മയക്കുവെടിയേറ്റ കാട്ടാനയെ പോലെയാണ് വനം മന്ത്രിയെന്ന് രമേശ് ചെന്നിത്തല
Mail This Article
മാനന്തവാടി ∙ മയക്കുവെടിയേറ്റ കാട്ടാനയെ പോലെയാണ് വനം മന്ത്രിയെന്ന് രമേശ് ചെന്നിത്തല. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ചയ്ക്കുള്ളിൽ കാട്ടാനയുടെ ആക്രമത്തിൽ 3 പേർ മരിച്ചിട്ടും ജില്ലയുടെ ചുമതല വഹിക്കുന്ന വനം മന്ത്രി വരാതിരുന്നത് പ്രതിഷേധാർഹമാണ്. ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്ത മന്ത്രി രാജിവയ്ക്കണം. മുഖ്യമന്ത്രി ഈ വീടുകൾ സന്ദർശിക്കാത്തത് കുടുംബാംഗങ്ങളോട് കാണിക്കുന്ന അനാദരവാണ്. വയനാട്ടിലെ വന്യജീവി പ്രശ്നങ്ങൾ സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.
വയനാട്ടിൽ ഗവ മെഡിക്കൽ കോളജ് എന്നത് ബോർഡ് മാത്രമാണ്. വന്യജീവി ആക്രമണത്തിൽ പരുക്കേറ്റവർക്ക് മതിയായ ചികിത്സ കിട്ടാത്തതാണ് മരണകാരണം. യഥാസമയം ശരിയായ ചികിത്സ നൽകിയിരുന്നുവെങ്കിൽ പലരെയും രക്ഷപ്പെടുത്താമായിരുന്നു. പ്രദേശത്തെ വന്യമൃഗശല്യം കൊണ്ടുള്ള ദുരിതങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.കോൺഗ്രസ് നേതാക്കളായ എ.എം. നിഷാന്ത്, ജേക്കബ് സെബാസ്റ്റ്യൻ, എച്ച്.ബി. പ്രദീപ്, ഉഷാ വിജയൻ, ടിജി ജോൺസൺ, ഇ.എ. ശങ്കരൻ, തോട്ടത്തിൽ വിനോദ്, എം.എ. ജോസഫ്, ജെൻസി ബിനോയി എന്നിവരും ഒപ്പമുണ്ടായിരുന്നു.