ADVERTISEMENT

50 രൂപയുടെ സാധനം വിദേശികളാണെങ്കില്‍ 500 രൂപയ്ക്കു കച്ചവടമാക്കുന്നതാണു നമ്മുടെ ശീലം. എന്നാല്‍ വിദേശിയാണെങ്കിലും സ്വദേശിയാണെങ്കിലും ചെയ്യുന്ന പണിയുടെ മാത്രം കാശു വാങ്ങുന്ന ചിലരും അപൂര്‍വമായി ഉണ്ട്. അത്തരക്കാരുടെ സത്യസന്ധതയ്ക്ക് അര്‍ഹിക്കുന്ന പാരിതോഷികം ചിലപ്പോഴൊക്കെ അവരെ തേടിയെത്തിയേക്കാം. അഹമ്മദാബാദിലെ വഴിയോരത്തു കസേരയിട്ടു മുടിവെട്ടിക്കൊടുക്കുന്ന ബാര്‍ബറെ തേടി കഴിഞ്ഞ ദിവസം അത്തരമൊരു സമ്മാനമെത്തി. വെറും 20 രൂപയുടെ മുടിവെട്ടിന് ഈ ബാര്‍ബര്‍ക്ക് ലഭിച്ചതു 28,000 രൂപ. 

നോര്‍വേയില്‍ നിന്നുള്ള ട്രാവല്‍ വിഡിയോ യൂടൂബറായ ഹാരോള്‍ഡ് ബാല്‍ഡറാണു കഴിഞ്ഞ ദിവസം വഴിയരികില്‍ മുടിവെട്ടാനെത്തിയത്. ട്രാവല്‍ വിഡിയോയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ക്യാമറയില്‍ സ്വയം പകര്‍ത്തിക്കൊണ്ടായിരുന്നു വരവ്. തെരുവിന്റെ ഓരത്തായി ഒരു കസേരയും കണ്ണാടിയും മുടിവെട്ട് ഉപകരണങ്ങളും. ഇത്രയും മാത്രമായിരുന്നു കട. എന്നാലും ഹാരോള്‍ഡിനെ ബാര്‍ബര്‍ സ്വാഗതം ചെയ്തതു പുഞ്ചിരിയുടെ ധാരാളിത്തത്തോടെ. 

മുടിവെട്ടു പുരോഗമിച്ചപ്പോള്‍ ബാര്‍ബറുടെ വെട്ടിന്റെ മികവിനെ ഹാരോള്‍ഡ് അഭിനന്ദിച്ചു. വെട്ടു കഴിഞ്ഞപ്പോള്‍ ബാര്‍ബര്‍ ഹാരോള്‍ഡിനൊപ്പം ഒരു സെല്‍ഫിയും എടുത്തു. പോകാന്‍ നേരം എത്ര രൂപയായെന്നു ഹാരോള്‍ഡ് ബാര്‍ബറോട് ചോദിച്ചു. 20 രൂപയെന്ന മറുപടി കേട്ടപ്പോള്‍ ഹാരോള്‍ഡിന് അതിശയമായി. 20 രൂപ കൊടുത്ത ശേഷം  അടുത്തു കണ്ട ഇംഗ്ലീഷ് അറിയാവുന്ന ഒരാളെ കൊണ്ടു ബാര്‍ബറുടെ വീട്ടുവിശേഷങ്ങളൊക്കെ ഹാരോള്‍ഡ് ചോദിച്ചറിഞ്ഞു. ബാര്‍ബര്‍ പത്തു വര്‍ഷമായി അവിടെ ജോലി ചെയ്യുകയാണെന്നും രണ്ട് മക്കളുണ്ടെന്നുമൊക്കെ മനസ്സിലാക്കി. 

ലോകമെങ്ങും നടന്നു വിഡിയോകള്‍ ഷൂട്ട് ചെയ്ത് യൂടൂബില്‍ ഇടുന്നയാളാണ് ഹാരോള്‍ഡ്. തന്റെ യാത്രയ്ക്കിടയില്‍ പല തരത്തിലുള്ള മനുഷ്യരെ കണ്ടിട്ടുണ്ട്. വിദേശിയാണെന്നു കണ്ടു കഴിഞ്ഞാല്‍ സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും ലോകത്തെങ്ങുമില്ലാത്ത വില ഈടാക്കുന്നവര്‍ വരെ ഇക്കൂട്ടത്തില്‍ പെടും. അതിനിടയ്ക്ക് ഇത്രയും സത്യസന്ധനായ ഒരു സാധാരണക്കാരനെ കണ്ടപ്പോള്‍ ഹാരോള്‍ഡിനു പെരുത്ത് സന്തോഷം. പോകാന്‍ നേരം ഒരു കെട്ടു നോട്ടും കയ്യില്‍ വച്ചു കൊടുത്തു. നോക്കിയപ്പോള്‍ 400 ഡോളര്‍. 

ഈ പണം പുതിയ ഉപകരണങ്ങള്‍ വാങ്ങാനും കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുമുള്ള തന്റെ സംഭാവനയാണെന്നു പരിഭാഷകന്‍ വഴി ഹാരോള്‍ഡ് ബാര്‍ബറോട് പറഞ്ഞു. ബാര്‍ബറോടൊപ്പം ഒരു ചായയും കുടിച്ചിട്ടാണു ഹാരോള്‍ഡ് സ്ഥലം വിട്ടത്. തന്റെ യാത്രയ്ക്കിടയില്‍ ഇത്തരത്തില്‍ കണ്ടു മുട്ടുന്ന വ്യക്തികള്‍ക്കും സംരംഭകര്‍ക്കും പണം നല്‍കാനാണു ഹാരോള്‍ഡിന്റെ തീരുമാനം. യൂടൂബ് ചാനല്‍ വഴി ലഭിക്കുന്ന വരുമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com