ADVERTISEMENT

പുൽപള്ളി ∙ കത്തിപ്പടർന്ന മീനച്ചൂട് മേടത്തിലേക്കു മാറി ആളിക്കത്തുന്നതോടെ നാടൊട്ടുക്കും ജലക്ഷാമം രൂക്ഷമായി. ആഴമുള്ള കുഴൽക്കിണറുകളും വറ്റിയതോടെ ജനജീവിതം ദുഷ്കരമായി. ഗ്രാമങ്ങളിലെ വിവിധ കോളനികളിലും സ്ഥാപനങ്ങളിലും വെള്ളമില്ല. ടൗണിലെ പല സ്ഥാപനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. ശുചിമുറി ആവശ്യത്തിനു വെള്ളമില്ലാതായതോടെ പൊതു സ്ഥലങ്ങളിലെ ശുചിമുറികൾ അടച്ചിട്ടു. ആശുപത്രികൾ, ഹോട്ടലുകൾ എന്നിവയുടെ പ്രവർത്തനവും തടസ്സപ്പെടുന്നു. കൊളവള്ളി ഗോത്രസങ്കേതത്തിലെ നൂറിലേറെ കുടുംബങ്ങൾക്ക് കുടിവെള്ളമില്ല. ഇവിടെ വല്ലപ്പോഴും ഓരോ ലോഡ് വെള്ളം കൊണ്ടുവന്നു വിതരണം ചെയ്യുന്നു. 

അത് ഒട്ടും തികയുന്നില്ല. പാത്രങ്ങൾ പാതയോരത്ത് നിരത്തിവച്ച് അവർ കാത്തിരിക്കുന്നു. കബനി ശുദ്ധജല വിതരണ പദ്ധതിയിൽ പമ്പിങ് നടക്കുമ്പോഴും ഉയർന്ന സ്ഥലമായതിനാൽ ഇവിടെ വെള്ളമെത്താറില്ല. സ്ഥിരം സംവിധാനമെന്ന നിലയിൽ ഒരു കിയോസ്ക് സ്ഥാപിച്ചിരുന്നു. അതിൽ വെള്ളമെത്താറേയില്ല.  വണ്ടിക്കടവിലും പട്ടാണിക്കൂപ്പിലും കുറിച്ചിപ്പറ്റയിലും ആനപ്പാറയിലും ജനം നട്ടംതിരിയുന്നു. പൂതാടി പഞ്ചായത്തിലെ ചീയമ്പം, ഇരുളം മേഖലകളിലും ശുദ്ധജലത്തിനു ജനം നെട്ടോട്ടമോടുന്നു. കബനിപ്പുഴ വറ്റിയതോടെ തുണിയലക്കാനും കുളിക്കാനും വെള്ളമില്ല. കുഴികളിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിലാണു പലരും കുളിക്കുന്നത്.

കബനി ശുദ്ധജല വിതരണ പദ്ധതിക്കു പുറമേ മരക്കടവ്, കൃഗന്നൂർ, കൊളവള്ളി ജലസേചന പദ്ധതികളുടെ പ്രവർത്തനവും നിലച്ചു. മോട്ടർ ഓൺ ചെയ്താൽ ചെളിയടിച്ചു കയറുന്നു. മൂന്നിടത്തും നെൽക്കൃഷിയിറക്കിയവർ കടുത്ത നിരാശയിലായി. കതിരാകാറായെ നെല്ലാണു വെള്ളമില്ലാതെ വാടിയുണങ്ങുന്നത്. കബനിയുടെ മറുകരയിലെ മച്ചൂർ ജലപദ്ധതിയും നിശ്ചലമായതോടെ അവിടത്തെ കൃഷികളും കരിഞ്ഞുണങ്ങി. ശുദ്ധജല പദ്ധതിയുടെ പമ്പിങ് നിലച്ച് ദിവസങ്ങൾ കഴിഞ്ഞു. ചെറിയ മോട്ടർ ഉപയോഗിച്ച് നടത്തിയിരുന്ന പമ്പിങ്ങും നിർത്തി. കാരാപ്പുഴയിൽ നിന്നോ, ബാണാസുര സാഗറിൽ നിന്നോ കബനിയിലേക്കു വെള്ളം തുറന്നുവിടാനാണു തീരുമാനം. ഈ വെള്ളം പാഴാകാതെ തടയാനാണ് തടയണ നിർമിക്കുന്നത്.

തടയണ നിർമാണം നേരത്തെ തുടങ്ങും 
മുള്ളൻകൊല്ലി ∙ ശുദ്ധജല വിതരണത്തിനുള്ള തടയണ നിർമാണം ഇന്നു രാവിലെ 8.30നു മരക്കടവിലാരംഭിക്കും. ശക്തമായ വെയിൽ കണക്കിലെടുത്താണു ശ്രമദാനം നേരത്തെയാരംഭിക്കാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീ തുടങ്ങിയവയുടെയും സഹകരണത്തോടെയാണു തടയണ നിർമാണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരമാണിത്. കബനിയിലേക്ക് ഒഴുക്കുന്ന വെള്ളം പാഴാകാതെ പമ്പിങ്ങിങിനുപയോഗിച്ച് മുടങ്ങിയ ജലവിതരണം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com