ADVERTISEMENT

പുൽപള്ളി ∙ റേഷൻ വിഹിതം ഉറപ്പാക്കാൻ സർക്കാർ ഏർപ്പെടുത്തിയ റേഷൻ മസ്റ്ററിങ് കാർഡുടമകൾക്കും വ്യാപാരികൾക്കും വിനയായി. സെർവർ തകരാറിനെ തുടർന്ന് ആഴ്ചകളായി മസ്റ്ററിങ് താളം തെറ്റിയിരിക്കുകയാണ്. ഭക്ഷ്യവിഹിതം ഉറപ്പാക്കാൻ കൂലിപ്പണിയും നഷ്ടപ്പെടുത്തി പല ദിവസങ്ങൾ ഇതിനായി മാറ്റിവയ്ക്കേണ്ട ഗതികേടിലാണു പാവപ്പെട്ടവരും ഗോത്രസമൂഹവും. പരാതി പ്രവാഹത്തെ തുടർന്നു നടപടികൾ തൽക്കാലം നിർത്തിവയ്ക്കാനാണു നിർദേശമെങ്കിലും ഇക്കാര്യമറിയാതെ വനയോര മേഖലയിൽ നിന്നടക്കം ആളുകൾ റേഷൻ കടകളിലെത്തി നിരാശരായി മടങ്ങുന്നു. 

ദൂരസ്ഥലങ്ങളിൽ ജോലിക്കു പോയവർ ഈ ആവശ്യത്തിനു നാട്ടിലെത്തിയെങ്കിലും മടങ്ങാനാവുന്നില്ല. റേഷൻ വിതരണവും മസ്റ്ററിങ്ങും ഒന്നിച്ചു നടക്കാത്തതാണു മുഖ്യപ്രശ്നം. മസ്റ്ററിങ് നടത്തുമ്പോൾ റേഷൻ നൽകാൻ സാധിക്കുന്നില്ല. മണിക്കൂറുകൾ കാത്തുനിൽക്കുന്ന ആളുകൾ കടക്കാരുമായി വഴക്കും പതിവ്. അനർഹരായവരുടെ റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനാണ് മസ്റ്ററിങ് സംവിധാനം ഏർപ്പെടുത്തിയത്. സ്ഥലത്തില്ലാത്തവർ, മരണപ്പെട്ടവർ എന്നിങ്ങനെയുള്ളവരുടെ റേഷൻ വിഹിതം കുറയ്ക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഈ സംവിധാനം നടപ്പാക്കിയത്.

വേഗത്തിൽ നടപടികൾ പൂർത്തീകരിക്കാത്ത പക്ഷം വരും മാസങ്ങളിൽ റേഷൻ വിഹിതം കുറയ്ക്കുമെന്നാണു കേന്ദ്ര നിർദേശം. ഗതാഗത സൗകര്യമില്ലാത്ത പ്രദേശങ്ങളിൽനിന്നു കഷ്ടപ്പെട്ടാണു പലരും കടകളിലെത്തുന്നത്. പലവട്ടം വാഹനം വിളിച്ചു വന്നവരും രോഗികളായവരെ താങ്ങിയെടുത്തു കൊണ്ടുവന്നവരും വേറെ. പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ കിട്ടാതെ കഷ്ടപ്പെടുമ്പോഴാണ് മസ്റ്ററിങ്ങിന്റെ പേരിലും ജനം വലയുന്നത്. വിരലടയാളം പതിയാത്തവരുടെയും കിടപ്പുരോഗികളുടെയും മസ്റ്ററിങ് എങ്ങനെ പൂർത്തിയാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com