ADVERTISEMENT

കൽപറ്റ ∙ വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങിയാൽ നേരിടുമെന്നും, വനനിയമങ്ങൾ പാലിക്കാൻ കർഷകർ ബാധ്യസ്ഥരല്ലെന്നും തലശ്ശേരി അതിരൂപതാ ബിഷപ് മാർ ജോസഫ് പാംപ്ലാനി. വന്യമൃഗ ആക്രമണങ്ങൾ‌ക്കെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1972ലെ നിയമം മലയോര കർഷകർക്ക് മരണ വാറന്റായി മാറി. നിയമം മാറ്റാൻ തയാറായില്ലെങ്കിൽ ആ നിയമത്തിന് പുല്ലുവില കൽപിക്കും. 909 ആളുകൾ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും എന്തുകൊണ്ടാണ് സർക്കാർ ഇടപെടാതിരുന്നത്?  ഇതിനെ മാന്യതയുടെ ഏറ്റവും നല്ല ഭാഷയിൽ തെമ്മാടിത്തം എന്നേ പറയാൻ സാധിക്കൂ. മലയോര കർഷകരെ കടുവയ്ക്ക് തിന്നുതീർക്കാനാണ് ഈ നിയമങ്ങൾ. വന്യജീവി സംരക്ഷണത്തിന് നിയമമുള്ളതുപോലെ മനുഷ്യസംരക്ഷണത്തിനും നിയമം വേണം. നിയമം കയ്യിലെടുക്കാൻ പറയുന്നില്ല. എന്നാൽ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ നേരിടുക തന്നെ ചെയ്യും. ഭരണഘടന ഉറപ്പുവരുത്തുന്ന സ്വാതന്ത്ര്യത്തെ മാനിക്കാത്ത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥതയില്ല. 

വയനാട്ടിലെ വന്യമൃഗ ആക്രമണങ്ങൾക്കെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ കൽപറ്റയിൽ നടത്തിയ പ്രതിഷേധജ്വാല തലശ്ശേരി രൂപത മേജർ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.
വയനാട്ടിലെ വന്യമൃഗ ആക്രമണങ്ങൾക്കെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ കൽപറ്റയിൽ നടത്തിയ പ്രതിഷേധജ്വാല തലശ്ശേരി രൂപത മേജർ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.

സർക്കാരിനെയും വന്യമൃഗങ്ങളെയും ഭയമില്ല. ചില മന്ത്രിമാർ പറഞ്ഞത് കേട്ടാൽ, കുത്താൻ വരുന്ന കാട്ടാനയായിരുന്നു ഭേദം എന്നാണ് തോന്നുക.  ളോഹയിട്ടവരാണ് അക്രമത്തിന് പിന്നിലെന്ന് ചില പാർട്ടിക്കാർ പറഞ്ഞു. ഒരു നൂറ്റാണ്ടായി മലയോര കർഷകർക്കൊപ്പം ളോഹയിട്ടവരുണ്ട്. അതിനിയും തുടരും. വായടപ്പിക്കാൻ നോക്കേണ്ടതില്ല. വനംമന്ത്രി പറഞ്ഞത് ഇത് ഞങ്ങളുടെ വിഷയമല്ല, കേന്ദ്രത്തിന്റെ കാര്യമാണ്, അതിനാൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണ്. ഒന്നും ചെയ്യാൻ സാധിക്കില്ലെങ്കിൽ വെള്ളാനയായ ഈ വകുപ്പ് എന്തിനാണ് ?. വനംവകുപ്പ് ഉദ്യോഗസ്ഥർ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞാണ് കേസ് എടുക്കുന്നത്. വനംവകുപ്പ് ചെയ്യുന്ന ഏക കൃത്യം കർഷകർക്കെതിരെ കേസ് എടുക്കുക എന്നതാണ്. വനംവകുപ്പിന് വന്യജീവികളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ ആ ബാധ്യത കർഷകനില്ല. റേഡിയോ കോളർ കെട്ടേണ്ടത് വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണ്. അവർ വരുന്നുണ്ടെന്ന് അറിഞ്ഞാൽ ഓടി രക്ഷപ്പെടാമല്ലോ. 

പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം.
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം.

പന്നിയെ കൊന്നാൽ പന്നിയുടെ ഭാര്യയല്ല പരാതി നൽകുന്നത്. നമ്മുടെ ആളുകൾ തന്നെയാണ്. നമ്മുടെ കൂട്ടായ്മയിലെ വിള്ളലാണ് നമ്മുടെ ആളുകളുടെ മേൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കുതിര കയറാൻ അവസരം നൽകിയത്. മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നവനാണെങ്കിൽ ഒറ്റക്കൊമ്പന്റെയും പുലിയുടെയുമെല്ലാം ഇടയിലൂടെ വന്നവരാണ് മലയോര കർഷകർ. അതുകൊണ്ട് കേസ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. കേസുകൾ പിൻവലിക്കുകയും കേസ് എടുത്തത് തെറ്റായിപ്പോയി എന്ന് പറയുകയും ചെയ്തിട്ടു മാത്രമേ വോട്ട് ചോദിച്ചു വരേണ്ടതുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. റാലിയിൽ ആയിരക്കണക്കിനു  പേരാണ് പങ്കെടുത്തത്. 

കൽപറ്റ കൈനാട്ടിയിൽ നിന്നു പുതിയ ബസ് സ്റ്റാൻഡിലേക്ക് നടത്തിയ റാലി രൂപതാ വികാരി ജനറൽ മോൺ. പോൾമുണ്ടോളിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജോൺസൺ തൊഴുതുങ്കൽ, ഫാ. ജോബി മൂവാട്ടുകാവുങ്കൽ, സെബാസ്റ്റ്യൻ പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.രാവിലെ കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിയ്ക്കൽ സംഘടിപ്പിച്ച ഉപവാസ സമരം മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡന്റ്  ഡോ. കെ.പി. സാജു അധ്യക്ഷത വഹിച്ചു. 3ന് രൂപത സഹ വികാരി ഫാ. തോമസ് മണക്കുന്നേൽ നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു. എസ്എം വെഎം ഗ്ലോബൽ പ്രസിഡന്റ് സാം സണ്ണി, കെസിവെഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ ആലപ്പുഴ, ജിഷിൻ മുണ്ടക്കാതടത്തിൽ, ബിനീഷ് തുമ്പിയാംകുഴി എന്നിവർ പ്രസംഗിച്ചു.

കർഷകപ്രതിനിധിയെ പാർലമെന്റിലേക്ക് അയയ്ക്കാൻ നമുക്ക് സാധിക്കണം. പ്രകടനപത്രികകളിൽ ഒരു വിശ്വാസവുമില്ല. റബറിന് വില കൂട്ടുമെന്നും പെൻഷൻ വിതരണം ചെയ്യുമെന്നുമെല്ലാമുള്ള വാഗ്ദാനങ്ങൾ നമ്മൾ കേട്ടതാണ്. ഇതെല്ലാം വോട്ട് കിട്ടുന്നതിനുള്ള തന്ത്രം മാത്രമാണ്. ഇനി നമ്മുടേതായ വഴി സ്വീകരിക്കണം. 

നമ്മൾ വോട്ടുചെയ്ത് ജയിപ്പിച്ചു വിടുന്നവർ നിയമസഭയിലെത്തിയാൽ മൃഗങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. വീട്ടിൽ കന്നുകാലികളെയും കോഴിയെയും വളർത്താൻ പാടില്ലെന്നാണ് ഒരു മന്ത്രി പറ‍ഞ്ഞത്. അത് വന്യമൃഗങ്ങളെ ആകർഷിക്കുമെന്നാണ് വാദം. ഇത്തരക്കാരോട് കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മക്കൾ പറഞ്ഞതുപോലെ കാട്ടിലേക്ക് വോട്ട് ചോദിച്ചു പൊയ്ക്കോളൂ എന്നേ പറയാനുള്ളു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com