ADVERTISEMENT

പൂക്കോട് ∙ വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ എസ്എഫ്ഐ പ്രവർത്തകരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും പ്രതിപക്ഷ യുവജന സംഘടനകളും നടത്തിയ മാർച്ചിനെ തുടർന്നു സംഘർഷ ഭൂമിയായി സർവകലാശാല. പൊലീസും പ്രവർത്തകരും തമ്മിൽ മണിക്കൂറുകളോളം നേർക്കുനേർ സംഘർഷമുണ്ടായി. പ്രതിരോധത്തെ മറികടന്ന്, എംഎൽഎമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരും കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎ‍സ്‍യു, യൂത്ത് ലീഗ് പ്രവർത്തകരും ക്യാംപസിനുള്ളിലും ആൺകുട്ടികളുടെ ഹോസ്റ്റലിനുള്ളിലും കടന്നു പ്രതിഷേധിച്ചു. പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ 7 പേർക്കു പരുക്കേറ്റു. ആദിവാസി കോൺഗ്രസ് ദേശീയ കോഓർഡിനേറ്റർ ഇ.എ. ശങ്കരൻ, യൂത്ത്‌ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ്, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് മെൽ എലിസബത്ത്, കോൺഗ്രസ് നേതാക്കളായ ശിഹാബ് പൊഴുതന, ഷമീർ വൈത്തിരി തുടങ്ങിയവർക്കാണു പരുക്കേറ്റത്. ഇവർ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ തളർന്നു വീണ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് മെൽ ഏലിസബത്ത് സെബാസ്റ്റ്യനെ പ്രവർത്തകർ ആശുപത്രിയിലേക്കു മാറ്റുന്നു.                      ചിത്രം: മനോരമ
പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ തളർന്നു വീണ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് മെൽ ഏലിസബത്ത് സെബാസ്റ്റ്യനെ പ്രവർത്തകർ ആശുപത്രിയിലേക്കു മാറ്റുന്നു. ചിത്രം: മനോരമ

രമേശ് ചെന്നിത്തല മാർച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിനു ശേഷമാണു സംഘർഷമുണ്ടായത്. രാവിലെ പതിനൊന്നോടെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മാർച്ചാണ് ആദ്യമെത്തിയത്. പൂക്കോട് തടാകം റോഡിൽ നിന്നാരംഭിച്ച മാർച്ച് കോളജ് കവാടത്തിനു സമീപം  പൊലീസ് ബാരിക്കേഡ് തീർത്തു തടഞ്ഞു. ബാരിക്കേഡ് മറികടന്നു പ്രതിഷേധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തള്ളിമാറ്റാൻ ശ്രമിച്ചതു നേരിയ സംഘർഷത്തിനിടയാക്കി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. ഇതിനിടയിൽ സെക്യൂരിറ്റി ജീവനക്കാരൻ പ്രവർത്തകരുടെ ചിത്രം പകർത്താൻ ശ്രമിച്ചതോടെയാണു സംഘർഷം രൂക്ഷമായത്. ലാത്തിച്ചാർജിനിടെ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് മെൽ എലിസബത്ത് ബോധംകെട്ടു വീണു. ഇവരെ ആശുപത്രിയിലെത്തിക്കാൻ  പൊലീസ് ആംബുലൻസ് അനുവദിച്ചില്ലെന്നും പുരുഷ പൊലീസാണ് അടിച്ചതെന്നും കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു. 

യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്കു നടത്തിയ മാർച്ചിൽ പെ‍ാലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായപ്പോൾ.                                               ചിത്രം: മനോരമ
യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്കു നടത്തിയ മാർച്ചിൽ പെ‍ാലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായപ്പോൾ. ചിത്രം: മനോരമ

ഇതിനിടെ യൂത്ത് ലീഗ് പ്രവർത്തകരും മാർച്ചുമായെത്തി. ഇവരെ ഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞതോടെ സ്ഥിതി നിയന്ത്രണാതീതമായി. പൊലീസുമായുള്ള ഉന്തിനും തള്ളിനുമിടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകർ സമീപത്തെ ചെറിയ ഗേറ്റിനുള്ളിലൂടെ ക്യാംപസിനുള്ളിലേക്കു കയറി. തുടർന്ന് വെറ്ററിനറി ക്ലിനിക് കോംപ്ലക്സിനുള്ളിലേക്കു പ്രവർത്തകർ തള്ളിക്കയറി. പ്രധാന ഗേറ്റിനു മുൻപിൽ സംഘർഷം നടക്കുന്നതിനിടെ പ്രവർത്തകരിൽ ചിലർ കോളജ് ഡീനിന്റെ വസതിക്കു സമീപമെത്തി. പിന്നാലെ ഓടിയെത്തിയ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ ഇവിടെയും സംഘർഷമുണ്ടായി. 

1. പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിലെ സിദ്ധാർഥന് അതിക്രൂരമായി മർദനമേറ്റ 21–ാം നമ്പർ മുറി. 2. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റലിലെ സിദ്ധാർഥൻ താമസിച്ചിരുന്ന മുറി. ഇവിടെ വച്ചും ക്രൂരമായ മർദനമേറ്റിരുന്നു.						         ചിത്രം: മനോരമ
1. പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിലെ സിദ്ധാർഥന് അതിക്രൂരമായി മർദനമേറ്റ 21–ാം നമ്പർ മുറി. 2. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റലിലെ സിദ്ധാർഥൻ താമസിച്ചിരുന്ന മുറി. ഇവിടെ വച്ചും ക്രൂരമായ മർദനമേറ്റിരുന്നു. ചിത്രം: മനോരമ

ഉച്ചയ്ക്ക് ഒന്നോടെയാണു പൊലീസ് പ്രതിരോധം മറികടന്ന്, എംഎൽഎമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, എഐസിസി അംഗം പി.കെ. ജയലക്ഷ്മി എന്നിവർ അടങ്ങുന്ന സംഘം ഹോസ്റ്റൽ പരിസരത്തെത്തിയത്. ഗേറ്റിനു മുന്നിൽ ഇവരെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതോടെ വാക്കുതർക്കമായി. സംഘർഷ സാധ്യത ഉടലെടുത്തെങ്കിലും നേതാക്കൾ ഇടപ്പെട്ടു പ്രവർത്തകരെ ശാന്തരാക്കി. തുടർന്ന് പ്രവർത്തകർ ഗേറ്റിനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ, എംഎൽഎമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, എഐസിസി അംഗം പി.കെ. ജയലക്ഷ്മി എന്നിവർ ഹോസ്റ്റലിനുള്ളിൽ പ്രവേശിച്ചു. സിദ്ധാർഥനു ക്രൂരമർദനമേറ്റ ഹോസ്റ്റലിലെ നടുമുറ്റവും സിദ്ധാർഥന്റെ മുറിയിലും സന്ദർശനം നടത്തിയതിനു ശേഷമാണ് ഇവർ മടങ്ങിയത്. മാർച്ചിന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, എൻ. സുബ്രഹ്‌മണ്യൻ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, എൻ.കെ. വർഗീസ്, പി.പി. ആലി, കെ.കെ. വിശ്വനാഥൻ, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, എൻ.എം. വിജയൻ, ബിനു തോമസ്, എം.ജി. ബിജു എന്നിവർ നേതൃത്വം നൽകി.

