ADVERTISEMENT

മാനന്തവാടി ∙  വയനാടിന്റെ ദേശീയ ഉത്സവമായ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം ജനസാഗരത്തെ സാക്ഷിയാക്കി സമാപനത്തിലേക്ക്. ഇന്നലെ ഉച്ച മുതൽ തന്നെ വീഥികളിൽ ഭക്തജന പ്രവാഹമായിരുന്നു. അലങ്കരിച്ച രഥങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരും താലപ്പൊലിയും വാദ്യഘോഷങ്ങളും അണി നിരന്ന അടിയറ വരവുകൾ കാണാൻ വൈകിട്ട് മുതൽ ആയിരങ്ങളെത്തി. 

ചിറക്കര, ജെസി , തലപ്പുഴ, തേറ്റമല , കൂളിവയൽ , ഒണ്ടയങ്ങാടി, ചാത്തൻ ചെറു കാട്ടൂർ കോളനി, കൂടൽ ചെമ്മാട് , കമ്മന, വരടിമൂല, താഴെ കൊയിലേരി എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട അടിയറകൾ രാത്രിയോടെ  മേലേക്കാവിൽ സംഗമിച്ചു. തുടർന്ന്  ആറാട്ട് എഴുന്നള്ളത്ത് നടന്നു.  താഴെ കാവിൽ ഒപ്പന ദർശനവും ആറാട്ട് തറയിൽ ആറാട്ടും നടത്തി. താഴെ കാവിൽ  കോലം കൊറ(രുധിരകോലം)  നടന്നതോടെയാണ്  ഉത്സവം സമാപിച്ചത്. ആകാശ വിസ്മയം, ഒപ്പന ദർശനം, സോപാന നൃത്തം എന്നിവയും നടന്നു.

14 ദിനരാത്രങ്ങൾ നീണ്ട ഉത്സവത്തിന് സമാപനം കുറിച്ച് ദേവിയുടെ തിരുവായുധമായ വാൾ വള്ളിയൂർക്കാവിൽ നിന്ന് പാണ്ടിക്കടവ് പള്ളിയറ ക്ഷേത്രത്തിലും തുടർന്ന് അഗ്രഹാരത്തെ ജിനരാജ തരകന്റെ വീട്ടിലും എത്തിക്കും.  ക്ഷേത്രം  മേൽശാന്തി ചേരങ്കോട് ഇല്ലത്തേക്ക് നിന്ന്  ഒപ്പന കോപ്പുകൾ തിരികെ എഴുന്നള്ളിക്കും. ജനത്തിരക്ക് നിയന്ത്രിക്കാൻ വൻ പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കെഎസ്ആർടിസി രാത്രി മുഴുവൻ പ്രത്യേക സർവീസുകളും നടത്തി.  ആറാട്ട് ഉത്സവത്തിന്റെ ഭാഗമായി  മേലേക്കാവിൽ നടന്ന കഥകളിയും തുള്ളൽ ത്രയവുമെല്ലാം നിരവധി പേരെ ആകർഷിച്ചു.  താഴെ കാവിലെ പൊതു സ്റ്റേജിലും പ്രദർശന വിപണന നഗരിയിലുമായി കാലാ പരിപാടികളും നടന്നു.

വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്റെ ഭാഗമായി മേലേക്കാവിൽ നടന്ന കഥകളി.
വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്റെ ഭാഗമായി മേലേക്കാവിൽ നടന്ന കഥകളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com