ADVERTISEMENT

ബത്തേരി ∙ വീടിനോടു ചേർന്ന കൃഷിയിടത്തിലെ കിണറ്റിൽ വീണ 2 വയസ്സുള്ള പെൺകടുവയെ 5 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ വനംവകുപ്പ് രക്ഷപ്പെടുത്തി. മൂന്നാനക്കുഴി യൂക്കാലിക്കവല കാക്കനാട്ട് ശശീന്ദ്രന്റെ കാപ്പിത്തോട്ടത്തിലെ കിണറ്റിലാണു കടുവ വീണത്. ഇന്നലെ പുലർച്ചെ എട്ടരയോടെ കിണറിനുള്ളിലെ വീതിയുള്ള പടവിലാണു കടുവ കിടക്കുന്നത് ശശീന്ദ്രന്റെ മകൻ ശ്രീരാജിന്റെ ഭാര്യ സിനൂജ കണ്ടത്. 15 അടി താഴ്ചയുള്ള കിണറിൽ 4 അടി വെള്ളമുണ്ടായിരുന്നു.

സ്ഥലത്തെത്തിയ വനപാലകർ ഷീറ്റും കയർ വലയും ഉപയോഗിച്ച് കിണർ മൂടി. തുടർന്ന് മയക്കുവെടി കൊണ്ടാലും കടുവ വെള്ളത്തിലേക്ക് വീഴാതിരിക്കാൻ പലക കഷ്ണങ്ങൾ നിരത്തി. കടുവയെ വലയിൽ കുടുക്കി ഉയർത്തിയ ശേഷം ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ മയക്കുവെടി വച്ചു. കിണറിന് പുറത്തെത്തിച്ച കടുവയെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. വിശദമായ പരിശോധനകൾക്ക് ശേഷമേ കടുവയെ കാട്ടിൽ തുറന്നു വിടണോ അതോ മൃഗശാലയിലേക്ക് മാറ്റണോ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ.

 കിണറ്റിൽ നിന്നു രക്ഷപ്പെടുത്തിയ കടുവയെ വനംവകുപ്പ് കൂട്ടിലാക്കിയപ്പോൾ.
കിണറ്റിൽ നിന്നു രക്ഷപ്പെടുത്തിയ കടുവയെ വനംവകുപ്പ് കൂട്ടിലാക്കിയപ്പോൾ.

ഇരജീവിയെ ഓടിക്കുന്നതിനിടെ കടുവ കിണറ്റിൽ വീണതാകാനാണ് സാധ്യത്. മുൻകാലിൽ ചെറിയ പരുക്കുണ്ട്. കടുവയുടെ ആക്രമണത്തിനിരയായി മൂടക്കൊല്ലി കൂടല്ലൂർ പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്തു നിന്നു 5 കിലോമീറ്റർ മാത്രം മാറിയാണു കടുവ കിണറ്റിൽ വീണത്. കിണറ്റിലകപ്പെട്ടതു കുട്ടിക്കടുവ ആയതിനാൽ തള്ളക്കടുവ സമീപ പ്രദേശങ്ങളിലുണ്ടാകാനും സാധ്യതയുണ്ട്. ഡിഎഫ്ഒ എ. ഷജ്ന, ചെതലയം റേഞ്ച് ഓഫിസർ കെ.പി. അബ്ദുൽ സമദ് തുടങ്ങിയവർ ദൗത്യത്തിന് നേതൃത്വം നൽകി.

ഒന്നു പിറകെ ഒന്നായി കടുവകൾ
എല്ലാ മാസവും ഒരു കടുവയെങ്കിലും കുടുങ്ങുമെന്ന അവസ്ഥയാണിപ്പോൾ വയനാട്ടിൽ. ബത്തേരി നാലാം മൈലിലുള്ള വന്യമൃഗ പരിപാലന കേന്ദ്രത്തിൽ ഇപ്പോൾ 7 കടുവകളാണ് അധിവസിക്കുന്നത്. 2023 ഡിസംബർ മുതൽ പിടിയിലായവയെല്ലാം വിവിധ മൃഗശാലകളിലാണ്. കഴിഞ്ഞ ഡിസംബറിൽ മൂടക്കൊല്ലി കൂടല്ലൂർ പ്രജീഷിനെ കൊന്ന കടുവ, ജനുവരിയിൽ കൊളഗപ്പാറ ചൂരിമലയിൽ നിന്നു പിടിയിലായ കടുവ, ഫെബ്രുവരിയിൽ മുള്ളൻ‌കൊല്ലിയിൽ നിന്നുള്ള കടുവ ഒടുവിൽ കഴിഞ്ഞ 12നു മൈലമ്പാടിയിൽ നിന്നു പിടിയിലായ കടുവ ഇവയെല്ലാം മൃഗശാലകളിലാണ്. 

മൈലമ്പാടിയിൽ നിന്നു പിടികൂടിയ കടുവയെ കഴിഞ്ഞ 21നു തിരുവനന്തപുരം മൃഗശാലയിലേക്കാണു മാറ്റിയത്. ഇന്നലെ കടുവ കിണറ്റിൽ വീണ സ്ഥലത്തു നിന്ന് ഒന്നര കിലോമീറ്റർ മാത്രം മാറിയാണ് ഞാറ്റാടിയിൽ 3 മാസം മുൻപ് കടുവ പശുവിനെ കൊന്നു ഭക്ഷിച്ചത്. കൂടാതെ സമീപ പ്രദേശങ്ങളായ പുല്ലുമല, സീസി, വാകേരി, മൂടക്കൊല്ലി, പാപ്ലശേരി, കല്ലൂർകുന്ന് ഇവിടങ്ങളിലെല്ലാം കടുവ എത്തിയിരുന്നു. 

