ADVERTISEMENT

പുൽപള്ളി ∙ പാർവോ വൈറൽ എന്ററൈറ്റസ് എന്ന മാരകരോഗം വ്യാപകമായതോടെ തെരുവു നായ്ക്കൾക്കു പുറമേ വളർത്തു നായകളും ചത്തൊടുങ്ങുന്നു. ജില്ലയിലെ മൃഗാശുപത്രികളിൽ ഈ രോഗം ബാധിച്ചെത്തുന്ന നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്നു മൃഗസംരക്ഷണവകുപ്പ് പറയുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 4000 ൽപരം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രോഗാരംഭത്തിൽ ഭക്ഷണത്തോടു താൽപര്യമില്ലായ്മയും പനിയും ചർദിയുമാണു ലക്ഷണം. തുടർന്നു വയറുവേദനയുടെ ലക്ഷണങ്ങളും. രോഗം മൂർച്ഛിക്കുന്നതോടെ രക്തം കലർന്ന ദുർഗന്ധത്തോടു കൂടിയ വയറിളക്കവുമുണ്ടാകും.

നിർജലീകരണം സംഭവിക്കുന്നതിനാൽ രോഗം ബാധിച്ച നായ്ക്കൾക്ക് അടിയന്തരചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിക്കും. 6 ആഴ്ച മുതൽ 6 മാസംവരെ പ്രായമുള്ള നായ്ക്കളിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. പ്രതിരോധശേഷി കുറയുന്നതോടൊപ്പം എലിപ്പനിയടക്കമുള്ള രോഗങ്ങളും അനുബന്ധമായി ബാധിക്കാമെന്നും ഡോക്ടർമാർ പറയുന്നു. ചികിത്സ ചെലവേറിയതിനാലും ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ വേണ്ടി വരുന്നതിനാലും രോഗനിയന്ത്രണം സങ്കീർണമാണ്. ഫലപ്രദമായ ആന്റിവൈറൽ മരുന്നുകളുടെ ലഭ്യതയുമില്ല. പേവിഷബാധയുടെ വാക്സീൻ മാത്രമേ സർക്കാർ വിതരണമുള്ളൂ. മെച്ചപ്പെട്ട വാക്സീന് 800 രൂപവരെ വിലയുണ്ട്.

വൈറസ് രോഗമായതിൽ തെരുവുനായ്ക്കൾക്കൊപ്പം വളർത്തുനായ്ക്കളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ പ്രതിരോധ കുത്തിവയ്പ് എടുക്കുക മാത്രമാണു പ്രതിവിധിയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസറും അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് ജില്ലാ കോഓർഡിനേറ്ററുമായ ഡോ.കെ.ജയരാജ് അറിയിച്ചു. അന്തരീക്ഷ വായുവിലൂടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ വൈറസ് പകരുമെന്നതിനാൽ മൃഗാശുപത്രിയിൽ എത്തിക്കുന്ന നായകളിൽ നിന്ന് മറ്റുള്ളവയിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ നിസ്സാര രോഗങ്ങളുടെ ചികിത്സയ്ക്കോ കുത്തിവയ്പ്പിനോ വളർത്തു നായ്ക്കളെ ആശുപത്രികളിലും പൊതുസ്ഥങ്ങളിലും കൊണ്ടുവരാതെ ശ്രദ്ധിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com