ADVERTISEMENT

പനമരം ∙ ജില്ലയിലെ കനത്ത ചൂടിൽ ഇറച്ചിക്കോഴി വളർത്തു കേന്ദ്രങ്ങളിലെ കോഴികളും കുളങ്ങളിലെ വളർത്തു മീനുകളും ചത്തൊടുങ്ങുന്നു. അതികഠിനമായ ചൂടിൽ പനമരം പഞ്ചായത്തിലെ നടവയൽ ചേരവയൽ ജോബിയുടെ മുന്നൂറോളം ഇറച്ചിക്കോഴികളാണു കഴിഞ്ഞ 2 ദിവസങ്ങളിലായി ചത്തുവീണത്. ഒട്ടേറെ കോഴിഫാമുകളുള്ള നടവയൽ മേഖലയിൽ കനത്ത ചൂടിൽ ഇറച്ചിക്കോഴി, മുട്ടക്കോഴി അടക്കം ചത്തുവീണു തുടങ്ങിയതോടെ ബാക്കിയുള്ള കോഴികളെ ചൂടിൽ നിന്നു സംരക്ഷിക്കാൻ കർഷകർ പെടാപ്പാടു പെടുകയാണ്.

നടവയൽ മേഖലയിലെ കനത്ത ചൂടിൽ ചേരവയൽ ജോബിയുടെ 
ഇറച്ചിക്കോഴികൾ ചത്തുവീണ നിലയിൽ.
നടവയൽ മേഖലയിലെ കനത്ത ചൂടിൽ ചേരവയൽ ജോബിയുടെ ഇറച്ചിക്കോഴികൾ ചത്തുവീണ നിലയിൽ.

കൂടിനു ചുറ്റും നനഞ്ഞ ചാക്കുകളിട്ടും സ്പ്രിൻക്ലർ ഉപയോഗിച്ച് മേൽക്കൂര നനച്ചും മേൽക്കൂരയ്ക്ക് അടിയിൽ തുണിയും നെറ്റും വലിച്ചും മുട്ടക്കോഴിയുടെ കൂടിന്റെ മുകളിൽ തെങ്ങോല നനച്ചിട്ടും കോഴികളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ജലക്ഷാമവും കനത്ത ചൂടും മൂലം കോഴി ഉൽപാദനം വൻതോതിൽ കുറഞ്ഞ സാഹചര്യത്തിൽ ഉൽപാദിപ്പിക്കുന്ന കോഴികൾ ചൂടു കൊണ്ട് ചാകുന്നതു കോഴിക്കർഷകരെ ദുരിതത്തിലാക്കുന്നു. 

കോഴികൾ കൂടുതലായി ചാകുന്നതു പനമരം പഞ്ചായത്തിലാണെങ്കിൽ വളർത്തു മീനുകൾ ചത്തുപൊങ്ങുന്നത് കണിയാമ്പറ്റ പഞ്ചായത്തിലെ ചിറ്റാലൂർക്കുന്നിലെ കുളങ്ങളിലാണ്. പ്രദേശത്തെ പരുവുമ്മേൽ ബേബിയുടെ കുളത്തിൽ മാത്രം രണ്ടു ക്വിന്റലോളം മീനാണു കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ചത്തുപൊങ്ങിയത്. ചൂട് കൂടുന്നതു മൂലം കുളങ്ങളിലെ വെള്ളം വറ്റുന്നതും നിലവിലുള്ള വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതുമാണ് ചെറുതും വലുതുമായ മീനുകൾ ചത്തുപൊങ്ങാൻ കാരണമെന്ന് കർഷകർ പറയുന്നു.

കുളങ്ങളിലെ വെള്ളം ക്രമാതീതമായി കുറയുന്നത് മീൻ വളർത്തുന്ന കർഷകരെ ഏറെ ബാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.കനത്ത ചൂടിൽ കാർഷികവിളകൾ കരിഞ്ഞുണങ്ങുന്നതിന് ഒപ്പം കോഴിഫാമുകളിലെ കോഴികളും കുളങ്ങളിലെ മീനുകളും ചത്തുപൊങ്ങുന്നത് കണ്ടു നിൽക്കേണ്ട അവസ്ഥയാണ് കർഷകർക്കുള്ളത്. ബുധനാഴ്ച നടവയൽ പ്രദേശത്തു കൂടിയ താപനിലയാണ് രേഖപ്പെടുത്തിയത്. അന്നേ ദിവസം വൈകിട്ടോടെയാണു കോഴികളും മീനുകളും കൂടുതൽ ചത്തതും. 

ചൂടുമൂലം കോഴികളും വളർത്തുമീനുകളും ചാകുന്നത് ആദ്യത്തെ അനുഭവമാണെന്ന് 2 വർഷമായി കോഴിഫാം നടത്തുന്ന ജോബിയും 3 വർഷത്തിലേറെയായി മീൻകൃഷി നടത്തുന്ന ബേബിയും പറയുന്നു. കിണറുകളിലടക്കം വെള്ളം വറ്റിയതിനാൽ പുറമേ നിന്നു കുളങ്ങളിലേക്ക് ജലം എത്തിക്കാൻ സാധിക്കുന്നില്ലെന്നും അടുത്ത ദിവസം തന്നെ വേനൽ മഴ ലഭിച്ചില്ലെങ്കിൽ പ്രശ്നം ഗുരുതരമാകുമെന്നും കർഷകർ പറയുന്നു.

കോഴികൾ ചത്തത്  ഉഷ്ണ സമ്മർദം മൂലം
നന്നായി തീറ്റയെടുത്തിരുന്ന കോഴികൾ പെട്ടെന്നു തീറ്റയോട് മടുപ്പു കാണിക്കുകയും ഉയർന്ന നിരക്കിലും വേഗത്തിലുള്ള ശ്വാസോച്ഛ്വാസവും വായ് തുറന്നു പിടിച്ചുള്ള ശ്വാസമെടുപ്പ്, ധാരാളം വെള്ളം കുടിക്കുന്നതും തണലിടങ്ങളിൽ കൂട്ടമായി തൂങ്ങി നിൽക്കുന്നതുമെല്ലാം ഉഷ്ണ സമ്മർദത്തിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ സമയം നിൽക്കാനുള്ള പ്രവണത കാണിക്കുന്നതും ചിറകുകൾ ഉയർത്തിയും വിടർത്തിപ്പിടിക്കുന്നതും മറ്റു ലക്ഷണങ്ങളാണ്.

കൂടാതെ മുട്ടക്കോഴികളിൽ മുട്ടയുൽപ്പാദനം 30 മുതൽ 40 ശതമാനം വരെ പെട്ടെന്നു കുറയുന്നതിനൊപ്പം മുട്ടയുടെ വലുപ്പവും പുറംതോടിന്റെ കനം കുറയുന്നതും മുട്ടകൾ പെട്ടെന്നു പൊട്ടുന്നതും ഇറച്ചിക്കോഴികളുടെ വളർച്ചയും ഭാരവും കുറയുന്നതും ഉഷ്ണ സമ്മർദം മൂലമാണെന്നു പറയപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com