ADVERTISEMENT

ദന്തേവാഡ എന്നു കേട്ടാല്‍ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുന്നത് മാവോയിസ്റ്റ് ആക്രമണങ്ങളും ഭീതിയുമൊക്കെയാണ്. എന്നാല്‍ രാജ്യത്തിനു മുന്നില്‍ തന്റെ നാടിന്റെ ഈ പേരുദോഷം മാറ്റാനായി ഇവിടെ നിന്നുള്ള ഒരു മിടുക്കി ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞു. ദന്തേവാഡ ജില്ലയിലെ ഗീദം പട്ടണത്തിലെ നമൃത ജയിന്‍ തലക്കെട്ടുകള്‍ കയ്യടിക്കിയത് സിവില്‍ സര്‍വീസു പരീക്ഷയ്ക്കു 12-ാം റാങ്കു നേടിയാണ്. 

ഇതാദ്യമായല്ല നമൃത സിവില്‍ സര്‍വീസ് പരീക്ഷയുടെ കൊടുമുടി കീഴടക്കുന്നത്.  2016ലെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് 99-ാം റാങ്ക് നേടിയ നമൃത ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനം നടത്തവേയാണു നമൃതയെ തേടി സിവില്‍ സര്‍വീസ് വിജയത്തിന്റെ വാര്‍ത്ത വീണ്ടുമെത്തിയിരിക്കുന്നത്. 

ഒരു കലക്ടറായി തന്റെ നാടിന്റെ മുഖച്ഛായ മാറ്റുകയാണു നമൃതയുടെ ലക്ഷ്യം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ സന്ദര്‍ശിച്ച ജില്ലാ കലക്ടറാണ് ഐഎഎസ് നേടാനുള്ള നമൃതയുടെ ആദ്യ പ്രചോദനം. ദന്തേവാഡയില്‍ സ്ഥിരം അരങ്ങേറുന്ന മാവോയിസ്റ്റ് ആക്രമങ്ങളും പോലീസു വേട്ടയും കണ്ടു വളര്‍ന്ന നമൃത ഇതിനെല്ലാം ഒരു മാറ്റം വരുത്തണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഐഎഎസിലേക്ക് എത്തുന്നത്. 

പ്രദേശത്തു വികസനമെത്തിച്ചാല്‍ മാവോയിസത്തിനു തടയിടാന്‍ സാധിക്കുമെന്നാണു നമൃതയുടെ പക്ഷം. ജനങ്ങള്‍ക്കു വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ഈയവസ്ഥയ്ക്കു മാറ്റമുണ്ടാകണമെന്നും നമൃത ആഗ്രഹിക്കുന്നു. 

പത്താം ക്ലാസു വരെ ദന്തേവാഡയില്‍ പഠിച്ച നമൃത ഭിലായിയില്‍ നിന്നാണു ബിടെക് പഠനം പൂര്‍ത്തിയാക്കിയത്. പിതാവ് ബിസിനസ്സുകാരനും മാതാവു വീട്ടമ്മയുമാണ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആകണമെന്നാണ് ഇളയ സഹോദരന്റെ ആഗ്രഹം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com