പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ രണ്ടക്ക സീറ്റിൽ ഒന്ന് വയനാട്: കെ.സുരേന്ദ്രൻ

Mail This Article
കൽപറ്റ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ രണ്ടക്ക സീറ്റിൽ ഒന്ന് വയനാട് ആണെന്ന് വയനാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിൽ എത്തിയതായിരുന്നു സുരേന്ദ്രൻ. കൽപറ്റ പുതിയ സ്റ്റാൻഡ് പരിസരത്തു നിന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ റോഡ് ഷോ കഴിഞ്ഞ് പസംഗിക്കുകയായിരുന്നു അദ്ദേഹം.
മോദിക്ക് വരവേൽപ്പ് നൽകാനും രാഹുൽ ഗാന്ധിയെ യാത്രയാക്കാനും വയനാട്ടിലെ ജനം തീരുമാനിച്ചു കഴിഞ്ഞു. എല്ലാവരുടെയും പ്രതീക്ഷ രാഹുൽ അസ്ഥാനത്താക്കി. വയനാട്ടിൽ നാഥനില്ലാത്ത അവസ്ഥയായിരുന്നു. സാധാരണക്കാരനായ തനിക്ക് ഇവിടുത്തെ ജനങ്ങൾക്ക് ഒപ്പം നിൽക്കാൻ സധിക്കും. വയനാടിനായി പ്രത്യേകം പദ്ധതി ആവശ്യമുണ്ട്. വയനാട്ടിലെ യഥാർഥ നാട്ടുകാരൻ ഞാനാണ്. 10 വർഷം ഇവിടെ പ്രവർത്തിച്ചിട്ടുണ്ട്. ജയിക്കാനാണ് മത്സരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സുരേന്ദ്രന് വൻ വരവേൽപ്
കൽപറ്റ ∙ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ജില്ലയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഉജ്വല സ്വീകരണം നൽകി. വൈകിട്ട് മൂന്നോടെ ലക്കിടിയിൽ എത്തിച്ചേർന്ന സുരേന്ദ്രനെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന- ജില്ലാ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. കരിന്തണ്ടന്റെ സ്മാരകത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ കൽപറ്റയിലെത്തി. കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയ സ്ഥാനാർഥിയെ പ്രവർത്തകർ സ്വീകരിച്ചു. വൈകിട്ട് നാലരയോടെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച റോഡ്ഷോ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസിൽ സമാപിച്ചു.
ജെആർപി സംസ്ഥാന അധ്യക്ഷ സി.കെ. ജാനു, മുതിർന്ന നേതാവ് പള്ളിയറ രാമൻ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്തിയാട്ട്, പി.സി. മോഹനൻ, വയനാട് ലോക്സഭ മണ്ഡലം ഇൻചാർജ് ടി.പി. ജയചന്ദ്രൻ, ബിജെപി സംസ്ഥാന വക്താവ് വി.പി. ശ്രീപദ്മനാഭൻ, എസ്‍സി മോർച്ച സംസ്ഥാന അധ്യക്ഷൻ മുകുന്ദൻ പള്ളിയറ, ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷൻ എൻ.പി. രാധാകൃഷ്ണൻ, കെ. സദാനന്ദൻ, കെ.പി. മധു, ആർഎൽജെപി ജില്ലാ പ്രസിഡന്റ് അനീഷ്, എൽജെപി ജില്ലാ പ്രസിഡന്റ് കെ.കെ. രാജൻ, ബിജെപി കൽപറ്റ മണ്ഡലം പ്രസിഡന്റ് സുബീഷ് എന്നിവർ നേതൃത്വം നൽകി.