സിപിഐക്കെതിരെ രൂക്ഷവിമർശനവുമായി കർഷക ഉച്ചകോടി
Mail This Article
മാനന്തവാടി ∙ കേരളത്തിലെ കർഷകരെ നിരന്തരം ദ്രോഹിക്കുന്ന നയങ്ങൾ കാലാകാലങ്ങളിൽ നടപ്പിലാക്കി വരുന്ന സിപിഐയെ തിരിച്ചറിഞ്ഞ് കർഷകർ പ്രതികരിക്കണമെന്ന് മാനന്തവാടിയിൽ നടന്ന കർഷക ഉച്ചകോടി ആവശ്യപ്പെട്ടു. സർക്കാരിലെ പ്രധാനപ്പെട്ട കൃഷി, റവന്യു, വനം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സിപിഐയുടെ നയങ്ങളുടെ പരിണിത ഫലങ്ങളാണ് ഇന്ന് കർഷകർ അനുഭവിക്കുന്നത്. കൃഷി വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വമ്പൻ കാർഷിക മാർക്കറ്റുകൾ, വിഎഫ്പിസികെ, ഹോർട്ടി കോർപ്, കേര ഫെഡ് തുടങ്ങിയ സംവിധാനങ്ങളൊക്കെ കർഷക വിരുദ്ധമായതിന്റെ ഉത്തരവാദിത്തം കൃഷിവകുപ്പ് ഭരിക്കുന്ന സിപിഐക്കാണ്. കാർഷിക ഉൽപന്ന താങ്ങുവിലയും സംഭരണവും തട്ടിപ്പാണ്.
27 ലക്ഷം ഭൂരഹിത സമൂഹം കേരളത്തിൽ ഭൂമിക്കായി കാത്തിരിക്കുമ്പോൾ ദേശീയ ശരാശരിയായ 24 ശതമാനത്തേക്കാൾ ഇരട്ടി വനാവരണമുള്ള കേരളത്തിൽ ഫലഭുഷ്ടമായ ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമി വനമാക്കി മാറ്റിയതിന് പിന്നിലും സിപിഐ മന്ത്രിമാരുടെ സ്ഥാപിത താൽപര്യങ്ങളാണ്. ഒരു സർക്കാർ ഉത്തരവിലൂടെ ഒറ്റയടിക്ക് ഏറെ ലളിതമായി പരിഹരിക്കാൻ കഴിയുമായിരുന്ന പശ്ചിമഘട്ടത്തിലെ ഭൂവിഷയങ്ങൾ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിലേക്ക് വരെ നയിക്കുന്ന സങ്കീർണ പ്രശ്‌നങ്ങളാക്കിയതും സിപിഐ ഭരിക്കുന്ന മന്ത്രിമാരും വകുപ്പുകളുമാണെന്ന് ഉച്ചകോടി ആരോപിച്ചു.
സ്വയംരക്ഷയ്ക്ക് കാട്ടുമൃഗങ്ങളെ കൃഷിയിടങ്ങളിൽ വെടിവച്ച കർഷകരെ നിയമ വിരുദ്ധമായി ജയിലിൽ അടച്ചപ്പോൾ പരിസ്ഥിതിക്കാരെ പിന്തുണച്ച മന്ത്രിമാരെയും അവരുടെ പാർട്ടിയെയും തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു.രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷനൽ കോ-ഓർഡിനേറ്റർ കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന ചെയർമാൻ ബേബി സക്കറിയാസ് അധ്യക്ഷത വഹിച്ചു. ജോയി കണ്ണൻചിറ, റസാക്ക് ചൂരവേലി, ബിനോയ ് തോമസ്, എ.ഡി. ജോൺസൺ, കമൽ ജോസഫ്, ബെസി പാറക്കൽ, ജിന്നറ്റ് മാത്യു, ഷാജി എൻ. ജോർജ്, മാത്യു ജോസ്, റോജർ സബാസ്റ്റ്യൻ, ബോണി ജേക്കബ്, ഗഫൂർ വെണ്ണിയോട് എന്നിവർ പ്രസംഗിച്ചു.