sections
MORE

'ആ കഴിവില്ലാത്തതുകൊണ്ടാണ് സിവിൽ സർവീസ് എഴുതിയത്, പക്ഷേ ഫലം ഞെട്ടിച്ചു'...

archana
SHARE

പി.പി.അർച്ചന (റാങ്ക് 334). കണ്ണൂർ എൻജിനീയറിങ് കോളജിൽ നിന്നു പഠനം പൂർത്തിയാക്കി. വൈദ്യുതി ബോർഡിൽ താൽക്കാലികമായി ജോലി ചെയ്യുന്നു

വിജയരഹസ്യം?

ഇതെന്റെ രണ്ടാമത്തെ അവസരമാണ്. ആദ്യ പ്രാവശ്യം പ്രിലിമിനറി വിജയിച്ചെങ്കിലും മെയിൻ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. സോഷ്യോളജിയായിരുന്നു എന്റെ വിഷയം. വൈദ്യുതി ബോർഡിൽ സബ് സ്റ്റേഷൻ ഓപ്പറേറ്ററായി ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഷിഫ്റ്റ് ഡ്യൂട്ടിയായതിനാൽ 8 മണിക്കൂർ ജോലിയെടുത്താൽ മതി. 

ബാക്കി സമയം പഠനത്തിന് ഉപയോഗിച്ചു. ഇത്ര മണിക്കൂർ പഠിക്കുക എന്ന കണക്കൊന്നുമില്ല. ഏതെങ്കിലും ഒരു ഭാഗം ഒരു ദിവസം പഠിക്കാൻ നിശ്ചയിക്കും. അതു തീരുന്നതുവരെ പഠിക്കും. അതാണു രഹസ്യം. 

ഭയങ്കര ബുദ്ധിമതിയാണോ?
അയ്യോ അല്ല. സത്യം പറഞ്ഞാൽ ഞാൻ ഏറ്റവും നല്ല ജോലിയായി കാണുന്നത് അധ്യാപനമാണ്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. പക്ഷേ അവരെപ്പോലെ കാര്യങ്ങൾ നന്നായി പറഞ്ഞു കൊടുക്കാനുള്ള കഴിവ് എനിക്കില്ല എന്നു തോന്നിയതു കൊണ്ടു മാത്രമാണു സിവിൽ സർവീസ് പരീക്ഷ എഴുതാം എന്നു കരുതിയത്.

 പ്രത്യക്ഷത്തിൽ തന്നെ സംതൃപ്തി ലഭിക്കുന്ന കരിയർ ആയിട്ടാണു ഞാൻ അധ്യാപനത്തെയും സിവിൽ സർവീസിനെയും കാണുന്നത്. 

നമ്മുടെ ആത്മാർഥതയും അധ്വാനവുമാണ് വിജയത്തിലേക്കുള്ള പ്രധാന വഴി. നമ്മുടെ ബുദ്ധിശക്തിയൊന്നും വലിയ കാര്യമല്ല. 

സ്വാധീനിച്ച ഐഎഎസ് ഓഫിസർ?
ടി.വി.അനുപമ, ഡോ.വാസുകി, ഹരികിഷോർ

ടെൻഷൻ ഒഴിവാക്കാനുള്ള സൂത്രം?
ഭക്ഷണം വലിയ ഇഷ്ടമാണ്. ടെൻഷൻ വരുമ്പോൾ ഭക്ഷണം കഴിക്കുന്നതാണു ശീലം. ബിരിയാണിയാണ് ഏറ്റവും പ്രിയപ്പെട്ട വിഭവം. പരീക്ഷയുടെ ഫലം വരുന്നതിന്റെ തലേദിവസം സമ്മർദം താങ്ങാൻ കഴിയുന്നില്ല. ഫ്രണ്ട്സിനെ എല്ലാം വിളിച്ച് ഹോട്ടലിൽ പോയി വയറുനിറയെ ഭക്ഷണം കഴിച്ച് സുഖമായി കിടന്നുറങ്ങി. ടെൻഷൻ അടിച്ചതു കൊണ്ടു വേറെന്താ കാര്യം?

ഭാവി പരിപാടി എന്താണ്?
സത്യം പറഞ്ഞാൽ പരീക്ഷാ വിജയമറിഞ്ഞപ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ ആശ്വാസമാണ് തോന്നിയത്. സിവിൽ സർവീസ് പരീക്ഷ വിജയം ഒരു കണക്കിനു നമ്മുടെ ഭാഗ്യത്തെ കൂടി ആശ്രയിച്ചാണ്. ഐഎഎസ് ഓഫിസർ ആകണമെന്നാണ് ആഗ്രഹം. പക്ഷേ റാങ്ക് വച്ചു നോക്കുമ്പോൾ കിട്ടുമോ എന്ന് ഉറപ്പില്ല. എങ്കിലും ഇപ്പോൾ കിട്ടിയ ഓപ്ഷൻ സ്വീകരിച്ചു മുന്നോട്ടു പോകും. ഈ വർഷവും സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് നിലപാട്?
എല്ലാവരും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണം എന്നു തന്നെയാണു നിലപാട്. വികസനം തന്നെയാണ് എന്റെ അജൻഡ. പുതിയ തലമുറ മിക്കവരും അതു തന്നെയാണു പരിഗണിക്കുന്നത് എന്നാണു തോന്നിയിട്ടുള്ളത്. 

കുടുംബം?
പരേതനായ കെ.ഇ. ജീവരാജിന്റെയും പിലാത്തറ യുപി സ്കൂൾ അധ്യാപിക പി.പി.ഗീതയുടെയും മകളാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA