sections
MORE

വിധി ഇരുകാലുകളും തട്ടിയെടുത്തു; തളരാതെ ഇവൾ നീന്തിയെടുത്തത് ഒളിംപിക്സ് മെഡൽ

Qian-Hongyan
SHARE

ആകാശത്തു പാറി നടക്കുമ്പോൾ ചിറകുകൾ അറ്റുപോയ ചിത്രശലഭത്തെപ്പോലെയാണു ചാൻ ഹോങ്‍യാൻ എന്ന ചൈനീസ് പെൺകുട്ടിയുടെ ബാല്യം. ഒരു വാഹനാപകടം അവളുടെ ഇരുകാലുകളും തട്ടിയെടുത്തു. വർഷങ്ങൾക്കു ശേഷം 2014–ൽ യുവാൻ പ്രൊവിൻഷ്യൽ പാരാലിംപിക്സ് ഗെയിംസിൽ 100 മീറ്റർ ബ്രസ്റ്റ്സ് ട്രോക്കിൽ നീന്തൽ പട്ടം കാലുകളില്ലാത്ത ഈ പെൺകുട്ടി തലയിലേറ്റിയപ്പോൾ അവളുടെ ജീവിതകഥ അത്ഭുതത്തോടെ ലോകം അറിഞ്ഞു. ഇന്നു ചാൻ അറിയപ്പെടുന്നതു ചൈനയിലെ അംഗപരിമിതരുടെ മുഖം എന്നാണ്.

അവളുടെ ജീവിതം മാറിമറിഞ്ഞതു 2000 ലെ ഒരു സായാഹ്നത്തിലാണ്. ചൈനയിലെ മലനിരകൾ നിറഞ്ഞ തെക്കു പടിഞ്ഞാറൻ മേഖലയായ യുനാൻ. 4 വയസ്സുകാരിയായ കൊച്ചു ചാൻ റോഡ് കുറുകെ കടക്കവെ വളവു തിരിഞ്ഞു വന്ന ഒരു ട്രക്ക് അവളെ ഇടിച്ചു വീഴ്ത്തി. ആ കൊച്ചു ശരീരത്തിനു മുകളിലൂടെ ആ വാഹനം നിർത്താതെ പാഞ്ഞുപോയി. ഓടിക്കൂടിയ നാട്ടുകാരാണ് അവളെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞു മാതാപിതാക്കളും ബന്ധുക്കളും ആശുപത്രിയിലെത്തി. ഡോക്ടർമാരുടെ തീവ്രശ്രമം കൊണ്ടാണു ജീവൻ തിരിച്ചു കിട്ടിയത്. പക്ഷേ, പൂർണമായും തകർന്ന ഇരു കാലുകളും അരയ്ക്കു താഴേക്കു മുറിച്ചു മാറ്റേണ്ടി വന്നു. 

Qian_Hongyan1

കൃത്രിമ കാൽ വച്ചു പിടിപ്പിക്കാനോ വീൽചെയർ വാങ്ങാനോ മാതാപിതാക്കളുടെ സാമ്പത്തിക ശേഷി അനുവദിച്ചില്ല. വീട്ടിൽ തന്റെ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ അവൾ ഒതുങ്ങിക്കൂടി. 7 വയസ്സായപ്പോൾ വീടിനു പുറത്തേക്കു ചാൻ നിരങ്ങിയിറങ്ങി. കൈകൾ നിലത്തു കുത്തി ഇഴഞ്ഞു നീങ്ങുമ്പോൾ ശരീരം നിലത്തുരഞ്ഞു കീറി വേദനിക്കാൻ തുടങ്ങി. ചോര പൊടിയുന്ന അരക്കെട്ടുമായി മുറ്റത്തു നിന്നു കയറി വരുന്ന മകൾ മാതാപിതാക്കൾക്ക് എന്നും ഒരു വേദനയായിരുന്നു. പക്ഷേ, എത്ര വേദനിച്ചാലും കരയാതിരിക്കാൻ അവൾ ശ്രമിച്ചു. 

