ADVERTISEMENT

പുൽപള്ളി ∙ ഗ്രാമങ്ങളിലെ ക്ഷീര സംഭരണ കേന്ദ്രങ്ങളിൽ ഇപ്പോൾ കൂടുതലാളുകളെത്തുന്നതു പാൽ വാങ്ങാൻ. മുൻപു പാൽ വിൽക്കാനെത്തിയവരിൽ ഭൂരിഭാഗവും ഇപ്പോൾ വീട്ടാവശ്യത്തിനുള്ള പാലിനാണു സംഭരണ കേന്ദ്രങ്ങളിലെത്തുന്നത്. ഗ്രാമീണ മേഖലയിൽ ക്ഷീരോൽപാദനം ദിവസേന കുറയുകയാണ്. പുൽപള്ളി ക്ഷീരസംഘത്തിലെ അമ്പത്താറ് പാൽ സംഭരണ കേന്ദ്രത്തിൽ മുൻപു 40 കർഷകർ പാൽ അളക്കാൻ എത്തിയിരുന്നു. ഇപ്പോൾ പാൽ അളക്കുന്നതു കേവലം 14 പേർ മാത്രം. സംഭരണം മൂന്നിലൊന്നിൽ താഴെയും. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ക്ഷീരസംഘങ്ങളിലെ അവസ്ഥയുമിതാണ്.

കാട്ടാന ശല്യത്തിനു പുറമേ കടുവ നാട്ടിലിറങ്ങിയതോടെയാണു ക്ഷീരോൽപാദന മേഖലയിലെ പ്രതിസന്ധി രൂക്ഷമായത്. നേരം പുലർന്നു വെളിച്ചം വീഴും മുൻപേ തൊഴുത്തിൽ കയറേണ്ട കർഷകർ ഭയപ്പാടിലായി. തൊഴുത്തിൽ കിടക്കുന്നതു പശുവിനു പകരം കടുവയാകാം. രാവിലെ ഇരുട്ടുമൂടിയ പാതകളിലൂടെ പാലുമായുള്ള യാത്രയും കടുത്ത ഭീഷണിയായതോടെ അടുത്തിടെ ഒട്ടേറെ കർഷകർ പശുക്കളെ വിറ്റു തൊഴിൽ ഉപേക്ഷിച്ചു. കിടാരികളെയടക്കം വിറ്റവരുമുണ്ട്. വനാതിർത്തി വിട്ടു ദൂരെ സ്ഥലങ്ങളിൽ കടുവയെത്തി വളർത്തുമൃഗങ്ങളെ പിടികൂടിയ വാർത്തകൾ പുറത്തുവന്നതോടെ കമ്പിയും മറ്റുമുപയോഗിച്ചു തൊഴുത്ത് ബലപ്പെടുത്തുന്നവരുമുണ്ട്. കിട്ടുന്ന വിലയ്ക്കാണു പലരും ഈ ഭാഗത്ത് കന്നുകാലികളെ വിറ്റത്.

ജില്ലയുടെ ഇതര ഭാഗങ്ങളിലേക്കും കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളിലേക്കുമാണ് കൂടുതൽ പശുക്കളെ കൊണ്ടുപോയത്. പരമ്പരാഗതമായി ക്ഷീരമേഖലയിൽ ഉറച്ചുനിന്ന കർഷകർ കടുത്ത നഷ്ടത്തിലേക്കു നീങ്ങിയതോടെയാണ് ക്ഷീരമേഖലയെ കൈവിട്ടത്. കഷ്ടപ്പാടിനുള്ള വരുമാനമില്ലാത്തതിന് പുറമേ സർക്കാർ, ക്ഷീര വികസന വകുപ്പുകളുടെ അവഗണന, പച്ചപ്പുല്ലിന്റെയും കുടിവെള്ളത്തിന്റെയും ക്ഷാമം എന്നിവയും കർഷകരെ പിന്തിരിപ്പിച്ചു. കർഷകൻ ചൂഷണത്തിന് വിധേയനാകുന്നെന്ന പരാതിക്കു വർഷങ്ങളായി ഒരു പരിഹാരവുമില്ല. കാലിത്തീറ്റ, പിണ്ണാക്ക് എന്നിവയുടെ അടിക്കടിയുള്ള വിലക്കയറ്റം കർഷകരെ തളർത്തി. വിവിധ വകുപ്പുകളും ഏജൻസികളും നൽകിയിരുന്ന സബ്സിഡികളും ഇല്ലാതായി. കന്നുകാലികളെ ചികിത്സിക്കാൻ ഭാരിച്ച ചെലവേറുന്നതും ക്ഷീരമേഖലയ്ക്കു തിരിച്ചടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com