മാതോത്ത്‌പൊയിൽ കോളനിയിലെ അപകടമരം മുറിക്കാൻ നടപടിയില്ല

Mail This Article
പനമരം ∙ പഞ്ചായത്തിൽ മാതോത്ത്‌പൊയിൽ കോളനിയിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചുനീക്കാൻ നടപടിയില്ല. കോളനിവാസികൾ പ്രക്ഷോഭത്തിലേക്ക്. കോളനി വീടുകളോടും പാതയോടും ചേർന്ന് അപകടങ്ങൾക്കിടയാക്കുന്ന വിധത്തിലുള്ള വൻമരം മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി സെക്‌ഷൻ ഓഫിസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ രേഖാമൂലം അറിയിച്ചതിനെ തുടർന്നു സ്ഥലം സന്ദർശിച്ചു പോയതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.കൂടാതെ പഞ്ചായത്തിലുൾപ്പെടെ പരാതികൾ നൽകിയെങ്കിലും നടപടിയില്ലാത്തതിനെ തുടർന്നാണു കോളനിക്കാർ സമരവുമായി രംഗത്തിറങ്ങുന്നത്.
വീടുകൾക്ക് സമീപത്തെ റോഡിനോട് ചേർന്ന വൻമരം ഉള്ളത് വൈദ്യുതി ലൈനുകൾക്ക് ഇടയിലാണ്. ഇതുകൊണ്ടു തന്നെ വലിയ കാറ്റു വീശി മരം മറിഞ്ഞു വീണാൽ വൻ ദുരന്തമുണ്ടാകുമെന്ന് ഉറപ്പാണെന്ന് കോളനിക്കാർ പറയുന്നു. മാത്രമല്ല വൈദ്യുതലൈനുകൾ മരത്തിൽ മുട്ടി നിൽക്കുന്നതിനാൽ ഷോക്കേറ്റുള്ള അപകടത്തിനും കാരണമാകും. ലൈൻ ഓഫാക്കിയാൽ മരം മുറിച്ചു മാറ്റാൻ തയാറാണെന്നു കോളനിക്കാർ പറഞ്ഞെങ്കിലും ഇതിനുള്ള നടപടി പോലും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.