ADVERTISEMENT

പുൽപള്ളി ∙ ചുട്ടുപഴുക്കുന്ന വരൾച്ചയിൽ വലയുകയാണു ഗോത്ര–വനഗ്രാമമായ ചേകാടി. കുടിക്കാനും കൃഷി നനയ്ക്കാനും വെള്ളമില്ലാത്തത് ഈ നാടിനു പരിചയമില്ലാത്ത കാര്യമായിരുന്നു. വനത്താൽ ചുറ്റപ്പെട്ട ചേകാടിയിലെ തോട്ടങ്ങൾ വാടിയുണങ്ങി. കബനി വറ്റിയതോടെ കർഷകർ തോട്ടം നനയ്ക്കൽ നിർത്തി. 400 ഗോത്രകുടുംബങ്ങളും 100 ഓളം ജനറൽ വിഭാഗക്കാരുമാണ് ചേകാടിയിൽ താമസം. കോളനികൾ കേന്ദ്രീകരിച്ച് ജലവിതരണ പദ്ധതികളുണ്ടെങ്കിലും പലതിലും വെള്ളമില്ല.

വരൾച്ചയിൽ വറ്റിയ കബനിപ്പുഴയുടെ ചേകാടി ഭാഗം. ഈ ഭാഗത്തു പുഴയിത്രയും വരളുന്നത് ആദ്യമെന്നു നാട്ടുകാർ.
വരൾച്ചയിൽ വറ്റിയ കബനിപ്പുഴയുടെ ചേകാടി ഭാഗം. ഈ ഭാഗത്തു പുഴയിത്രയും വരളുന്നത് ആദ്യമെന്നു നാട്ടുകാർ.

താഴശേരി കോളനിയിലെ പദ്ധതിയിൽ പമ്പിങ് ആഴ്ചയിലൊരിക്കൽ മാത്രം. വനത്തിലൂടെ ഏറെ സഞ്ചരിച്ച് പുഴയിൽ നിന്നാണിപ്പോൾ കോളനിക്കാർ കുടിക്കാൻ വെള്ളമെടുക്കുന്നത്. മച്ചിമൂല കോളനിയിൽ ഊഴം വച്ചാണ് പമ്പിങ്. ഇവിടെയും വെള്ളമില്ല. ഗ്രാമത്തിലാകെയുള്ളതു വിരലിലെണ്ണാവുന്ന കുഴൽക്കിണറുകൾ മാത്രം. അതിൽ പലതിലും വെള്ളമില്ല. 

ചെറിയ കിണറുകളാണ് ഓരോ വീട്ടുകാർക്കും. അതിൽ മിക്കതിലും വെള്ളമില്ല. ജില്ലയിലെ വലിയ പാടങ്ങളിലൊന്നാണ് ചേകാടിയിലേത്. അതിൽ ജലസേചനത്തിന് കോടികൾ ചെലവിട്ടു നിർമിച്ച പന്നിക്കൽ പദ്ധതി നോക്കുകുത്തിയായി. പദ്ധതിയുടെ പമ്പ് വെള്ളത്തിനു മുകളിലാണ്. ഇക്കൊല്ലം ഗ്രാമത്തിലാരും പുഞ്ചക്കൃഷി നടത്താത്തത് ഭാഗ്യമായി.

ചേകാടി കടവിനു മുകളിൽ ഷാണമംഗലം, ബാവലി ശുദ്ധജല പദ്ധതികളുടെ പമ്പിങ് മുടങ്ങി. തോണിക്കടവ് ഭാഗത്ത് പുഴയിൽ പാറക്കൂട്ടങ്ങൾ മാത്രം. താഴശേരി, വിലങ്ങാടി, ഭാഗത്ത് വെള്ളംതേടി പകൽസമയത്തും ആനയടക്കമുള്ള വന്യമൃഗങ്ങളെത്തുന്നുണ്ട്. വനാതിർത്തിയിൽ പകൽ സമയത്ത് ആളുകൾ പ്രവേശിക്കുന്നതു വനംവകുപ്പ് വിലക്കിയിട്ടുണ്ട്. വെട്ടത്തൂർ റോഡിൽ മിക്കപ്പോഴും ആനയുണ്ട്. ഇരുചക്രവാഹനങ്ങളുടെ നേരെ ഇവ പാഞ്ഞടുക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com