ADVERTISEMENT

ബത്തേരി ∙ തീ കൂട്ടി ഉറക്കമിളഞ്ഞു കാത്തു കിടന്നതിനും ഫലമുണ്ടായില്ല. പഴൂർ ഞണ്ടംകൊല്ലി കാട്ടുനായ്ക കോളനി നിവാസികൾ പൊന്നു പോലെ വളർത്തിക്കൊണ്ടു വന്ന അറുനൂറോളം കുലയ്ക്കാറായ വാഴകൾ കാട്ടുകൊമ്പൻ തൂക്കിയെറിഞ്ഞത് ഒറ്റ ദിവസം കൊണ്ട്. കാവൽ തെറ്റിയ കഴിഞ്ഞ രാത്രിയാണു കൊമ്പൻ വാഴത്തോട്ടത്തിലെത്തി വാഴകൾ ഒന്നൊന്നായി പിഴുതിട്ട് ചവിട്ടിമെതിച്ചത്. കോളനിയിലെ മാതി, ബിനു, ബാബു എന്നിവർ ചേർന്ന് 1200 വാഴകളാണ് ലീസ് ഭൂമിയിൽ കൃഷിയിറക്കിയത്.

മുട്ടിക്കൊമ്പനെന്നു നാട്ടുകാർ വിളിക്കുന്ന കാട്ടാന വള്ളുവാടി മലേക്കുളങ്ങര ബെന്നിയുടെ  കൃഷിയിടത്തിലെ തെങ്ങ് പിഴുതിട്ട നിലയിൽ
മുട്ടിക്കൊമ്പനെന്നു നാട്ടുകാർ വിളിക്കുന്ന കാട്ടാന വള്ളുവാടി മലേക്കുളങ്ങര ബെന്നിയുടെ കൃഷിയിടത്തിലെ തെങ്ങ് പിഴുതിട്ട നിലയിൽ

പല ദിവസങ്ങളിലും കൂലിപ്പണി ഒഴിവാക്കിയാണു വാഴത്തോട്ടത്തിൽ പണിയെടുത്തത്. ഓണക്കാലത്ത് വിളവെടുക്കാമെന്നതായിരുന്നു ഈ ഗോത്ര കർഷകരുടെ സ്വപ്നം. വാഴകൾ കൂട്ടത്തോടെ നശിപ്പിക്കപ്പെട്ടതോടെ ഇരട്ടി നഷ്ടമാണ് ഈ പാവങ്ങൾക്കുണ്ടായത്. അധ്വാനിച്ചുണ്ടാക്കിയ വാഴകൾ പോയതിനൊപ്പം പുറത്തു പണിക്കു പോയിരുന്നെങ്കിൽ കിട്ടുമായിരുന്ന അത്രയും നാളത്തെ കൂലിയും നഷ്ടപ്പെട്ടു. ഭൂമി ഫോറസ്റ്റ് ലീസ് ആയതിനാൽ നഷ്ടപരിഹാരം കിട്ടാനുള്ള സാധ്യതയും കുറവാണ്.

തെങ്ങ് മറിക്കുന്നത് മുട്ടിക്കൊമ്പന് ഹരം; കർഷകർക്ക് കനത്തപ്രഹരം
ബത്തേരി∙ വടക്കനാട്, വള്ളുവാടി ഗ്രാമങ്ങളിൽ ഒന്നാകെ വിലസുകയാണ് മുട്ടിക്കൊമ്പൻ എന്ന വിളിപ്പേരുള്ള കാട്ടാന. നല്ല ഒത്ത തെങ്ങുകൾ മുൻകാലുകൾ കൊണ്ട് ചവിട്ടിപ്പിടിച്ചു മസ്തകം കൊണ്ട് തള്ളിയിടുന്നതാണു പതിവു പരിപാടി. മറിച്ചിട്ട തെങ്ങിന്റെ കൂമ്പ് തിന്നു കഴിഞ്ഞാൽ ചുറ്റുമുള്ള കമുകുകൾ ഒരു രസത്തിനെന്ന പോലെ മറിച്ചിടും. അതൊന്നും ഭക്ഷിക്കില്ല. മറിച്ചിടുന്നതിലാണു ഹരം. വൈദ്യുത വേലി കണ്ടാൽ മരം അതിലേക്ക് മറിച്ചിട്ട് ഇപ്പുറം കടക്കും.

ഇരുട്ടു വീണു തൂടങ്ങിയാൽ കാട്ടിൽ നിന്ന് ഗ്രാമങ്ങളിലേക്ക് പതുങ്ങിയാണു വരവ്. രാത്രി 10 കഴിയുന്നതോടെ അഭ്യാസം തുടങ്ങും. തുരത്താൻ ശ്രമിച്ചാൽ ടോർച്ചടിക്കുന്നവരുടെ നേരെ ഓടി വരും. ഒട്ടേറെ കർഷകരുടെ നൂറുകണക്കിനു തെങ്ങും കമുകും മുട്ടിക്കൊമ്പൻ നശിപ്പിച്ചു കഴിഞ്ഞു. പള്ളിവയൽ, വെള്ളക്കെട്ട്. കരിപ്പൂര്, കല്ലൂർകുന്ന്, വള്ളുവാടി, പണയമ്പം, പച്ചാടി എന്നിവിടങ്ങളിൽ കഴിഞ്ഞ 3 മാസമായി തുടർച്ചയായി കൃഷിനാശം വരുത്തുകയാണു കക്ഷി. മുട്ടിക്കൊമ്പനെ പേടിച്ചു പലരും ചക്കയെല്ലാം വെട്ടിക്കളഞ്ഞു. എന്നാലും അങ്ങിങ്ങു കിടക്കുന്ന ചക്കകൾ ഏന്തിപ്പറിക്കാൻ മുട്ടിക്കൊമ്പൻ മണം പിടിച്ചെത്തുന്നുണ്ടെന്നു പൊതുപ്രവർത്തകനായ കെ.ടി. കുര്യാക്കോസ് പറഞ്ഞു.

മിന്നിമറയുന്ന സ്വഭാവമുള്ളതിനാൽ, ആനയുണ്ടെന്നു കരുതുന്ന സ്ഥലത്തേക്ക് വനപാലകർ തുരത്താനെത്തുമ്പോൾ ഊടുവഴികളിലൂടെ സഞ്ചരിച്ച് ഏറെ മാറി കൃഷിനാശം വരുത്തുകയാകും മുട്ടിക്കൊമ്പൻ. 2019 ൽ പിടികൂടിയ വടക്കനാട് കൊമ്പന്റെ വലംകയ്യായിരുന്നു മുട്ടിക്കൊമ്പനെന്ന് ഗ്രാമവാസികൾ പറയുന്നു. ഒപ്പം അന്ന് ഒരു ചുള്ളിക്കൊമ്പനും ഉണ്ടായിരുന്നു. വടക്കനാട് കൊമ്പൻ വനംവകുപ്പിന്റെ പിടിയിലായതോടെ മുട്ടിക്കൊമ്പൻ അതേ സ്വഭാവം ആവർത്തിക്കുകയാണെന്നാണ് നാട്ടുകാരുടെ ഭാഷ്യം. മരമുട്ടി പോലെ ഉരുണ്ട് കൊമ്പിന്റെ അഗ്രഭാഗം ഇരിക്കുന്നതിനാലാണ് ഗ്രാമവാസികൾ മുട്ടിക്കൊമ്പനെന്ന് പേരിട്ടത്. കുങ്കിയാനകളെ കൊണ്ടുവന്ന് മുട്ടിക്കൊമ്പനോട് അങ്കം കുറിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com