ADVERTISEMENT

കൽപറ്റ ∙ അറിയപ്പെടാതെ പോകുന്ന വരികൾ പൊതുസമൂഹത്തിന് മുൻപിലെത്തിക്കുന്ന എഴുത്തുകാരിയും പ്രസാധകയുമായ ഷബ്ന ഷംസുവും അക്ഷരങ്ങളുടെ പ്രകാശം കൊണ്ടു കാഴ്ചയെ കീഴടക്കിയ പി.എസ്. നിഷയുമാണ് ഈ വനിതാ ദിനത്തിൽ വയനാടിന്റെ താരങ്ങൾ. നിഷയുടെ  64 കവിതകളുടെ സമാഹാരമായ ‘സ്വപനം മറന്ന പെൺകുട്ടി’ ഇന്നലെ ഷംബ്നയുടെ ഹാംലെറ്റ് ബുക്സിലൂടെ പ്രകാശനം ചെയ്തപ്പോൾ വനിതാ ശാക്തീകരണത്തിലെ പരസ്പര ശാക്തീകരണത്തിന്റെ  പ്രകടനം കൂടിയായി. 

അക്ഷരങ്ങളിലൂടെ അതിജീവനം
അസുഖങ്ങളും ജീവിതത്തിലെ ദുരന്തങ്ങളും അതിജീവിക്കാൻ അക്ഷരങ്ങളെ കൂട്ടുപിടിച്ച കഥയാണു പി.എസ്. നിഷയ്ക്ക് പറയാനുള്ളത്. കുട്ടിക്കാലം മുതൽ കവിതകളെഴുതിയിരുന്ന നിഷയുടെ ജീവിതത്തിലേക്കു ദുരന്തങ്ങൾ ഘോഷയാത്രയായെത്തിയെങ്കിലും പ്രതീക്ഷ കൈവിടാതെ അവർ എഴുത്തിനെ കൂട്ടുപിടിച്ചു. മീനങ്ങാടി പാലത്ത് സോമന്റെയും സുഭദ്രയുടെയും മൂത്തമകളാണ് 46കാരിയായ നിഷ. തലച്ചോറിലെ ട്യൂമറിന്റെ രൂപത്തിലാണു വിധി ആദ്യം നിഷയെ പരീക്ഷിച്ചത്. പിന്നീട് അതിന്റെ തുടർച്ചയായി ടിബിയും മെനഞ്ചൈറ്റിസുമെല്ലാമെത്തി. ഒടുവിൽ 36 ാമത്തെ വയസ്സിൽ കാഴ്ചയും നഷ്ടപ്പെട്ടു. ഒരുപാട് പ്രതീക്ഷകളോടെ സമീപിച്ച  രണ്ടാം വിവാഹ ജീവിതത്തിൽ ഭർത്താവിന്റെ മരണമുണ്ടായെങ്കിലും നിഷ തളർന്നില്ല. ഇരുൾ മറയ്ക്കുള്ളിൽനിന്നു കാണുന്ന ഉൾക്കാഴ്ചകളെ ഓർമയിലെ നിറങ്ങളോടൊപ്പം ഒരു സ്കെയിലിന്റെ സഹായത്തോടെ  ഡയറിയിലേക്ക് കുറിച്ച് എഴുത്തുലോകത്തേക്കു നിഷ തിരികെ പറന്നു. വേദന മറന്നു നിഷ രചിച്ച 7 കൃതികളും പ്രകാശനം ചെയ്തതു മൊയ്തീന്റെ സ്വന്തം കാഞ്ചനമാലയാണ്. മക്കൾ: അലൻ, അലീന, മോഹിത്. 

ഷബ്നയുടെ എഴുത്തുവർത്താനം 
ലേഡി വൈക്കം മുഹമ്മദ് ബഷീർ– ഫെയ്സ്ബുക്കിലെ ആരാധകർ ഷബ്നാ ഷംസുവിനിട്ട വിളിപ്പേരാണിത്. അതൊക്കെ ഓരോരുത്തരു പറയുന്നതല്ലേ, അത്രയ്ക്കൊന്നും നമ്മളായിട്ടില്ലേ എന്നു പറ‍ഞ്ഞു തലകുനിക്കും ഷബ്ന. അധികകാലമൊന്നുമായിട്ടില്ല സമൂഹമാധ്യമങ്ങളിൽ എഴുത്തു തുടങ്ങിയിട്ട്. പക്ഷേ, ഷബ്നയുടെ എഴുത്തിലൂടെ നാട്ടുകാരും വീട്ടുകാരുമെല്ലാം ഫോളോവേഴ്സിനു ചിരപരിചിതർ. സ്വന്തം അനുഭവങ്ങളിൽ നർമം കലർത്തിയുള്ള എഴുത്തുശൈലി എത്ര നീണ്ട കുറിപ്പിനും ഒട്ടേറെ വായനക്കാരെയുണ്ടാക്കി.

