വനമേഖലയിലെ പ്രശ്നപരിഹാരത്തിന് മുന്തിയ പരിഗണന: മന്ത്രിതല ഉപസമിതി
Mail This Article
പുൽപള്ളി ∙ ജില്ലയിലെ വനമേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സർക്കാർ ചില പദ്ധതികൾ തയാറാക്കിയതായി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കം വെള്ളച്ചാലിൽ പോളിന്റെ വീട് സന്ദർശിച്ച മന്ത്രിതല ഉപസമിതി അറിയിച്ചു. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലെ 27 തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കും. വനാതിർത്തികളിൽ കന്നുകാലികളെ വിലക്കുമെന്നത് സർക്കാർ തീരുമാനമല്ലെന്നും സർക്കാരിന് മുന്നിലെത്തിയ നിർദേശം മാത്രമാണെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
കർഷകരുടെ ജീവിതോപാധിയായ കന്നുകാലി വളർത്തലിന് നിലവിൽ ഒരു തടസ്സവുമില്ല. ജില്ലയിലെ വന്യമൃഗ പ്രശ്നങ്ങൾ സമയോചിതമായി പരിഹരിക്കാൻ ജില്ലാ തലത്തിൽ മോണിറ്ററിങ് കമ്മിറ്റിയുണ്ടാക്കുമെന്നും ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള ബന്ധം സൗഹാർദപരമാക്കുമെന്നും മന്ത്രിമാർ പറഞ്ഞു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കെ.രാജൻ, ഒ.ആർ.കേളു എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, കലക്ടർ രേണുരാജ്, ഡിഎഫ്ഒ ഷജ്ന കരീം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പോളിന്റെ കുടുംബത്തിന് സർക്കാർ സഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ കൈമാറി.കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് കിടപ്പിലായ കാരേരി കോളനിയിലെ ശരത്തിന്റെ വീടും സംഘം സന്ദർശിച്ചു. കുട്ടിയുടെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും. കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കുമെന്നും ഉറപ്പു നൽകി.