ADVERTISEMENT

മാനന്തവാടി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ദുരിതക്കാഴ്ചകൾ
മാനന്തവാടി ∙ വേനൽ മഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശം. ആയിരക്കണക്കിന് വാഴകൾ നിലംപൊത്തി.  മൂപ്പെത്താറായ വാഴകളാണു വീണവയിൽ ഏറെയും.  നഗരസഭ, എടവക, തവിഞ്ഞാൽ, തിരുനെല്ലി  പഞ്ചായത്തുകൾ എന്നിവടങ്ങളിലെല്ലാം കൃഷി നാശമുണ്ട്. നഷ്ടപരിഹാരത്തുക താമസം കൂടാതെ നൽകണമെന്നാണ്  കർഷകരുടെ ആവശ്യം. 

തവിഞ്ഞാൽ 44ൽ ഊരകോട്ടിൽ സലീമിന്റെ  ആയിരത്തിലധികം വാഴകൾ നിലംപതിച്ചു. തൊട്ടടുത്ത് തന്നെയുള്ള പുല്ലാട്ട് സന്തോഷ്, പ്രദീപൻ, പോലക്കാടൻ സെയ്തലവി എന്നിവരുടെ  വാഴകളും കഴിഞ്ഞ ദിവസത്തെ കാറ്റിൽ നശിച്ചു. ഇവിടെ മാത്രം  3000ൽ ഏറെ  വാഴകളാണ്  നിലംപതിച്ചത്. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തവിഞ്ഞാൽ കൃഷി ഓഫിസർ സ്ഥലം സന്ദർശിച്ചു.

വരദൂർ  കീരിപ്പറ്റക്കുന്നിൽ കാറ്റെടുത്തത് 5,000 വാഴകൾ
വരദൂർ ∙ വെള്ളിയാഴ്ചത്തെ മഴയിലും ശക്തമായ കാറ്റിലും കണിയാമ്പറ്റ ചിത്രമൂല എൻ.സി.രാജേഷും കെ.ചന്ദ്രനും ചേർന്നു വരദൂർ കീരിപ്പറ്റക്കുന്നിൽ അഞ്ചര ഏക്കറിൽ നടത്തിയ കര വാഴക്കൃഷിയിലെ ഭൂരിഭാഗവും ഒടിഞ്ഞു നശിച്ചു. ആറായിരത്തിൽ ഏറെ വാഴ നട്ടതിൽ ആയിരത്തിൽ താഴെ വാഴകൾ മാത്രമാണു ബാക്കിയുള്ളത്. കുലച്ച വാഴകളാണ് ഒടിഞ്ഞു വീണത്.2 ഏക്കറിലെ വാഴ കാറ്റു പിടിക്കാതിരിക്കാൻ കെട്ടിയിരുന്നു. ബാക്കി ഉള്ളതിൽ പണി നടക്കുന്നതിനിടെയാണു കാറ്റും മഴയും.  വേനലിൽ കുഴൽക്കിണറിൽ നിന്നും കുളത്തിൽ നിന്നും മോട്ടർ ഉപയോഗിച്ചു നനച്ച വാഴകളാണു നശിച്ചത്. ഇൻഷുർ ചെയ്യാൻ കഴിഞ്ഞില്ലെന്നും വലിയ സാമ്പത്തിക ബാധ്യത ആണു വന്നതെന്നും ഇവർ പറഞ്ഞു.

കാപ്പംകൊല്ലിയിലും ചെമ്പോത്തറയിലും നിലംപതിച്ചത് 3,700 വാഴകൾ
മേപ്പാടി ∙ വേനൽ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ കാപ്പംകൊല്ലി, ചെമ്പോത്തറ മേഖലകളിലായി വാഴക്കൃഷി നശിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെ വീശിയടിച്ച കനത്ത കാറ്റിൽ കാപ്പംകൊല്ലി അമ്പ്രല്ല വളവിലെ അയിരൂക്കാരൻ ജോൺസന്റെ 3000 നേന്ത്രവാഴകൾ ഒടിഞ്ഞു വീണു. കുലച്ച വാഴകളാണ് കൂട്ടത്തോടെ നിലംപൊത്തിയത്. പാട്ടത്തിനെടുത്ത നാലേക്കറിൽ കൃഷി ചെയ്ത വാഴകളാണു മൂപ്പെത്താതെ ഒടിഞ്ഞു വീണു നശിച്ചത്. ചെമ്പോത്തറ സ്വദേശി കുഞ്ഞുമുഹമ്മദിന്റെ 700 വാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം.കൃഷി വകുപ്പ് അധികൃതർ നഷ്ടം വിലയിരുത്തി അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

