ADVERTISEMENT

കൽപറ്റ ∙ കേരളം, തമിഴ്‌നാട്‌, കർണാടക, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന ആന സർവേയുടെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലും കണക്കെടുപ്പ് തുടങ്ങി. കനത്തു പെയ്ത മഴയിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്തായിരുന്നു ആദ്യ ദിന സർവേ.  വനഭാഗങ്ങളെ ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിലും എത്ര കാട്ടാനകളുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്തലായിരുന്നു ദൗത്യം. ലോക്കോസ് ആപ് ഉപയോഗിച്ചാണ് ബ്ലോക്കുകളുടെ റൂട്ടും അതിർത്തിയും നിർണയിക്കുക. മഴ ശക്തമായിപ്പെയ്ത ദിവസത്തെ കണക്കെടുപ്പ് എത്രത്തോളം ശാസ്ത്രീയമാകുമെന്നു സംശയമുണ്ടെന്നു വനപാലകർ പറഞ്ഞു.

വയനാട് വന്യജീവി സങ്കേതത്തിനു പുറമെ സൗത്ത്‌ വയനാട്‌, നോർത്ത്‌ വയനാട്‌ എന്നീ വനം ഡിവിഷനുകളിലെയും വനഭാഗങ്ങളെ 57 ബ്ലോക്കുകളായി തിരിച്ചായിരുന്നു ഇന്നലത്തെ സർവേ. ഓരോ ബ്ലോക്കുകളിലും വനംവകുപ്പുദ്യോഗസ്ഥർ, വാച്ചർമാർ എന്നിവരടങ്ങിയ 5 പേരുടെ ഓരോ സംഘം ഓരോ ബ്ലോക്കുകളിലും കണക്കെടുപ്പ് നടത്തി. രാവിലെ 7ന് തുടങ്ങിയ സർവേ തുടർച്ചയായി പെയ്ത് മഴയെ വകവയ്ക്കാതെ 5 വരെ നീണ്ടു.ഇന്ന് ആനപ്പിണ്ടങ്ങൾ കണ്ടു വിലയിരുത്തിയുള്ള കണക്കെടുപ്പാണു നടക്കുക. ആനപ്പിണ്ടങ്ങളുടെ പഴക്കവും എണ്ണവും മറ്റു ഘടകങ്ങളും കണ്ടെത്തി എത്ര ആനകൾ ഓരോ പ്രദേശത്തുമുണ്ടെന്നുള്ള വിലയിരുത്തലാണിത്. ആനകളുടെ ലിംഗാടിസ്ഥാനത്തിലും കണക്കെടുപ്പുണ്ടാകും.

വനഭാഗത്തെ കുളങ്ങളും മറ്റു ജലസ്രോതസ്സുകളും കേന്ദ്രീകരിച്ചാണ് അവസാനദിന സർവേ നടത്തുക. ജലാശയങ്ങളോട് ചേർന്ന് എത്ര കാട്ടാനകൾ ഉണ്ടെന്ന് തിട്ടപ്പെടുത്തിയാകും കണക്കെടുപ്പ്. കാൽപാടുകളും പരിശോധിക്കും. ലഭ്യമാകുന്ന വിവരങ്ങൾ തത്സമയം ലോകോസ് ആപ്പിൽ രേഖപ്പെടുത്തും. കൊമ്പൻ, പിടി, മോഴ, ഒറ്റയാൻ, ആനക്കൂട്ടം, കുട്ടികൾ, വയസ്സായ ആനകൾ എന്നിവയുടെ വിവരമടക്കം രേഖപ്പെടുത്തും. ഇതിനു ശേഷം 4 സംസ്ഥാനങ്ങളിലെയും ലഭ്യമായ വിവരങ്ങൾ‍ പരിശോധിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കും. തീറ്റയും വെള്ളവും തേടി മറ്റു സംസ്ഥാനങ്ങളിലേക്കു പലായനം ചെയ്ത ആനകളുടെ കണക്കെടുപ്പ് കൃത്യമാക്കുകയെന്നതാണു സർവേയുടെ ലക്ഷ്യങ്ങളിലൊന്ന്. നാളെയും സർവേ തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com