ബത്തേരി– പാട്ടവയൽ റൂട്ടിലെ പെർമിറ്റ് തർക്കം; കെഎസ്ആർടിസി – സ്വകാര്യ ബസുകൾ തടഞ്ഞു

Mail This Article
ബത്തേരി∙ കെഎസ്ആർടിസി– സ്വകാര്യ ബസ് പെർമിറ്റ് തർക്കം നിലനിൽക്കുന്ന ബത്തേരി– പാട്ടവയൽ റൂട്ടിൽ പരസ്പരം ബസുകൾ തടഞ്ഞ് പ്രതിഷേധം. സംസ്ഥാന അതിർത്തിയായ ചങ്ങല ഗേറ്റ് വരെ മാത്രം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ഇന്നലെ രാവിലെ മുതൽ പാട്ടവയൽ ബോർഡ് വച്ച് സർവീസ് നടത്തിയതോടെ കെഎസ്ആർടിസി സംയുക്ത ട്രേഡ് യൂണിയൻ തൊഴിലാളികൾ ബത്തേരി സ്റ്റാൻഡിൽ തടഞ്ഞു. രാവിലെ ഓടിയ ട്രിപ്പുകൾ സംബന്ധിച്ച് പൊലീസ് പരാതി നൽകിയെങ്കിലും വീണ്ടും ബസുകൾ ഓടിയതോടെയാണ് കെഎസ്ആർടിസി തൊഴിലാളികൾ സ്വകാര്യ ബസ് തടഞ്ഞത്.
പൊലീസ് സ്ഥലത്തെത്തി പെർമിറ്റ് ഉള്ള സ്ഥലം വരെ (നൂൽപുഴ ചങ്ങല ഗേറ്റ്) സർവീസ് നടത്താൻ നിർദേശിച്ചു. സ്വകാര്യ ബസ് അധികൃതർ സമ്മതിച്ചതോടെ സർവീസ് പുനരാരംഭിച്ചു. എന്നാൽ, പാട്ടവയലിലേക്കുള്ള യാത്രക്കാരെ ചങ്ങല ഗേറ്റിൽ ഇറക്കിവിട്ട് സ്വകാര്യ ബസ് യാത്ര അവസാനിപ്പിച്ചു. അതോടെ അതു വഴി വന്ന കെഎസ്ആർടിസി ബസുകൾ സ്വകാര്യ ബസിലെത്തിയ യാത്രക്കാരിൽ ചിലർ തടഞ്ഞു.എന്നാൽ നൂൽപുഴയിൽ നിന്നും തമിഴ്നാട്ടിലെ അമ്പലമൂലയിൽ നിന്നും പൊലീസെത്തി തടസ്സം നീക്കി കെഎസ്ആർടിസി ബസിനെ യാത്ര തുടരാൻ അനുവദിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയാൽ കർശന നടപടികളുണ്ടാകുമെന്നു മുന്നറിയിപ്പും നൽകി.
നൂൽപുഴ ചങ്ങല ഗേറ്റ് വരെ മാത്രം പെർമിറ്റ് ഉള്ള സ്വകര്യ ബസുകൾ പെർമിറ്റ് ഇല്ലാത്ത തമിഴ്നാട്ടിലേക്ക് സർവീസ് നടത്തിയാൽ ഇൻഷുറൻസ് ലഭിക്കില്ലെന്ന് കെഎസ്ആർടിസി അധികൃതർ ചൂണ്ടിക്കാട്ടി. പാട്ടവയൽ ബോർഡുകൾ പൊലീസ് എടുത്തുകൊണ്ടു പോവുകയും ചെയ്തു. പാട്ടവയലിലേക്ക് സ്വകാര്യ ബസുകൾ സർവീസ് നടത്തിയാൽ ഇന്നും തടയുമെന്ന് കെഎസ്ആർടിസി സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. ഇതിനിടെ ബസ് തടുത്തിട്ട സമയത്ത് ചിലർ മോശമായി പെരുമാറിയെന്ന് കാണിച്ച് പാട്ടവയൽ റൂട്ടിലെ കെഎസ്ആർടിസി വനിതാ കണ്ടക്ടർ നൂൽപുഴ പൊലീസിൽ പരാതി നൽകി.