കസ്റ്റഡിയിലെടുത്ത പ്രവർത്തകനെ എംഎൽഎ ഇടപെട്ട് മോചിപ്പിച്ചു
പൂക്കോട് ∙ കസ്റ്റഡിയിലെടുത്ത പ്രവർത്തകനെ പൊലീസ് ജീപ്പിന് പിന്നാലെ ഓടി മോചിപ്പിച്ച് ടി. സിദ്ദീഖ് എംഎൽഎ. പൂക്കോട് വെറ്ററിനറി കോളജിൽ പ്രതിഷേധത്തിനിടെയാണു പ്രവർത്തകനെ പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിക്കൊണ്ടുപോയത്. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ടി. സിദ്ദീഖ് എംഎൽഎ ചോദിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ടു പോകുകയാണെന്ന് കൽപറ്റ ഡിവൈഎസ്പി ടി.എൻ. സജീവ് മറുപടി പറഞ്ഞു. ഇതോടെ, കോളറിൽ പിടിച്ചാണോ ആശുപത്രിയിൽ കൊണ്ടുപോകുന്നത് എന്ന് ചോദിച്ച് ടി. സിദ്ദീഖ് എംഎൽഎ പൊലീസ് ജീപ്പിനു സമീപത്തേക്ക് ഓടിയെത്തി. ഇതിനിടെ ജീപ്പ് അതിവേഗം മുന്നോട്ട് എടുത്തു. ഇതിനിടെ ജീപ്പിനുള്ളിൽ നിന്നു പ്രവർത്തകൻ വാതിൽ തുറന്നു ചാടാൻ ശ്രമിച്ചു. ഇതോടെ ചില പ്രവർത്തകർ ജീപ്പിന് മുന്നിൽ ചാടി തടഞ്ഞുനിർത്തി. തുടർന്ന് ടി. സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകനെ ജീപ്പിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു.

ക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.		                                     ചിത്രം: മനോരമ
ക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

എസ്എഫ്ഐയെ സിപിഎം കൊലയാളിസംഘമാക്കി മാറ്റി: രമേശ് ചെന്നിത്തല
പൂക്കോട് ∙ എസ്എഫ്ഐയെ സിപിഎം കൊലയാളി സംഘമാക്കി മാറ്റിയെന്നു രമേശ് ചെന്നിത്തല. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ കലാലയങ്ങളിലും എസ്എഫ്ഐയ്ക്ക് ഇടിമുറികളുണ്ട്. മറ്റൊരു സംഘടനയ്ക്കും ക്യാംപസുകളിൽ പ്രവർത്തിക്കാൻ കഴിയാത്ത വിധത്തിൽ അടിച്ചമർത്തുന്ന സമീപനമാണ് എസ്എഫ്ഐയുടേത്. എല്ലാ കലാലയങ്ങളിലും ഇവർക്ക് പരിശീലനം സിദ്ധിച്ച ഗുണ്ടാസംഘങ്ങളുണ്ട്. കോളജിൽ എത്ര പഠിച്ചാലും തീരാത്ത വിധത്തിൽ വീണ്ടും വീണ്ടും പഠിച്ചാണ് ഇത്തരത്തിൽ ഗുണ്ടാ പ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സിദ്ധാർഥൻ ചെയ്ത തെറ്റ് എസ്എഫ്ഐയിൽ ചേർന്നില്ലെന്നതാണ്. ഇതുകൊണ്ടു തന്നെയാണു നാട്ടിൽ പോയ കുട്ടിയെ തിരികെ വിളിച്ച് എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും ചേർന്നു ക്രൂരമായി മർദിച്ചത്. ഒരു തുള്ളി വെള്ളം പോലും കൊടുക്കാൻ പൈശാചികമായ ഈ കൃത്യത്തിനു നേതൃത്വം കൊടുത്ത എസ്എഫ്ഐക്കാർ തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യം മുതൽ കേസ് ഒതുക്കിത്തീർക്കാനാണ് സിപിഎം നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മുൻ എംഎൽഎ സി.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്നു മാത്രമല്ല, മജിസ്‌ട്രേട്ടിന്റെ മുറിയിൽ തള്ളിക്കയറാനും ശ്രമിച്ചു. നേരത്തെ വൈത്തിരി പൊലീസ് മൂടിവയ്ക്കാൻ ശ്രമിച്ച കേസ് കൂടിയാണിത്. ഈ സാഹചര്യത്തിൽ ഐജി റാങ്കിലുള്ള ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കേസ് അന്വേഷണം കൈമാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com