ADVERTISEMENT

താമരശ്ശേരി∙ ചുരത്തിൽ കെഎസ്ആർടിസി വോൾവോ ബസ് കേടായതോടെ ശനിയാഴ്ച രാത്രി മുതൽ പിറ്റേന്നു പുലരും വരെ യാത്രക്കാർക്കു നരകയാതന. ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു പോകുന്ന ബസാണ് കേടായി 5 മണിക്കൂറോളം യാത്രക്കാരെ പെരുവഴിയിലാക്കിയത്. ഡീസൽ തീർന്നതാണു പ്രശ്ന കാരണമെന്നു പറഞ്ഞ് ഒരു വിഭാഗം യാത്രക്കാർ ക്ഷുഭിതരായെങ്കിലും പൊലീസുകാർ ഇടപെട്ട് രംഗം ശാന്തമാക്കി. 

എന്നാൽ, ബസ് കേടായത് ഇലക്ട്രിക്കൽ തകരാർ മൂലമാണെന്ന് കേട് പാട് പരിഹരിക്കാൻ എത്തിയ മെക്കാനിക്കൽ ജീവനക്കാർ പറഞ്ഞു. ഇന്നലെ രാത്രി 10.30ന് ആണ് ബസ് കേടായി ആറാം വളവിൽ കുടുങ്ങിയത്. താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു മെക്കാനിക്കൽ ജീവനക്കാർ അടിവാരത്ത് എത്തിയപ്പോഴേക്കും ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയായി. 

ഇതോടെ മുന്നോട്ട് പോകാനാകാതെ വിഷമിച്ച ഇവരെ പൊലീസ് എത്തിയാണ് സ്ഥലത്ത് എത്തിച്ചത്. 11.45ന് ഇവർ എത്തി ഏറെ ശ്രമകരമായി ബസ് റോഡരികിലേക്കു മാറ്റി വൺവേ ആയി വാഹനങ്ങൾക്കു കടന്നു പോകുന്നതിനുള്ള സൗകര്യം ഒരുക്കി.  തുടർന്നു ജീവനക്കാർ ഏറെ നേരം പരിശോധന നടത്തിയ ശേഷമാണു തകരാൻ തിരിച്ചറിഞ്ഞത്. വോൾവോ ബസുമായി ബന്ധപ്പെട്ട മെക്കാനിക്കൽ ജീവനക്കാർ  ഇവിടെയുള്ള ഡിപ്പോകളിൽ ഇല്ലാത്തതും പ്രശ്നം സങ്കീർണമാക്കി.  

വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കു രോഗിയുമായി വന്ന ആംബുലൻസിനു കടന്നു പോകാനാവാതെ വന്നതോടെ ഹൈവേ പൊലീസ് രോഗിയെ പൊലീസ് വാഹനത്തിൽ അടിവാരത്ത് എത്തിച്ച് മറ്റൊരു ആംബുലൻസിൽ കയറ്റി വിടുകയായിരുന്നു. കോഴിക്കോട്ടേക്കു കൊണ്ടുവരികയായിരുന്ന മറ്റൊരു രോഗിയെ ചുരത്തിലെ ഗതാഗത കുരുക്ക് മൂലം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ 4.30ന് ആണ് ചുരത്തിൽ ഗതാഗതം സുഗമമായത്. ഹൈവേ പൊലീസും സന്നദ്ധ പ്രവർത്തകരും ഏറെ സാഹസപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ഇന്നലെ വൈകിട്ട് 9ാം വളവിനു താഴെ മറ്റൊരു കെഎസ്ആർടിസി ബസ് തകരാറായി ഏറെ നേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com