കാട്ടാനയുടെ മുന്നിൽ നിന്ന് വൈദികൻ രക്ഷപ്പെട്ടത് മുടിനാരിഴയ്ക്ക്

Mail This Article
പുൽപള്ളി ∙ കാടിറങ്ങിയ കാട്ടുകൊമ്പന്റെ മുന്നിൽ നിന്നു വൈദികൻ രക്ഷപ്പെട്ടത് മുടിനാരിഴയ്ക്ക്. ദുഃഖവെള്ളി ദിനത്തിൽ രാവിലെ കുറിച്ചിപ്പറ്റയിലാണ് വചനപ്രഘോഷകനും തോണിച്ചാൽ കാരുണ്യനിവാസ് അസി.ഡയറക്ടറുമായ ഫാ.ജെയ്സൻ കാഞ്ഞിരംപാറ കാട്ടാനയുടെ മുന്നിലകപ്പെട്ടത്. പട്ടാണിക്കൂപ്പ് ഇൻഫന്റ് ജീസസ് പള്ളിയിൽ ദുഃഖവെള്ളിയുടെ കർമങ്ങൾക്കു പോവുകയായിരുന്നു. കുറിച്ചിപ്പറ്റ ജനവാസകേന്ദ്രത്തിലെത്തിയ ആനയെ നാട്ടുകാർ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് ഫാ.ജെയ്സന്റെ കാർ അതുവഴിയെത്തിയത്.
ആനയുടെ മുന്നിൽപെട്ട വൈദികൻ കാർ പിന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും കയറ്റവും വളവുമായതിനാൽ പ്രയാസത്തിലായി. പാതയോരത്തേക്ക് കാർ മാറ്റിനിർത്തി അതിൽതന്നെയിരുന്നു. ഈ സമയം കാറിനുനേരെ ആനയെത്തുന്നതു കണ്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാരും ഭയന്നു. ഇവർ ശബ്ദമുണ്ടാക്കിയപ്പോൾ ആന കാറിനരികിലൂടെ മുന്നോട്ടുപോയി. നാട്ടുകാരിലൊരാളെടുത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് കാട്ടാനയുടെ മുന്നിലകപ്പെട്ടത് ഫാ.ജെയ്സൻ കാഞ്ഞിരംപാറയാണെന്ന് തിരിച്ചറിഞ്ഞത്.
നന്നായി ഭയമുണ്ടായെങ്കിലും വാഹനത്തിൽ നിന്നിറങ്ങി മാറാൻ പോലും സമയമുണ്ടായില്ലെന്ന് ഫാ.ജെയ്സൻ പറഞ്ഞു. ദൈവകാരുണ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെടാനായതെന്നും വിഡിയോ ദൃശ്യം കണ്ടപ്പോഴാണ് കൂടുതൽ ഭയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.