ശരീരം നിലത്തുരഞ്ഞു മുറിപ്പെടുന്നതിനു പരിഹാരം കണ്ടതു ചാനിന്റെ മുത്തച്ഛനാണ്. അദ്ദേഹം ഒരു പഴയ ബാസ്കറ്റ് ബോൾ മുറിച്ചു അതിനകത്തു ചാനിന്റെ ശരീരം തിരുകിക്കയറ്റി. നിലത്തു കുത്തി സഞ്ചരിക്കാൻ പാകത്തിൽ 2 കൈപ്പിടികൾ ക്കൂടി നിർമിച്ചു നൽകി. 

Qian_hongyan_swimming

ഒരു ഫോട്ടോയാണ് അവളുടെ ജീവിതത്തിന്റെ വിധി മാറ്റിയെഴുതിയത്. തെരുവിലൂടെ ബാസ്കറ്റ് ബോളിനകത്തിരുന്നു സഞ്ചരിക്കുന്ന ചാനിന്റെ ചിത്രവും വാർത്തയും ‘ബാസ്കറ്റ് ബോൾ ഗേൾ’ എന്ന തലക്കെട്ടിൽ ഒരു പത്രത്തിൽ വന്നു. വാർത്ത ചർച്ചയായതോടെ ചൈനയിലെ പൊതുജന സുരക്ഷാ മന്ത്രാലയത്തിന്റെ സഹായത്തോടെ ബെയ്ജിങ്ങിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ സെന്റർ അവൾക്കു കൃത്രിമക്കാലുകൾ നൽകി. അതവളെ വിധിക്കെതിരെ നിവർന്നു നിൽക്കാൻ പ്രാപ്തയാക്കി. 

കുട്ടിക്കാലം മുതൽ അവളുടെ പ്രിയപ്പെട്ട വിനോദമായിരുന്നു നീന്തൽ. ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള ഒരു സ്വിമ്മിങ് ക്ലബ്ബിൽ അവൾ അംഗമായി. പക്ഷേ, അരയ്ക്കു താഴേക്കു പൂർണമായും നഷ്ടപ്പെട്ടിരുന്നതിനാൽ നീന്തൽ ആദ്യമൊക്കെ ബാലികേറാമലയായിരുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിയുന്നില്ല. വെള്ളം കുടിച്ചും ശ്വാസം മുട്ടിയും അവൾ വലഞ്ഞു. പക്ഷേ നീന്തൽ പഠിക്കണം എന്ന ആഗ്രഹത്തെ തടയാൻ ഇതൊന്നും ഒരു കാരണമായില്ല. ദിവസവും 4 മണിക്കൂർ ചാൻ നീന്തൽ പരിശീലിച്ചു. പതുക്കെ, പരിശ്രമത്തിനു ഫലം കണ്ടു.  ആദ്യം വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പഠിച്ചു. തുടർന്നു നീന്താൻ തുടങ്ങി. പതിനായിരം മീറ്റർ വരെ ഒരു ദിവസം നീന്തുന്ന തരത്തിലേക്ക് അവൾ വളർന്നു. തുടർ ന്നാണു മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. 

2009 ൽ ചൈനീസ് പാരാലിംപിക്സ് നീന്തൽ മത്സരത്തിൽ ചാംപ്യനായതോടെ അവളുടെ ആത്മവിശ്വാസം വർധിച്ചു. 2014 ൽ യുവാൻ പ്രൊവിൻഷ്യൽ പാരാലിംപിക്സ് ഗെയിംസിൽ 100 മീറ്റർ ബ്രസ്റ്റ്സ് ട്രോക്കിൽ സ്വർണ മെഡൽ നേടിയതോടെ ചാൻ പ്രശസ്തിയിലേക്കുയർന്നു. 2016 ലെ റിയോ പാരാലിംപി ക്സിലും ജേതാവായി. ഇപ്പോൾ ചൈനയിൽ ഏറ്റവും കൂടു തൽ ആരാധകരുള്ള കായിക താരങ്ങളിൽ ഒരാളാണു ചാന്‍ ഹോങ്‍യാൻ. ഓളപ്പരപ്പുകളിൽ അവൾ പുതിയ ഇതിഹാസങ്ങൾ രചിച്ചുകൊണ്ടിരിക്കുകയാണ്.    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA