ടറുകൾ മാറ്റിയിടാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യഘട്ടത്തിൽ പ്രതിഷേധക്കാർ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ അടക്കം രേഖാമൂലം ഉറപ്പു ലഭിച്ചതോടെ വൈകിട്ട് 5 ഓടെ  പ്രതിഷേധം അവസാനിപ്പിച്ച് പ്രതിഷേധക്കാർ പിരിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com