ADVERTISEMENT

കൽപറ്റ ∙ ജില്ലയിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരള, തമിഴ്നാട്, കർണാടക സർക്കാരുകളുമായി യോജിച്ചു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ്. കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. സംസ്ഥാനങ്ങളുമായി യോജിച്ച് ആനത്താര അടയാളപ്പെടുത്തും. മനുഷ്യ-വന്യ മൃഗ സംരക്ഷണം സംബന്ധിച്ചു പഠനം നടത്താൻ കോയമ്പത്തൂർ സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിനു ചുമതല നൽകും. മൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷ പ്രധാനമാണ്. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങിയാൽ അവയുടെ സഞ്ചാരപാത സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകാൻ റേഡിയോ, കമ്യുണിറ്റി റേഡിയോ, നവമാധ്യമ സംവിധാനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തണം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു മുന്നറിയിപ്പു സംവിധാനങ്ങൾ ഉറപ്പാക്കണം. വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലുള്ളവർക്കു വന്യജീവി ആക്രമണത്തെ നേരിടാൻ പരിശീലനം നൽകണം. 

ആനകളുടെ ജിയോ ടാഗിങ് നിരീക്ഷിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ നടപ്പാക്കണം. ആക്രമണ സ്വഭാവമുള്ള വന്യമൃഗങ്ങളെ പിടികൂടാൻ നിയമ ഭേദഗതി ആവശ്യമില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം ഉണ്ടെന്നും  മന്ത്രി വ്യക്തമാക്കി. വന്യമൃഗ ശല്യം കൂടുതലായുള്ള പ്രദേശങ്ങളിൽ ഫെൻസിങ് സംവിധാനം വ്യാപിപ്പിക്കേണ്ടതുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനു പദ്ധതി സമർപ്പിച്ചാൽ പരിഗണിക്കും. 2022-23 സാമ്പത്തിക വർഷത്തിൽ 15.8 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചതായും മന്ത്രി പറഞ്ഞു. ജില്ലയിലെ വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നു യോഗത്തിൽ എംഎൽഎമാർ ആവശ്യപ്പെട്ടു. വനപരിപാലകർക്ക് അത്യാധുനിക രീതിയിലുള്ള ഉപകരണങ്ങൾ ഉറപ്പാക്കണം, വനനിയമത്തിൽ ഇളവു നൽകണം, ജില്ലയിൽ ഉന്നതതല ഉദ്യോഗസ്ഥരെ നിയമിക്കണം എന്നീ ആവശ്യങ്ങളും യോഗത്തിൽ ജനപ്രതിനിധികൾ ഉന്നയിച്ചു. 

വന്യജീവി സങ്കേതങ്ങൾക്കുള്ളിലുള്ള കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. അടിക്കാടു വെട്ടൽ, ട്രഞ്ച് നിർമാണം എന്നിവ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനത്തിന് ഇളവു നൽകണമെന്നും എംഎൽഎമാർ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടു ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ജില്ലാ ഭരണകൂടം, വനം വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. യോഗത്തിൽ കേന്ദ്ര വനം വകുപ്പ് ഡയറക്ടർ ജനറൽ ജിതേന്ദ്രകുമാർ, അഡിഷനൽ ഡയറക്ടർ ജനറൽ എസ്.പി.യാദവ്, എംഎൽഎമാരായ ഒ.ആർ. കേളു, ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ രേണു രാജ്, അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി.പുകഴേന്തി, എഡിഎം കെ.ദേവകി, സബ് കലക്ടർ മിസൽ സാഗർ ഭരത്,  ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്.ദീപ, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ, ഡിഎഫ്ഒ ഷജ്‌ന കരീം, എംപിയുടെ പ്രതിനിധി കെ.എൽ.പൗലോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com