സോഷ്യൽ മീഡിയയിൽ എഴുതുന്നതിനപ്പുറം സമൂഹത്തിൽ സ്വയം അടയാളപ്പെടുത്താൻ പുസ്തകങ്ങൾ വഴി കഴിയുമെന്ന തിരിച്ചറിവാണ് സോഷ്യൽ മീഡിയയ്ക്കു പുറത്തുള്ള രചനയുടെ ലോകത്തേക്കു ഷബ്നയെ നയിച്ചത്. ആദ്യ ഗ്രന്ഥമായ ‘എന്റെ അടുക്കള’യുടെ പ്രസിദ്ധീകരണത്തിന്  ശേഷം സൗഹൃദ വലയത്തിലുള്ള പലരും എങ്ങനെയാണ് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്നും അതിന്റെ നടപടിക്രമങ്ങളും അന്വേഷിച്ചു വിളിച്ചു തുടങ്ങി.  സുഹൃത്തായ ജസ്ന ഫസലിന്റെ മരിച്ചുപോയ സഹോദരന്റെ ഓർമകൾ ഒരു പുസ്തകമാക്കണമെന്ന ആഗ്രഹം പ്രസാധകരെ കിട്ടാതെ നീണ്ടു പോയതാണ് അതൊരു പുസ്തകമാക്കി സ്വയം പ്രസിദ്ധീകരിക്കാം എന്ന തീരുമാനത്തിലെത്തിച്ചത്. ഷേക്സ്പിയറിന്റെ രചനകളോടുള്ള ഇഷ്ടം കാരണം പബ്ലിഷിങ് കമ്പനിക്ക് ഹാംലെറ്റ് ബുക്സ് എന്ന പേര് നൽകാൻ വേറൊന്നും ആലോചിക്കേണ്ടി വന്നില്ല. ഭിന്നശേഷി - പാലിയേറ്റിവ് സൗഹൃദ പ്രസാധക സംരംഭമായ ഹാംലെറ്റ് ബുക്സ് ഈ വിഭാഗത്തിലെ മികച്ച എഴുത്തുകാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി, സൗജന്യ നിരക്കിലാണു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഫാർമസിസ്റ്റാണ് കൽപറ്റ പുത്തൂർവയൽ സ്വദേശിയായ ഷബ്ന ഷംസു. ഭർത്താവ് ഷംസു കുന്നത്ത്, മക്കൾ: അഫൈദ ഫാത്തിമ, ആയിഷ തഹാനി, റസ ഷംസു. 

കവയിത്രിയും പ്രസാധകയും ഒരുമിച്ച‘ മലമുകളിലെ മഞ്ഞുതുള്ളികൾ’ 
ബത്തേരി അക്ഷരക്കൂട്ടവും വയനാട് യുവകലാസാഹിതിയും ഒരുമിച്ച് സമാഹരിച്ച 'മലമുകളിലെ മഞ്ഞുതുള്ളികൾ' എന്ന 24 കവികളുടെ 78 കവിതകൾ അടങ്ങിയ സമാഹാരം പ്രസിദ്ധീകരിച്ചത്  വഴിയാണ് ഹാംലറ്റ് ബുക്സിനരികിലേക്ക് നിഷയെത്തുന്നത്. കാഴ്ച പരിമിതിയുണ്ടെങ്കിലും എഴുത്തുകാരി കാണുന്ന ലോകത്തിന് തെളിച്ചം കൂടുതലാണെന്ന് അവരുടെ രചനകളിലൂടെ വെറുതെയൊന്ന് കണ്ണോടിച്ചപ്പോൾ തന്നെ ഷബ്ന മനസിലാക്കി.  ആ എഴുത്തുകൾ കുറച്ചുകൂടെ വിപുലമായി വായിക്കപ്പെടേണ്ടതുണ്ട് എന്ന ചിന്തയിൽ നിന്നാണ് 'സ്വപ്നം മറന്ന പെൺകുട്ടി' പിറവിയെടുക്കുന്നത്. കണ്ണുണ്ടെങ്കിലും നമ്മൾ അറിഞ്ഞോ അറിയാതെയോ കാണാതെ പോകുന്ന ചില കാഴ്ചകൾ ചൂണ്ടിക്കാട്ടിയ ആ കൃതി ഇന്നലെ സിവിൽ സ്റ്റേഷനിൽ എഡിഎം കെ. ദേവകി പ്രകാശനം ചെയ്തു. 

വയനാട്ടിൽ എവിടെയോ ജീവിച്ചു മരിച്ചുപോകുന്ന ഒരു സാധാരണ സ്ത്രീ എന്നതിന് അപ്പുറം ഞാൻ ഇവിടെ ജീവിച്ചിരുന്നു എന്ന്  വരും തലമുറയ്ക്കും അഭിമാനിക്കാവുന്ന രീതിയിൽ സ്വയം പ്രകാശിപ്പിക്കണം എന്ന ആഗ്രഹമാണ് എഴുത്തിലൂടെ പൂർത്തികരിക്കുന്നതെന്നു നിഷ പറയുന്നു. സ്വന്തം രചനകളോടൊപ്പം മറ്റുള്ളവരുടെ കൃതികളും സമൂഹത്തിന് സമർപ്പിക്കുന്ന ഷബ്നയുടെ വലിയ മനസും  ജീവിതത്തിലെ ഇരുട്ടിനെ അക്ഷരങ്ങളുടെ വെളിച്ചം കൊണ്ട് കീഴടക്കുന്ന നിഷയുടെ ആത്മവിശ്വാസവും എല്ലാ ദിനവും വനിതകളുടേതാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com