ഗുണഭോക്താക്കളില്ല; ക്വാറികൾ ജലസേചന പദ്ധതിക്കായി ഉപയോഗപ്രദമാക്കാനുള്ള സാധ്യതകൾ മങ്ങുന്നു.
Mail This Article
അമ്പലവയൽ ∙ ജലസമൃദ്ധമായ ക്വാറികൾ ജലസേചന പദ്ധതിക്കായി ഉപയോഗപ്രദമാക്കാനുള്ള സാധ്യതകൾ മങ്ങുന്നു. ക്വാറിക്കുളങ്ങളോടു ചേർന്നു കൂടുതൽ കൃഷിയിടങ്ങൾ ഇല്ലാത്തതിനാൽ പദ്ധതികൾ കൊണ്ട് കാര്യമായ ഗുണം ലഭിക്കില്ലെന്നാണ് കണ്ടെത്തൽ.ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികളുള്ള അമ്പലവയലിലും പരിസരങ്ങളിലുമായുള്ളവയിൽ ഭൂരിഭാഗം എണ്ണവും സമൃദ്ധമായ വെള്ളമുള്ള കുളങ്ങളാണെങ്കിലും വർഷങ്ങളായി ഇവ ഉപയോഗപ്പെടുത്തുന്നില്ല. എന്നാൽ വേനൽ ശക്തമായ സാഹചര്യത്തിൽ കുളങ്ങളിലെ വെള്ളം ജലസേചനത്തിന് ഉപയോഗിക്കാവുന്ന വിധത്തിലാക്കിയാൽ കാർഷിക മേഖലയിൽ അത് ഗുണപ്രദമാകുമെന്ന നിർദേശം ഉയർന്നിരുന്നു.
മുൻപു ക്വാറികളിൽ ടൂറിസം പദ്ധതി, മീൻ വളർത്തൽ എന്നിവ ആരംഭിക്കണമെന്ന ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും അവയെന്നും നടപ്പായില്ല. ക്വാറികളിലെ വെള്ളം ജലസേചനത്തിന് ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ചു ജനുവരിയിൽ അമ്പലവയൽ പഞ്ചായത്ത്, നവകേരള മിഷൻ, തൊഴിലുറപ്പ് പദ്ധതി, ചെറുകിട ജലസേചന വിഭാഗം തുടങ്ങിയവയിലെ ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം ക്വാറിക്കുളങ്ങളിൽ പരിശോധന നടത്തിയിരുന്നു.
ഗുണഭോക്താക്കളില്ലെന്ന് കണ്ടെത്തൽ
ആയിരംകൊല്ലി, നന്ദൻക്കവല, അമ്പലവയൽ ടൗൺ എന്നിവിടങ്ങളിലെ മൂന്ന് ക്വാറികളിലാണ് സംഘം പരിശോധന നടത്തിയത്. എന്നാൽ ഇതിനോടു ചേർന്നു കൃഷിയിടങ്ങൾ വളരെ കുറവാണ് എന്നതിനാൽ പദ്ധതി കാര്യമായി ഉപയോഗപ്രദമാവില്ലെന്നായിരുന്നു കണ്ടെത്തൽ. ക്വാറിക്കുളങ്ങളോടു ചേർന്നുള്ള കുറേഭാഗങ്ങൾ പാറക്കെട്ടുകൾ തന്നെയാണ്.
താമസക്കാരും കുറവാണ്. വളരെ ചുരുങ്ങിയ കൃഷിയിടങ്ങളും സ്വകാര്യ എസ്റ്റേറ്റുകളുമാണുള്ളത്, ഇതിലെല്ലാം നിലവിൽ പലവിധത്തിലുള്ള ജലസേചന സൗകര്യമുള്ളതിനാൽ പദ്ധതികൾ കൊണ്ട് ഗുണം ചെയ്യില്ലെന്നാണ് കണ്ടെത്തൽ. ഏറെ ദൂരെയുള്ള കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് വലിയ ചെലവുകൾ ഉണ്ടാക്കുകയും ചെയ്യും.