ADVERTISEMENT

പുൽപള്ളി ∙ തീക്കനൽ പോലെ എരിയുന്ന ചൂടിൽ നാട് വിങ്ങുന്നു. പകൽസമയം വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് കർഷകർ. കരിഞ്ഞുണങ്ങിയ തോട്ടങ്ങളിൽ നിറയെ കരിയില. ചെറിയൊരു തീപ്പൊരി വീണാൽ തോട്ടങ്ങളിൽ തീ പടരും.  സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന ഭാഗം മണിക്കൂറുകൾക്കുള്ളിൽ കരിയുന്നു. ചെടികളുടെ ജലാംശം നഷ്ടപ്പെട്ട് അവ സർവനാശത്തിലേക്കു നീങ്ങുന്നു. വൈകാതെ മഴ പെയ്തില്ലെങ്കിൽ അതിർത്തി ഗ്രാമങ്ങളിൽ സർവനാശമുണ്ടാകും.

കർഷകരുടെ വർഷങ്ങളായുള്ള കഷ്ടപ്പാടിന്റെ ഫലമാണ് വീണ്ടെടുപ്പില്ലാത്ത വിധം എരിഞ്ഞു തീരുന്നത്. കൃഷി നനയ്ക്കാൻ തുള്ളി വെള്ളമില്ല. കുടിവെള്ളത്തിനും ക്ഷാമമേറി. കുളങ്ങൾ, തോടുകൾ എന്നിവയെല്ലാം വരണ്ടു. മുള്ളൻകൊല്ലിയുടെ വിവിധ സ്ഥലങ്ങളിൽ പഞ്ചായത്ത് കുടിവെള്ളം എത്തിക്കുന്നു.ഇതും തികയുന്നില്ല. 

കബനി വറ്റിയതോടെ കുടിവെള്ളം മുടങ്ങുമെന്ന ആശങ്കയുമുണ്ട്. കാലവർഷം ദുർബലമായിരുന്ന ഇവിടെ മഴക്കാലം കഴിയും മുൻപെ വരൾച്ച ആരംഭിച്ചു. കഴിഞ്ഞ വർഷം കൃഷി മുടങ്ങിയ സാഹചര്യമുണ്ടായി. മഴ കുറഞ്ഞ വയനാട്ടിൽ വേനൽ ശക്തമാകുമെന്ന മുന്നറിയിപ്പു കാര്യമായി എടുക്കുകയോ, വരൾച്ച ഉണ്ടായാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സ്വീകരിക്കുകയോ ചെയ്തില്ല. ജില്ലാ ദുരന്തനിവാരണ സമിതി നൽകിയ നിർദേശങ്ങൾ പഞ്ചായത്തുകളിൽ നടപ്പായില്ല. 

ജലസ്രോതസ്സുകൾ സംരക്ഷിക്കാനോ, തടയണകളുടെ തകരാറുകൾ പരിഹരിച്ച് ജലം കരുതാനോ ശ്രദ്ധിച്ചതുമില്ല. സാമ്പത്തിക പ്രതിസന്ധി മൂലം നിയന്ത്രണങ്ങൾ കടുപ്പിച്ചതും മറ്റൊരു കാരണമായി. ഒരു കാര്യത്തിനും സർക്കാർ അനുമതിയില്ല.

കർഷകർക്ക് നഷ്ടം നൽകണം.
മുള്ളൻകൊല്ലി ∙ കൊടും വരൾച്ചയിൽ കൃഷിനാശമുണ്ടായ കർഷകർക്ക് അർഹമായ നഷ്ടം നൽകണമെന്ന് കർഷകർ. നാണ്യവിളകളും പച്ചക്കറികളുമെല്ലാം നശിക്കുന്നു. കാപ്പി, കുരുമുളക്, തെങ്ങ്, കമുക് എന്നിവയിലെ നഷ്ടം വലുതാണ്. പുൽകൃഷി അടക്കം ഉണങ്ങി നശിച്ചു.  തിരഞ്ഞെടുപ്പാണെന്ന കാരണത്താൽ ഭരണകർത്താക്കൾ കൈ മലർത്തുന്നതിനു നീതീകരണമില്ലെന്നു കർഷകർ പറയുന്നു. തിരഞ്ഞെടുപ്പിൽ ജനങ്ങളാണ് വോട്ട് ചെയ്യേണ്ടത്. 

ഈ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ട ഉത്തരവാദിത്വം ഭരണകർത്താക്കൾക്ക് ഉണ്ടെന്നും കർഷക സംഘടനകൾ ചൂണ്ടിക്കാട്ടി.  നാട്ടിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും കർഷകർ നേരിടുന്ന ദുരന്തത്തെ കണ്ടില്ലെന്നു നടിക്കുന്നു. നിലനിൽപു കഴിഞ്ഞുള്ള തിരഞ്ഞെടുപ്പ് മാത്രമേ കർഷകർക്കുള്ളൂവെന്നും ഈ സമയത്ത് കർഷകരെ പ്രതിഷേധത്തിലേക്കും സമരത്തിലേക്കും തള്ളിവിടാതിരിക്കാനുള്ള ഉത്തരവാദിത്വവും ഭരണകർത്താക്കൾക്ക് ഉണ്ടെന്നും കർഷകർ പറയുന്നു.

കൃഷി ഉദ്യോഗസ്ഥർ മുള്ളൻകൊല്ലിയിലെ ചില തോട്ടങ്ങൾ സന്ദർശിച്ചെങ്കിലും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കാൻ തയാറായില്ല.പ്രദേശത്തെ ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചാൽ മാത്രമേ തുടർനടപടിക്കു സാധ്യതയുള്ളൂവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സർക്കാരിൽ സമ്മർദം ചെലുത്താനും ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താനും കഴിയുന്ന നേതാക്കളും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഇക്കാര്യത്തിൽ അമാന്തം കാണിക്കരുതെന്നും കർഷകർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com