ADVERTISEMENT

കൽപറ്റ ∙ പതിവുതെറ്റിക്കാതെ ഇക്കുറിയും ലോക്സഭാ തിരഞ്ഞെടുപ്പിനു വയനാട്ടിൽ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്. ഇനി യുഡിഎഫ്, എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം കൂടിയായാൽ മണ്ഡലം പൂർണമായും തിരഞ്ഞെടുപ്പ് ചൂടിലമരും. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജയെ സ്ഥാനാർഥിയാക്കിയതിലൂടെ, പ്രധാന മുന്നണി സ്ഥാനാർഥിയായി ഒരു വനിതാ സ്ഥാനാർഥിയെ ആദ്യമായി രംഗത്തിറക്കി എന്ന ക്രെഡിറ്റും എൽഡിഎഫിനെടുക്കാം. 

ആനി രാജയ്ക്കൊപ്പം സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീറിന്റെയും ദേശീയ കൺ‍ട്രോൾ കമ്മിഷൻ അംഗം സത്യൻ മൊകേരിയുടെയും പേരുകൾ വയനാട്ടിൽ നിന്നു നൽകിയിരുന്നെങ്കിലും സ്ഥാനാർഥി ദേശീയ നേതാവ് തന്നെയായിരിക്കുമെന്ന് സിപിഐ നേതൃത്വം ഉറപ്പിച്ച മട്ടായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം എന്ന കടമ്പ കൂടിയുണ്ടായിരുന്നെങ്കിലും ആനിരാജയെ വിജയിപ്പിക്കുക എന്ന വാചകത്തോടെയുള്ള പോസ്റ്റർ അടിക്കാൻ തിരുവനന്തപുരത്തെ പ്രസിൽ പാർട്ടി ഓർഡർ കൊടുത്തു. 

യുഡിഎഫിനായി രാഹുൽ ഗാന്ധി എംപി വീണ്ടും മത്സരിച്ചാൽ ദേശീയ നേതാവിനെ സിപിഐ രംഗത്തിറക്കുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു. എന്നാൽ, ഹൈക്കമാൻഡ് മറിച്ചൊരു തീരുമാനമെടുത്തില്ലെങ്കിൽ രാഹുൽ ഗാന്ധി വയനാട്ടിലേക്കെത്തിയേക്കില്ലെന്നാണു യുഡിഎഫ് നേതൃത്വം ഇപ്പോൾ പറയുന്നത്. യുഡിഎഫ് കോട്ടയിൽ ‘ഹൈ പ്രൊഫൈൽ’ നേതാവിനെയിറക്കി ഒരുകൈ നോക്കാമെന്ന നിലപാടിലാണ് അപ്പോഴും എൽഡിഎഫ് എന്നു വ്യക്തമാക്കുന്നതാണ് ആനിരാജയുടെ സ്ഥാനാർഥിത്വം. 

മാർച്ച് 1ന് ആനി രാജ ഡൽഹിയിൽനിന്നു വയനാട്ടിൽ എത്തുമെന്നു നേതൃത്വം അറിയിച്ചു. വയനാടിന്റെ അയൽക്കാരിയാണ് ആനി രാജ. കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശി. പിന്നീട് പ്രവർത്തന മണ്ഡലം ഡൽഹിയാക്കിയെങ്കിലും സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടയ്ക്കിടെ വയനാട്ടിൽ എത്തുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ജില്ലയിൽ അവർ സജീവമായിരുന്നു. 

വയനാട് ലോക്സഭാ മണ്ഡലം രൂപം കൊണ്ട ശേഷമുള്ള നാലാമത്തെ തിരഞ്ഞെടുപ്പാണിത്. എൽഡിഎഫിൽ സിപിഐയ്ക്കു നൽകിയ മണ്ഡലത്തിൽ ആദ്യ തിരഞ്ഞെടുപ്പിൽ എം.റഹ്മത്തുല്ലയും രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ സത്യൻ മൊകേരിയും ആയിരുന്നു സ്ഥാനാർഥികൾ. രണ്ടു തവണയും യുഡിഎഫിലെ എം.ഐ.ഷാനവാസിനായിരുന്നു ജയം. മൂന്നാമത്തെ തിര‍ഞ്ഞെടുപ്പിൽ പി.പി.സുനീർ ‍ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിന്  അന്ന് ടി.സിദ്ദീഖിന്റെ പേര് പരിഗണിക്കുകയും സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീടായിരുന്നു രാഹുൽ ഗാന്ധിയുടെ പേര് വരുന്നതും പ്രഖ്യാപനം വന്നതും. ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നില്ല. 

ആദ്യ 2 തിരഞ്ഞെടുപ്പുകളിൽ എൻ‌ഡിഎയ്ക്കു വേണ്ടി ബിജെപി സ്ഥാനാർഥികൾ ആയിരുന്നെങ്കിൽ കഴിഞ്ഞ തവണ ബിഡിജെഎസിനു സീറ്റ് നൽകിയതിനെ തുടർന്ന് തുഷാർ വെള്ളാപ്പള്ളി ആയിരുന്നു സ്ഥാനാർഥി. ഇത്തവണ തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കുമെന്നു അറിയിച്ചതിനാൽ ബിജെപി തന്നെയായിരിക്കും വയനാട്ടിൽ മത്സരിക്കുക. 

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പേര് വടകരയിലും വയനാട്ടിലും പരിഗണിക്കുന്നതായും കേൾക്കുന്നു. എന്നാൽ, ആറ്റിങ്ങൽ മണ്ഡലത്തിലാണു ശോഭയ്ക്കു താൽപര്യം. പാർട്ടി മറിച്ചൊരു തീരുമാനമെടുത്താൽ അവർ നിരസിച്ചേക്കുമോയെന്നതു കണ്ടറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com