ചീയമ്പം കോളനി: അനാഥമായി 2 പദ്ധതികൾ; ജലക്ഷാമം രൂക്ഷം
Mail This Article
പുൽപള്ളി ∙ വനാതിർത്തിയിലെ ചീയമ്പം ഗോത്രസങ്കേതത്തിൽ ശുദ്ധജലമില്ലാതെ നട്ടംതിരിഞ്ഞ് ജനം. ഇവിടെ 4 കോളനികളിലായി കഴിയുന്ന 325 കുടുംബങ്ങളിൽ കുറച്ചു പേർക്കു മാത്രമേ സ്വന്തമായി കിണറുള്ളൂ. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും വിലകൊടുത്തു വെള്ളം വാങ്ങുന്നു. അതിനു നിവൃത്തിയില്ലാത്തവർ കന്നാരംപുഴക്കരയിൽ കുഴികുത്തി അതിലൂറി വരുന്ന വെള്ളം ശേഖരിച്ചു കഴിയുന്നു. കോളനിയിൽ ശുദ്ധജല വിതരണത്തിനു നിർമിച്ച രാജീവ് ശുദ്ധജല പദ്ധതിയും കാട്ടുനായ്ക പാക്കേജിൽ നിർമിച്ച പദ്ധതിയും വർഷങ്ങളായി നോക്കുകുത്തിയായി കിടക്കുന്നു.
ജലജീവൻ മിഷൻ പദ്ധതിയിൽ വൻതുക മുടക്കി കോളനിയാകെ പൈപ്‌ലൈൻ സ്ഥാപിച്ച് എല്ലാ വീടുകളിലും ടാപ്പിട്ടിട്ടു മാസങ്ങളായി. ഇതുവരെ തുള്ളിവെള്ളം അതിലെത്തിയില്ല. ആഴ്ചയിൽ കുറഞ്ഞത് 500 രൂപ നൽകിയാണ് ഒന്നും രണ്ടും ലോഡ് വെള്ളം വാങ്ങുന്നത്. ആട്, മാടുകളെ വളർത്തിയരുന്നവർ അവയെ വിറ്റൊഴിവാക്കി. പഞ്ചായത്തിന്റെ ജലവിതരണം ആഴ്ചയിലൊരിക്കലാണ്. പാത്രങ്ങളില്ലാത്തവർക്കു കൂടുതൽ വെള്ളം ശേഖരിക്കാനും കഴിയില്ല.
തുണിയലക്കാനും കുളിക്കാനും കന്നാരംപുഴയിലെ ചാലുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം മാത്രം. കൂടുതൽ കുടുംബങ്ങൾ വെള്ളമെടുക്കാൻ കേണിക്കരികിൽ ഊഴമിട്ട് കാത്തിരിക്കണം. കലങ്ങിമറിയുന്ന ഊറൽ തെപ്പിയെടുത്ത് അരിച്ച് ഏറെ സമയം വച്ചാണു തെളിച്ചെടുക്കുന്നത്. ജില്ലയിലെ പ്രധാന ഗോത്ര സങ്കേതങ്ങളിലൊന്നാണിത്. വനാവകാശ നിയമപ്രകാരം ഭൂമി സ്വന്തമായുണ്ടെങ്കിലും ശുദ്ധജലമില്ല. ജോലിയും വരുമാനവുമുള്ള ചിലർ കുഴൽക്കിണർ നിർമിച്ചു. ഇവിടത്തെ ജലക്ഷാമം പലപ്പോഴും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ശാശ്വതമായ പരിഹാരമുണ്ടായിട്ടില്ല. കടുവയും ആനയുമിറങ്ങുന്ന കന്നാരംപുഴക്കരയിലേക്കു സന്ധ്യകഴിഞ്ഞാൽ പോകാനുമാകില്ല.
സമരം നടത്തുമെന്ന് ഊരുകൂട്ടം
ചീയമ്പം ∙ ഗോത്രസങ്കേതത്തിലെ ശുദ്ധജലക്ഷാമത്തിന് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് കോളനി ഊരുകൂട്ടം ആവശ്യപ്പെട്ടു. എല്ലാ വീടുകളിലും ശുദ്ധജലമെന്നു പറഞ്ഞ് ടാപ്പ് സ്ഥാപിച്ചിട്ടു മാസങ്ങളായെങ്കിലും കോളനിക്കാർ ഇപ്പോഴും വിലകൊടുത്തു ശുദ്ധജലം വാങ്ങേണ്ട ഗതികേടിലാണ്. ഇവിടെ നിർമിച്ച പദ്ധതികൾ പൂർത്തീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ താൽപര്യം കാണിച്ചില്ല. ഒഴിഞ്ഞ പാത്രങ്ങളുമായി കോളനിക്കാർ സമരത്തിനിറങ്ങുമെന്നും മുന്നറിയിപ്പു നൽകി. തിരഞ്ഞെടുപ്പ് നിയന്ത്രണങ്ങളെന്നു പറഞ്ഞു ശുദ്ധജലം നിഷേധിക്കുന്ന സമീപനം അവസാനിപ്പിക്കണം. ബി.വി.ബോളൻ അധ്യക്ഷത വഹിച്ചു. വി.എൻ.ഭാസ്കരൻ, അപ്പിബോളൻ, മാസ്തികാളൻ, ഗീതാ വിജയൻ എന്നിവർ പ്രസംഗിച്ചു.