ADVERTISEMENT

കൽപറ്റ ∙ ഫാത്തിമ ആശുപത്രി–മൈതാനി പള്ളി റോഡിലെ പാലം നവീകരണം  ഒച്ചിഴയും മട്ടിൽ. പാലം നവീകരണത്തിനായി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ട് ഒരുവർഷവും 3 മാസവുമായി. 2023 ഫെബ്രുവരിയിൽ ഇതുവഴിയുള്ള ഗതാഗതം നഗരസഭ നിരോധിച്ചിരുന്നു. എന്നാൽ, തുടർനടപടികൾ മുടങ്ങി. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ഓഗസ്റ്റിൽ നവീകരണ പ്രവൃത്തി തുടങ്ങി.  സെപ്റ്റംബർ 29ന് അന്നത്തെ നഗരസഭാ അധ്യക്ഷനായിരുന്ന കേയംതൊടി മുജീബാണു പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 4 മാസം കൊണ്ടു നവീകരണം പൂർത്തിയാക്കി റോഡ് തുറന്നു കൊടുക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. എന്നാൽ, പ്രഖ്യാപനം നടന്നില്ലെന്ന് മാത്രമല്ല ഒട്ടേറെത്തവണ പ്രവൃത്തി മുടങ്ങുകയും ചെയ്തു. 

പിണങ്ങോട് റോഡിൽ നിന്ന് എളുപ്പത്തിൽ ടൗണിലേക്കു എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. പിണങ്ങോട് ഭാഗത്തു നിന്നു വരുന്നവർക്കു ടൗണിൽ പ്രവേശിക്കാതെ എസ്പി ഓഫിസ് ഭാഗത്തേക്കും ബത്തേരി, മാനന്തവാടി ഭാഗങ്ങളിൽ നിന്നു വരുന്നവർക്കു ടൗണിൽ പ്രവേശിക്കാതെ എളുപ്പത്തിൽ പിണങ്ങോട് റോഡിലേക്കും എത്തിച്ചേരാൻ കഴിയുമെന്നതിനാൽ ദിവസേന നൂറൂകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോയിക്കൊണ്ടിരുന്നത്. റോഡ് അടച്ചതോടെ നാട്ടുകാർക്കും യാത്രക്കാർക്കും വട്ടംചുറ്റി വേണം നഗരത്തിലേക്ക് പ്രവേശിക്കാൻ. പതിവായി ഇതുവഴി കടന്നുപോയിരുന്ന വാഹനങ്ങൾ കൂടി എത്താൻ തുടങ്ങിയതോടെ ചുങ്കം–പിണങ്ങോട് റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇവിടെ നിന്നുള്ള ഗതാഗതക്കുരുക്ക് നഗരത്തിലെ പ്രധാന റോഡിലേക്കും വ്യാപിക്കുന്നുണ്ട്. റോഡ് അടച്ചത് കാരണം റോഡരികിലെ വീടുകളിലുള്ളവർക്കു സ്വന്തം വാഹനങ്ങൾ വീട്ടിലേക്ക് എത്തിക്കാനും കഴിയുന്നില്ല. 

പാലത്തിനു ബലക്ഷയമുണ്ടായതിനെ തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കാണിച്ച് നഗരസഭാ അധികൃതർ ബോർഡ് സ്ഥാപിച്ചത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞതോടെ, മുന്നറിയിപ്പ് അവഗണിച്ച് അപകടാവസ്ഥയിലുള്ള പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങി. ഇതോടെ പാലം കൂടുതൽ അപകട ഭീഷണിയിലായി. തുടർന്ന് നഗരസഭാ അധികൃതർ പാലത്തിനു സമീപത്തായി മണ്ണും പാറക്കഷണങ്ങളും കൊണ്ടിട്ട് വീണ്ടും ഗതാഗതം പൂർണമായി തടയുകയായിരുന്നു. മഴ ശക്തമാകുന്നതിനു മുൻപു നവീകരണം പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. 

ചെലവ്  ഒരു കോടി
ഒരുകോടി രൂപ ചെലവിലാണു പാലം നവീകരിക്കുന്നത്. നിലവിൽ 4 മീറ്റർ വീതിയുള്ള പാലം അഞ്ചര മീറ്റർ വീതിയിലും 12 മീറ്റർ നീളത്തിലുമാണു പാലം നവീകരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com