ADVERTISEMENT

പടിഞ്ഞാറത്തറ ∙ കെഎസ്ഇബിയുടെ റിക്കവറി മുന്നറിയിപ്പിൽ എന്തു ചെയ്യണമെന്നറിയാതെ ഗോത്ര കുടുംബം. ഇക്കഴിഞ്ഞ 4നു മുൻപ് വൈദ്യുതി ബിൽ കുടിശിക 12,882 രൂപ അടച്ചില്ലെങ്കിൽ റവന്യു റിക്കവറി നടപടികൾക്ക് വിധേയനാകും എന്ന നോട്ടിസ് കിട്ടിയതാണ് കുപ്പാടിത്തറ ചാണാലത്ത് പണിയ കോളനിയിലെ ചന്ദ്രന്റെ കുടുംബത്തിനെ ആധിയിലാക്കുന്നത്. വീടെന്ന് പറയാൻ കഴിയില്ലെങ്കിലും നിലവിൽ ശോച്യാവസ്ഥയിലുള്ള കിടപ്പാടം കൈവിട്ടു പോകുമോ എന്ന ഭയവും ഈ കുടുംബത്തെ വേട്ടയാടുകയാണ്.

ഒട്ടേറെ നാളത്തെ മകന്റെ ചികിത്സയും ഒടുവിൽ അവന്റെ മരണവും തളർത്തിയ കുടുംബം കയ്യിൽ കിട്ടിയ റിക്കവറി നോട്ടിസിനു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. സ്ഥിരമായി അടച്ചു കൊണ്ടിരുന്ന ബില്ലിൽ നിന്നു വ്യത്യസ്തമായി മാസങ്ങൾക്കു മുൻപ് പതിനായിരത്തിനു മുകളിലുള്ള ബില്ലാണ് ഇയാൾക്ക് ലഭിച്ചത്. വൻ തുകയുടെ ബില്ല് വന്നതോടെ ചന്ദ്രൻ ഓഫിസിലെത്തി കാര്യം അന്വേഷിച്ചു. വീട്ടിലെ വൈദ്യുതി ലൈനിലെ തകരാറായിരിക്കാം ഭീമമായ ബില്ല് വരാൻ ഇടയാക്കിയത് എന്ന് അധികൃതർ മറുപടി നൽകി.

തുക അടയ്ക്കാൻ നിവൃത്തി ഇല്ലാതെ വന്നതോടെ ശ്വാസ തടസ്സം കാരണം ഓക്സിജൻ കോൺസെന്ററേറ്റർ ഉപയോഗിക്കുന്ന മകന്റെ ചികിത്സ മുടങ്ങുമോയെന്ന ആധിയിലായിരുന്നു അന്നു കുടുംബം.പലരും പറഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് എല്ലാം പരാതി നൽകി. മകന്റെ ചികിത്സ അറിഞ്ഞ അധികൃതർ നടപടികൾക്കൊന്നും മുതിരാത്തതിനാൽ മുടങ്ങാതെ വൈദ്യുതി ലഭിച്ചത് ഇവർക്ക് ഏറെ ആശ്വാസമായി. 

മകന്റെ മരണത്തോടെ ഓക്സിജൻ കോൺസെന്ററേറ്റർ ഇവിടെ നിന്ന് മാറ്റി. അതോടെ മറ്റു മാർഗങ്ങളില്ലാത്തതിനാൽ അധികൃതർ തുടർ നടപടിയുമായി എത്തുകയായിരുന്നു. നിലവിൽ വൈദ്യുതി വിഛേദിക്കുകയും അക്കൗണ്ട് ക്ലോസ് ചെയ്തതിനെ തുടർന്ന് മീറ്റർ അടക്കമുള്ള എല്ലാ ഉപകരണങ്ങളും അധികൃതർ തിരിച്ചെടുത്തു.നിത്യരോഗി ആയതിനാൽ ജോലിക്കു പോകാതെ വീട്ടിൽ തന്നെ കഴിയുന്ന ചന്ദ്രൻ ആകെയുള്ള കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com