കിണറ്റിൽ നിന്നു കടുവയെ മയക്കുവെടി വച്ചു പിടികൂടിയ ശേഷം കൂട്ടിലാക്കാൻ എടുത്തു കൊണ്ടു പോകുന്നു.
കിണറ്റിൽ നിന്നു കടുവയെ മയക്കുവെടി വച്ചു പിടികൂടിയ ശേഷം കൂട്ടിലാക്കാൻ എടുത്തു കൊണ്ടു പോകുന്നു.

ദൗത്യം നീണ്ടത് 5 മണിക്കൂർ 
ബത്തേരി ∙ മൂന്നാനക്കുഴി യൂക്കാലിക്കവലയിൽ കിണറ്റിൽ വീണ 2 വയസ്സ് പ്രായം മതിക്കുന്ന പെൺകടുവയെ രക്ഷിക്കാനുള്ള ദൗത്യം നീണ്ടത് 5 മണിക്കൂർ. കിണറ്റിൽ നിന്നു കരകയറ്റിയ കടുവയെ ബത്തേരി നാലാം മൈലിലുള്ള വന്യജീവി പരിപാലന കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. വിശദമായ പരിശോധനകൾക്കു ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശങ്ങൾ അനുസരിച്ചാകും തുടർ നടപടികൾ. 

യൂക്കാലിക്കവല കാക്കനാട്ട് ശശീന്ദ്രന്റെ പുരയിടത്തിൽ വീട്ടിൽ നിന്ന് 100 മീറ്റർ മാറി കാപ്പിത്തോട്ടത്തിലുള്ള കിണറിലാണു കടുവ അകപ്പെട്ടത്. ഇരയെ ഓടിക്കുന്നതിനിടെ കിണറ്റിൽ വീണതാകാമെന്നാണു നിഗമനം. 2നു രാത്രി ഒൻപതോടെ മോട്ടർ അടിച്ചിട്ടും ടാങ്കിലേക്ക് വെള്ളമെത്താത്തിനെ തുടർന്ന് ഇന്നലെ രാത്രി വീട്ടുകാർ നോക്കിയപ്പോഴാണ് കിണറിനുള്ളിൽ കടുവയെ കണ്ടത്. അപ്പോഴേക്കും കടുവ കിണറ്റിൽ വീണിട്ട് 12 മണിക്കൂർ പിന്നിട്ടിരിക്കാമെന്നാണു കരുതുന്നത്. തുടർന്ന് ഇന്നലെ രാവിലെ എട്ടരയ്ക്കു തുടങ്ങിയ രക്ഷാദൗത്യം ഉച്ചയ്ക്ക് ഒന്നര വരെ നീണ്ടു.

വെള്ളത്തിനു മുകളിൽ പലകത്തട്ടിട്ട് കടുവയെ വലയിൽ കുരുക്കി മയക്കുവെടി
15 അടി താഴ്ചയുള്ള കിണറ്റിൽ 4 അടി വെള്ളമാണ് ഉണ്ടായിരുന്നത്. 10 അടിക്കു ശേഷം വലുപ്പം കുറഞ്ഞ റിങ്ങുകളാണ് ഇറക്കിയിരുന്നത്. അതിനാൽ 10 അടിയിൽ കടുവയ്ക്കു കയറിക്കിടക്കാൻ പാകത്തിൽ ഇടത്തട്ടുണ്ടായിരുന്നു. കിണറ്റിലേക്കു വീണ ഉടനെ കടുവ ഇവിടെ കയറിക്കിടക്കുകയായിരുന്നെന്നാണു നിഗമനം.

കിണറ്റിൽ മുകളിൽ വലിച്ചിരുന്ന വല പൊട്ടിയിരുന്നു. മോട്ടറിൽ ഘടിപ്പിച്ചിരുന്ന പൈപ്പും മുകളിലേക്കു വെള്ളം പോകുന്ന പൈപ്പുമൊക്കെ കടുവ കടിച്ചു മുറിച്ചിരുന്നു. അതിനാലാണ് വെള്ളം കയറാതിരുന്നത്.  സ്ഥലത്തെത്തിയ വനപാലകരും ആർആർടി സംഘവും ആദ്യം തന്നെ കിണർ കയർ പലകയും ഷീറ്റും ഉപയോഗിച്ച് മൂടി. അതിനു ശേഷം തൂണുകൾ നാട്ടി കപ്പിയും കയറുമിട്ടു. പിന്നീട് പ്ലാസ്റ്റിക് ഷീറ്റ് നീക്കി കിണറ്റിലേക്ക് പലകത്തട്ട് ഇറക്കി. മയക്കുവെടിയേൽക്കുന്ന കടുവ വെള്ളത്തിലേക്കു മയങ്ങി വീഴാതിരിക്കാനായിരുന്നു ഇത്. 

തുടർന്ന് വലയെറിഞ്ഞു കടുവയെ അതിൽ കുരുക്കി. പിന്നീട് പാതി വലിച്ചുയർത്തിയ ശേഷം വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ മയക്കുവെടി ഉതിർത്തു. അപ്പോഴേക്കും സമയം ഒന്നേകാൽ ആയിരുന്നു. കടുവ പൂർണമായി മയങ്ങിയ ശേഷം വല ഉയർത്തി സമീപത്തായി എത്തിച്ച് ട്രാക്ടറിലേക്കു മാറ്റി. ഉടൻ ബത്തേരിയിലെ വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് നീക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com