ADVERTISEMENT

മാനന്തവാടി∙ കർണാടകയിൽ നിന്നെത്തിയ മോഴയാന ജീവനെടുത്ത പടമല പനച്ചിയിൽ അജീഷിന്റെ വീട്ടിൽ ഇന്നലെ മന്ത്രിമാരെത്തി. ഗവർണർ വരെ വന്ന് പോയിട്ടും വയനാടിന്റെ ചുമതല കൂടിയുള്ള വനം മന്ത്രി എത്താത്തതിലുള്ള പ്രതിഷേധങ്ങൾക്ക് ഇടയിലാണ് ഇന്നലെ വൈകിട്ട് മന്ത്രിമാർ എ.കെ. ശശീന്ദ്രൻ, എം.ബി. രാജേഷ്, കെ. രാജൻ എന്നിവർ സന്ദർശനം നടത്തിയത്. മന്ത്രിമാർ സന്ദർശനം നടത്താൻ വൈകിയതിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം അറിയിച്ചു. നാട്ടുകാരും ബന്ധുക്കളും പരാതികളും ഉന്നയിച്ചു. കർണാടകയിൽ നിന്ന് എത്തിയ കൊലയാളി ആനയെ പിടികൂടാൻ ഇത്ര  ദിവസമായിട്ടും വനപാലകർക്ക് കഴിഞ്ഞിട്ടില്ല. ഇനിയെങ്കിലും ഇക്കാര്യത്തിൽ നടപടി വേണം. മൃഗങ്ങൾ ഇങ്ങനെ നാട്ടിലിറങ്ങിയാൽ ജനങ്ങൾക്ക് കാട് കയറേണ്ടി വരും.

ഉദ്യോഗസ്ഥരെ കണി കാണാൻ പോലും  കിട്ടാറില്ലെന്ന് അജീഷിന്റെ പിതാവ് കുഞ്ഞുമോൻ കണ്ണീരോടെ പറഞ്ഞു.  ഈ അവസ്ഥ തുടർന്നാൽ ഇനി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ ജനങ്ങൾ തന്നെ കൊല്ലേണ്ടിവരുമെന്നും നാട്ടുകാർ പറ​ഞ്ഞു.ജനങ്ങളുടെ കാര്യത്തിൽ ഭരണക്കാർ ഉത്തരവാദിത്തം നിറവേറ്റണമെന്നും ബന്ധുക്കളും നാട്ടുകാരും മന്ത്രിമാരോട് പറ‍ഞ്ഞു.വനാതിർത്തി പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് മന്ത്രി പറഞ്ഞതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ, പുറഞ്ഞ് വന്നത് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണെന്നും അത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ലെന്നും മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. 

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോൽപെട്ടി ഭാർഗിരി എസ്റ്റേറ്റ് കോളനി സ്വദേശി ലക്ഷ്മണന്റെ സഹോദരി ചോമിക്ക് 10,00,000 രൂപയുടെ ചെക്കും മന്ത്രിമാർ നൽകി. പ്രതിഷേധം ഉയരാനുള്ള  സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ  രണ്ടിടത്തും നിയോഗിച്ചിരുന്നു. മന്ത്രിമാരുടെ വാഹന വ്യൂഹം കടന്നുപോകുന്ന വഴിയിലും പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.  കലക്ടർ ഡോ. രേണുരാജ്, സബ് കലക്ടർ മിസൽ സാഗർ ഭരത്, തഹസിൽദാർ പി.യു. സിതാര, ഡിഎഫ്ഒ മാരായ മാർട്ടിൻ ലോവൽ, എ. ഷജ്ന, റേഞ്ച് ഓഫിസർ കെ. രാകേഷ്,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ,  സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. സഹദേവൻ, തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

‘വോട്ട് ചെയ്തത്  മൃഗങ്ങളല്ല’
‘ഇനി മനുഷ്യരൊന്നും വോട്ട് ചെയ്യേണ്ടല്ലോ, മൃഗങ്ങൾ വോട്ട് ചെയ്താൽ മതിയല്ലോ?’ –കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയായ അലൻ മന്ത്രിമാരോടു ചോദിച്ച ചോദ്യം കൂടിനിന്നവരുടെ നെഞ്ചിൽ നോവായി.  ബീഡിപ്പടക്കം കൊണ്ട് ആനയെ ഓടിക്കാൻ സാധിക്കുമോ എന്നും അലൻ  ചോദിച്ചു.  ‘കുരങ്ങന്റെയും കാട്ടാനയുടെയും വോട്ട് വാങ്ങിയല്ലല്ലോ നിങ്ങൾ സഭയിലെത്തിയത്, മനുഷ്യരുടെ വോട്ടുവാങ്ങിയാണ്’ എന്നു നാട്ടുകാരും മന്ത്രിമ‌ാരെ പരിഭവം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com