പുൽപള്ളിയിലും മുള്ളൻകൊല്ലിയിലും വരൾച്ചയ്ക്കു പിന്നാലെ മഴക്കെടുതിയും
പുൽപള്ളി ∙ കടുത്ത വരൾച്ച നേരിട്ട മേഖലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത കാറ്റിൽ തെങ്ങ്, കമുക്, റബർ, വിവിധ തരം മരങ്ങൾ എന്നിവ കടപുഴകി. ഏക്കറുകണക്കിനു സ്ഥലത്തെ വാഴകൃഷി നശിച്ചു.  പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായി. മരക്കൊമ്പുകൾ വീണ് ഗ്രാമീണപാതകളിൽ ഗതാഗതം തടസ്സപ്പെട്ടു. വീടുകളുടെ മേൽ മരം വീണും നാശമുണ്ടായി. മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനിഗിരി, ശശിമല, പെരിക്കല്ലൂർ, സുരഭിക്കവല എന്നിവിടങ്ങളിലാണു കൃഷിനാശമുണ്ടായത്. പുൽപള്ളി പഞ്ചായത്തിൽ ആടിക്കൊല്ലി, ചെറ്റപ്പാലം എന്നിവി‍ടങ്ങളിൽ 3,000 വാഴകൾ നശിച്ചു.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ തെങ്ങ്, കമുക്,റബർ എന്നിവ ഒടിഞ്ഞുവീണു. കൃഷി ഉദ്യോഗസ്ഥർ പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.കുലച്ചതും ദിവസങ്ങൾക്കുള്ളിൽ ആദായമെടുക്കാറായതുമായ വാഴയാണ് പലയിടത്തും നിലംപൊത്തിയത്. സ്വന്തമായും പാട്ടത്തിനെടുത്തും കൃഷി ചെയ്തവരും ഇതിൽ പെടും. വരൾച്ചയിലെ കൃഷിനാശം അതേപടി നിൽക്കുന്നു. നഷ്ടപരിഹാരം നൽകാനുള്ള ഒരു നീക്കവുമില്ല. എന്നാൽ കാറ്റിലുണ്ടായ നാശത്തിന് കൃഷിഭവനിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങി. കഴിഞ്ഞ വർഷം വേനൽമഴയിൽ കൃഷിനാശം നേരിട്ടവർക്ക് ഇനിയും സഹായമൊന്നും കിട്ടിയില്ലെന്ന പരാതിയും നിലനിൽക്കുന്നു.

സഹായധനം: അപേക്ഷ നൽകണം
മുള്ളൻകൊല്ലി ∙ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽമഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ച കർഷകർ അക്ഷയ, ഇതര സേവനകേന്ദ്രങ്ങൾ എന്നിവ വഴി ഓൺലൈനായി അപേക്ഷ നൽകണം. വ്യക്തിഗത അപേക്ഷ ലഭിക്കുന്നതിന് അനുസരിച്ച് ഓരോ സ്ഥലത്തെയും നാശനഷ്ടങ്ങൾ പരിശോധിച്ചു തിട്ടപ്പെടുത്തും. സ്ഥലത്തിന്റെ ഫോട്ടോ, പാട്ടച്ചീട്ട്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, നടപ്പുവർഷത്തെ നികുതി രസീത് എന്നിവ സഹിതം പൂർണമായി നശിച്ച വിളകളുടെ എണ്ണം കണക്കാക്കി അപേക്ഷ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

ചെറ്റപ്പാലത്ത് വണ്ടനാനിക്കൽ അനീഷ്, പുത്തൻവീട്ടിൽ രമേശൻ എന്നിവർ കൃഷി ചെയ്ത വാഴകൾ കനത്ത കാറ്റിൽ നിലംപതിച്ച നിലയിൽ.
ചെറ്റപ്പാലത്ത് വണ്ടനാനിക്കൽ അനീഷ്, പുത്തൻവീട്ടിൽ രമേശൻ എന്നിവർ കൃഷി ചെയ്ത വാഴകൾ കനത്ത കാറ്റിൽ നിലംപതിച്ച നിലയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com